ഈ വരുന്ന ജനുവരി 29-ന് ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കിടെ അമേരിക്കയിലെ ഭരണമാറ്റവും കാനഡയിലെ തൊഴിൽ നിരക്കിലുണ്ടായ നേരിയ വളർച്ചയും ബുധനാഴ്ചത്തെ പലിശ നിരക്ക് സംബന്ധിച്ച തീരുമാനത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് വിപണിയും സാമ്പത്തിക വിദഗ്ദരും ഉറ്റു നോക്കുന്നത്.
ബാങ്ക് ഓഫ് കാനഡ അതിൻ്റെ വരാനിരിക്കുന്ന മീറ്റിംഗിൽ പലിശനിരക്ക് കാൽ പോയിൻ്റ് കുറയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നിരുന്നാലും, നിലവിലുള്ള പലിശ നിരക്ക് തുടരാനുള്ള സാധ്യതയും ചില സാമ്പത്തിക വിദഗ്ദർ തള്ളിക്കളയുന്നില്ല. ആഭ്യന്തര സമ്പദ്വ്യവസ്ഥയിലെ വളർച്ചയും പണപ്പെരുപ്പത്തിലെ വ്യതിയാനങ്ങളും അനുകൂല ഘടകങ്ങൾ ആണെങ്കിലും ഡിസംബറിലെ തൊഴിൽ വളർച്ചാ നിരക്കും കനേഡിയൻ കയറ്റുമതിയിൽ താരിഫ് ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയും പലിശ നിരക്ക് കുറക്കുന്നത് സംബന്ധിച്ച തീരുമാനത്തെ സ്വാധീനിച്ചേക്കാമെന്നുള്ള ആശങ്ക നിലനിൽക്കുന്നു.
കഴിഞ്ഞ വർഷം, ബാങ്ക് ഓഫ് കാനഡ ജൂണിനും ഡിസംബറിനുമിടയിൽ തുടർച്ചയായി അഞ്ച് തവണ പലിശ നിരക്കുകൾ കുറച്ചിരുന്നു. കനേഡിയൻ സാമ്പത്തിക മേഖലയിൽ അടുത്തിടെയുണ്ടായ വളർച്ച അമേരിക്കയിലെ ഭരണമാറ്റവും ട്രംപിന്റെ താരിഫ് ഭീഷണിയും ഉയർത്തുന്ന വെല്ലുവിളി മറികടക്കുമെന്നാണ് Capital Economics നോർത്ത് അമേരിക്കൻ ഇക്കണോമിസ്റ്റായ തോമസ് റയൻ വിലയിരുത്തുന്നത് .
Desjardins മാക്രോ സ്ട്രാറ്റജിസ്റ്റ് ടിയാഗോ ഫിഗ്യൂറെഡിന്റെ വിശകലനത്തിൽ ഈയാഴ്ച പലിശ നിരക്ക് 25-ബേസിസ് പോയിൻ്റ് കുറവ് പ്രതീക്ഷിക്കാം. പിന്നീട്, ഈ വരുന്ന മാർച്ചിൽ പലിശ നിരക്ക് അതേപടി നിലനിർത്താനുള്ള ഉയർന്ന സാധ്യതയും കാണുന്നുണ്ട്. അടുത്ത ആഴ്ചത്തെ പ്രഖ്യാപനത്തിൽ, ബാങ്ക് ഓഫ് കാനഡ സാവധാനത്തിലുള്ള പലിശ നിരക്കിന്റെ ലഘൂകരണത്തിന് ഊന്നൽ നൽകും. ഇത് മാർച്ചിൽ ഒരു താൽക്കാലിക വിരാമത്തിനുള്ള വാതിൽ തുറക്കുമെന്നും അദ്ദേഹം പറയുന്നു.
1 Comment
Brilliant observation