അമേരിക്കയുമായി ഉരുത്തിരിഞ്ഞ് വരുന്ന വ്യാപാര പ്രതിസന്ധികളെ നേരിടുന്നതിനു പ്രൊവിൻസുകൾ തമ്മിലുള്ള വ്യാപാര തടസ്സങ്ങൾ ലഘൂകരിക്കണമെന്ന് കാനഡയിലെ പ്രൊവിൻഷ്യൽ പ്രീമിയർമാരും ഫെഡറൽ ഉദ്യോഗസ്ഥരും ചേർന്ന യോഗത്തിൽ
ആവശ്യമുയർന്നു. ഇത്തരം നടപടികൾ കാനഡയുടെ സമ്പദ് വ്യവസ്ഥക്ക് ബില്യൺ കണക്കിന് ഡോളറിന്റെ അധിക വരുമാനമുണ്ടാക്കുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും പ്രീമിയർമാരും തമ്മിൽ ബുധനാഴ്ച നടന്ന വെർച്വൽ മീറ്റിങ്ങിന് ശേഷം ഈ നിർദ്ദേശത്തിന് ആക്കം കൂടി. “ആഭ്യന്തര വ്യാപാരം സുഗമമാക്കാൻ കൂടുതൽ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്” എന്നതിൽ ഏകാഭിപ്രായമുണ്ടായതായി മീറ്റിങ്ങിന് ശേഷം നടത്തിയ പ്രസ്താവനയിൽ ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.
അമേരിക്കയുമായി ആസന്നമായ ഒരു വ്യാപാരയുദ്ധത്തിന് രാജ്യം തയ്യാറെടുക്കുമ്പോൾ കനേഡിയൻ ഉൽപ്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കാൻ ട്രൂഡോയും പ്രീമിയർമാരും രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രോവിൻസുകൾ തമ്മിലുള്ള വ്യാപാര തടസങ്ങൾ ലഘൂകരിക്കുന്നത് വഴി “15 ശതമാനം വരെ വില കുറയ്ക്കാനും, ഉൽപ്പാദനക്ഷമത 7 ശതമാനം വരെ ഉയർത്താനും, ദേശീയ സാമ്പത്തിക വ്യവസ്ഥയ്ക്ക് 200 ബില്ല്യൺ ഡോളർ വരെ അധിക വരുമാനം നേടാനും കഴിയുമെന്ന്” സിബിസി ന്യൂസുമായി നടത്തിയ ചർച്ചയിൽ, ആഭ്യന്തര വ്യാപാര മന്ത്രി അനിത ആനന്ദ് ചൂണ്ടിക്കാട്ടി.
പ്രൊവിൻഷ്യൽ വ്യാപാര തടസ്സങ്ങൾ എന്തൊക്കെയാണ്?
ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) 2019 ലെ റിപ്പോർട്ട് കാനഡയിലെ നാല് തരം വ്യാപാര തടസ്സങ്ങൾ ചൂണ്ടിക്കാണിക്കുന്നു:
1. സ്വാഭാവികമായ തടസ്സങ്ങൾ: ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ടുകൾ പോലുള്ളവ.
2. നിരോധനാത്മക തടസ്സങ്ങൾ: മദ്യ വിൽപ്പനയിലെ നിയന്ത്രണങ്ങൾ പോലുള്ളവ.
3. സാങ്കേതിക തടസ്സങ്ങൾ: വാഹന ഭാര മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ളവ.
4. റെഗുലേറ്ററി തടസ്സങ്ങൾ: ലൈസൻസിംഗ്, ഡോക്യുമെന്റേഷൻ ആവശ്യകതകൾ പോലുള്ളവ.
കാനഡയിലെ ഭൂരിഭാഗം ആളുകൾക്കും ഇത്തരം തടസങ്ങൾ പ്രൊവിൻസുകൾക്കിടയിൽ
നിലനിൽക്കുന്നതായി അറിവില്ലെന്ന് മുൻ ഫെഡറൽ കാബിനറ്റ് മന്ത്രിയും കാനഡിയൻ ചേംബർ ഓഫ് കൊമേഴ്സിന്റെ നിലവിലെ തലവനുമായ പെറിൻ ബീറ്റി അഭിപ്രായപ്പെട്ടു.
കാനഡയിൽ പ്രൊവിൻസ് മാറി ജോലി തേടുന്നതിന് പല തരം നിയന്ത്രണങ്ങൾ നിലവിലുണ്ട്. ഇത്തരം തടസങ്ങൾ തൊഴിൽ സാധ്യതകളെയും വ്യാപാരസാധ്യതകളെയും പരിമിതപ്പെടുത്തുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.