അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ ടാരിഫിനെതിരെ പ്രതികരണമായി ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് ലിക്വർ കൺട്രോൾ ബോർഡ് ഓഫ് ഒന്റാറിയോ (LCBO)യ്ക്ക് അമേരിക്കൻ മദ്യ ഉൽപ്പന്നങ്ങൾ ഷെൽഫുകളിൽ നിന്ന് ഒഴിവാക്കാൻ ഉത്തരവിട്ടു. ഇത് ഒരു വലിയ വ്യാപാര യുദ്ധത്തിന്റെ ഭാഗമാണ്. ട്രംപ് ഇട്ട 25% ടാരിഫ് കാനഡിയൻ ഉൽപ്പന്നങ്ങളിൽ ബാധകമാകുന്നത് ഈ ചൊവ്വാഴ്ച മുതൽ ആണ്. കൂടാതെ കാനഡിയൻ ഊർജ്ജ ഉൽപ്പന്നങ്ങളിൽ 10% നികുതി ഈടാക്കും.
“ഓരോ വർഷവും ഏകദേശം $1 ബില്യൺ ഡോളറിന്റെ അമേരിക്കൻ വൈൻ, ബിയർ, സ്പിരിറ്റ്, സെൽറ്റ്സർ എന്നിവ LCBO വഴി വിൽപന നടത്തുന്നത്. ഇനിയതുണ്ടാവില്ല” ഡഗ് ഫോർഡ് പറഞ്ഞു. അമേരിക്കൻ മദ്യ ഉൽപ്പന്നങ്ങൾ ഷെൽഫുകളിൽ നിന്ന് ഒഴിവാക്കുക മാത്രമല്ല, LCBOയുടെ വിൽപ്പന കാറ്റലോഗിൽ നിന്നും ഇവ നീക്കം ചെയ്യും. ഇത് മൂലം ഒന്റാരിയോയിലെ ഹോട്ടലുകൾക്കും റീട്ടെയിൽ കടകൾക്കും അമേരിക്കൻ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാനോ സ്റ്റോക്ക് ചെയ്യാനോ സാധ്യമാവില്ല.
“ഒന്റാരിയോയിലോ കാനഡയിലോ നിർമ്മിച്ച ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഏറ്റവും നല്ല സമയം ഇതാണ്,” എന്നും ഫോർഡ് പറഞ്ഞു. LCBO ഇതിനകം തന്നെ അമേരിക്കൻ മദ്യ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തലാക്കുമെന്നും ഓൺലൈൻ വിൽപ്പനയും ബാച്ച് ഓർഡറുകളും ഈ ചൊവ്വാഴ്ച മുതൽ നിർത്തലാക്കുമെന്നും പ്രഖ്യാപിച്ചു.
ഒന്റാരിയോക്ക് പുറമേ, ബ്രിട്ടീഷ് കൊളംബിയ, നോവ സ്കോഷ്യ തുടങ്ങിയ മറ്റ് പ്രവിശ്യകളും സമാന നടപടികൾ എടുക്കുന്നു. ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യ ഉൽപ്പന്നങ്ങൾ വാങ്ങുന്നത് നിർത്തുമെന്നും പ്രധാന ബ്രാൻഡുകൾ ഷെൽഫുകളിൽ നിന്ന് ഒഴിവാക്കുമെന്നും പ്രഖ്യാപിച്ചു. നോവ സ്കോഷ്യ പ്രീമിയർ ടിം ഹ്യൂസ്റ്റൺ 400-ലധികം അമേരിക്കൻ മദ്യ ഉൽപ്പന്നങ്ങൾ ഷെൽഫുകളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ടു.
“ഈ നടപടികൾ കാനഡയുടെ ഉറച്ച നിലപാടിനെ സൂചിപ്പിക്കുന്നു. അമേരിക്ക വമ്പൻമാരാണ് എന്നാൽ തക്ക സമയത്ത് കൂട്ടായ നിലപാടെടുത്തില്ലെങ്കിൽ ഇത്തരം കൂടുതൽ നടപടികളെടുക്കാൻ അവർ മുതിർന്നേക്കും.” പ്രീമിയർ ഡേവിഡ് എബി കൂട്ടിച്ചേർത്തു. എന്നാൽ, ഇത് അമേരിക്കയുമായുള്ള വ്യാപാര ബന്ധത്തെ ഉലക്കുമെന്ന് വ്യവസായ വിദഗ്ധർ പറയുന്നു. വ്യാപാരയുദ്ധം തുടരുകയാണെങ്കിൽ, ഇരു രാജ്യങ്ങളുടെയും സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകുമെന്നും അവർ നിരീക്ഷിക്കുന്നു.