ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് കൊച്ചിയിലെ ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ അടുത്തിടെ നടന്ന നൃത്ത പരിപാടിയുടെ ഉത്ഘാടന ചടങ്ങിനായി ഒരുക്കിയ വേദിയിൽ നിന്ന് തൃക്കാക്കര എം എൽ എ ശ്രീമതി ഉമാ തോമസ് താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ ഞെട്ടലും ഭീതിയും ഉളവാക്കുന്നവയായിരുന്നു.
ഗ്രൗണ്ടിൽ നിന്ന് പതിനെട്ടടി ഉയരത്തിലാണ് ഉത്ഘാടന വേദി ക്രമീകരിച്ചിരുന്നത്. അത്രയധികം ഉയരത്തിൽ നിന്ന് നിലം പതിച്ച ശ്രീമതി ഉമാ തോമസിനെ ചികിത്സക്കായി കുറേപേർ ചേർന്ന് ഇരു കൈകളിലും കാലുകളിലും തൂക്കിപ്പിടിച്ച് എടുത്തുകൊണ്ടു പോയ രീതിയും ആശങ്കാജനകമായിരുന്നു.
ഇതേത്തുടർന്ന്, ഈ നൃത്ത പരിപാടിയുടെ നടത്തിപ്പിലെ വീഴ്ച്ചകളെ കുറിച്ച് വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ, ഉയരത്തിൽ നിന്ന് താഴേക്ക് വീണ ഒരു വ്യക്തിയെ ചികിത്സക്കായി കൊണ്ടുപോകുകയോ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് അറിയാം…
ഉയരത്തിൽ നിന്ന് താഴേക്ക് വീഴുന്ന വ്യക്തിക്ക് നട്ടെലിനു പൊട്ടലുണ്ടാകാനും, ഇത് മൂലം സുഷുമ്നാ നാഡിക്ക് (സ്പൈനൽ കോർഡ്) പരുക്കേൽക്കാനും സാധ്യതയുണ്ട്. കൂടാതെ, തലക്കും കഴുത്തിനും പരുക്കും വാരിയെല്ലുകൾക്ക് പൊട്ടലും ആന്തരിക അവയവങ്ങൾക്ക് ക്ഷതവും ഏൽക്കാനുള്ള സാധ്യതയും അവശേഷിക്കുന്നു. അതിനാൽ തന്നെ, വളരെ സൂക്ഷ്മതയോടെ വേണം ഇത്തരം അപകടങ്ങളിൽ പെട്ട വ്യക്തികളെ കൈകാര്യം ചെയ്യാൻ.
ഉറച്ച, പരന്ന പ്രതലമുള്ള ‘സ്പൈനൽ ബോർഡ്’ ഉപയോഗിച്ചാണ് നിലത്തു വീണ വ്യക്തിയെ ആംബുലൻസിലേക്കോ സുരക്ഷിത സ്ഥാനത്തേക്കോ മാറ്റേണ്ടത്. സ്പൈനൽ ബോർഡ് ലഭ്യമല്ലാത്ത പക്ഷം, സ്ട്രെച്ചറിന്റെ ഇരുമ്പു കിടക്കയോ ഇരയെ കിടത്താൻ പാകത്തിലുള്ള മരം കൊണ്ടുള്ള പലകയോ ഇതിനായി ഉപയോഗിക്കാം.
ഇരയെ നിലത്തു നിന്ന് മാറ്റുന്നതിൽ മൂന്നോ നാലോ പേർ പങ്കാളികൾ ആകുന്നത് ആണ് ഉത്തമം. ഒരാൾ ഇരയുടെ തലയുടെ പുറകിലായി നിലയുറപ്പിച്ച ശേഷം തലയും കഴുത്തും ഒരേ നിരപ്പിൽ ആണെന്ന് ഉറപ്പു വരുത്തുകയും ഒരേ നിലയിൽ താങ്ങുകയും വേണം. മറ്റുള്ളവർ തോൾ, ഇടുപ്പ്, മുട്ടുകൾ എന്നിവ താങ്ങണം. നാലു പങ്കാളികളും ഒരേ സമയം ഇരയെ ഉയർത്തുകയും, ലഭ്യമായ ഉറച്ച, പരന്ന പ്രതലമുള്ള കിടക്കയിലേക്ക് കിടത്തുകയും ചെയ്യേണ്ടതുണ്ട്. തുടർന്ന്, രക്തചംക്രമണത്തെ (ബ്ലഡ് സർക്യൂലേഷൻ) ബാധിക്കാത്ത വിധത്തിൽ, ഇരയെ സ്ട്രാപ്പോ തുണിയോ ഉപയോഗിച്ച് കിടക്കയും ആയി സുരക്ഷിതമായി ബന്ധിപ്പിച്ച ശേഷം ഒരേ നിലയിൽ കിടക്കയോടുകൂടി ഉയർത്തി ആംബുലൻസിലേക്കോ സുരക്ഷിത സ്ഥാനത്തേക്കോ മാറ്റാം.
ഇത്തരത്തിൽ, ഉയരത്തിൽ നിന്ന് വീണ വ്യക്തിയെ സുരക്ഷിതമായി ചികിത്സക്കായി കൊണ്ടുപോകുവാനും വിലയേറിയെ ജീവൻ രക്ഷിക്കുവാനും സാധിക്കും.
7 Comments
പ്രഥമശുശ്രൂഷ എങ്ങനെ നൽകണമെന്നതിനെ കുറിച്ച് നല്ലൊരു വിവരണം.
അഭിനന്ദനങ്ങൾ റോണു
Thank you ☺️
Skillful writing Ronu.Hope to see more from you.
Congratulations. Very useful one.
Thank you ☺️
Thank you ☺️
Skillful writing Ronu.Hope to see more.