ആഗോള കത്തോലിക്കാ സഭയുടെ 2025 ജൂബിലി വർഷത്തിന്റെ മിസിസാഗ രൂപതാതല ഉദ്ഘാടനം ഫെബ്രുവരി 9-ന് മിസിസാഗ സെന്റ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും.
2024 ഡിസംബർ 24-ന് റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതിൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗികമായി തുറന്ന്, വിശുദ്ധ കുർബാന അർപ്പിച്ചതോടെ 2025 ജൂബിലി വർഷത്തിന് തുടക്കമായി. മിസിസാഗ രൂപതയിൽ ഈ ജൂബിലി വർഷത്തിന്റെ ഉദ്ഘാടനം അഭിവന്ദ്യ മാർ ജോസ് കല്ലുവേലിൽ പിതാവിന്റെ നേതൃത്വത്തിൽ നടക്കും.
ഈ സുവർണ അവസരത്തിൽ, മിസിസാഗ സെന്റ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രൽ ദേവാലയം ഒരു തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കും. ഫെബ്രുവരി 9-ന് ഞായറാഴ്ച നടക്കുന്ന ചടങ്ങിൽ രൂപതാധ്യക്ഷൻ ദേവാലയത്തെ തീർത്ഥാടന കേന്ദ്രമാക്കുന്നതിന് നേതൃത്വം നൽകും.
2025 ജൂബിലി വർഷത്തിന്റെ ആപ്തവാക്യം “പ്രത്യാശയുടെ തീർത്ഥാടകർ” എന്നതാണ്. വിശ്വാസികൾ അനുരഞ്ജനത്തിന്റെ മാർഗ്ഗത്തിലൂടെ ആത്മീയ നവീകരണം നടത്തുന്നതിനും പ്രത്യാശയോടെ മുന്നോട്ടുപോകുന്നതിനും പരിശുദ്ധ പിതാവ് ഉദ്ബോധിപ്പിക്കുന്നു.
ജൂബിലി വർഷത്തിന്റെ അർത്ഥം:
14-ാം നൂറ്റാണ്ട് മുതൽ ഓരോ 25 വർഷം കൂടുമ്പോഴും കത്തോലിക്കാ സഭ ജൂബിലി വർഷം ആഘോഷിക്കുന്നു. ഇത് വിശ്വാസികൾക്ക് ആത്മീയ തീർത്ഥാടനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക വർഷമാണ്, ദൈവചൈതന്യത്തിലൂടെ വിശ്വാസ ജീവിതത്തിന്റെ നവീകരണത്തിനുള്ള അവസരമായി ഇതിനെ കാണുന്നു.