നമീബിയയുടെ ആദ്യത്തെ പ്രസിഡന്റും രാജ്യത്തിന്റെ സ്ഥാപക പിതാവുമായ സാം നുജോമ, 2025 ഫെബ്രുവരി 8 ശനിയാഴ്ച 95-ആം വയസ്സിൽ അന്തരിച്ചു. നമീബിയയുടെ തലസ്ഥാനമായ വിൻഡ്ഹോകിലെ ഒരു ആശുപത്രിയിൽ മൂന്ന് ആഴ്ചകളായി ചികിത്സയിലായിരുന്ന അദ്ദേഹം, അസുഖത്തെ തുടർന്ന് അന്തരിച്ചുവെന്ന് നമീബിയൻ പ്രസിഡന്റ് അറിയിച്ചു.
നമീബിയയെ ദക്ഷിണാഫ്രിക്കയിലെ അപാർഥെയ്ഡ് ഭരണകാലം മുതൽ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച പ്രധാന വ്യക്തിയായിരുന്നു നുജോമ. 1960-ൽ അദ്ദേഹം സൗത്ത് വെസ്റ്റ് ആഫ്രിക്ക പീപ്പിൾസ് ഓർഗനൈസേഷൻ (SWAPO) സ്ഥാപിച്ച് 24 വർഷം നീണ്ട ഗെറില്ലാ പോരാട്ടത്തിന് നേതൃത്വം നൽകി. ഈ ശ്രമങ്ങൾ 1990 മാർച്ച് 21-ന് നമീബിയയുടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു, അതിനുശേഷം അദ്ദേഹം രാജ്യത്തിന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
1990 മുതൽ 2005 വരെ 15 വർഷം പ്രസിഡന്റായി സേവനം അനുഷ്ഠിച്ച നുജോമ ജനസ്വാധീനമുള്ള നേതാവായും പുതിയ സ്വതന്ത്ര രാജ്യത്തിൽ ദേശീയ ഐക്യം വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചയാളുമായിരുന്നു. ജനാധിപത്യം ഉറപ്പാക്കാനും നമീബിയയെ രാഷ്ട്രീയ സ്ഥിരതയിലേക്ക് നയിക്കാനുമുള്ള ശ്രമങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.
അഫ്രിക്കൻ രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിന് സമാപനമായാണ് നുജോമയുടെ വേർപാടിനെ കണക്കാക്കുന്നത്. നെൽസൺ മണ്ടേല, കെനത്ത് കൗണ്ട തുടങ്ങിയ നേതാക്കളോടൊപ്പം തന്റെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച അവസാന തലമുറയിലെ ഒരാളായിരുന്നു അദ്ദേഹം.
“നമീബിയ റിപ്പബ്ലിക്കിന്റെ അടിത്തറ കുലുങ്ങിയിരിക്കുന്നു” നമീബിയൻ പ്രസിഡന്റ് നാങ്ങോളോ മബുംബ അദ്ദേഹത്തിന്റെ മരണം പ്രഖ്യാപിച്ച്കൊണ്ട് പറഞ്ഞു. “നുജോമയുടെ നേതൃത്വത്തിൽ നമ്മുടെ രാജ്യം അതിന്റെ ഉന്നതിയിൽ എത്തി,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമീബിയയിലെ ജനങ്ങൾക്കിടയിൽ വളരെ മഹത്തായ സ്ഥാനമാണ് നുജോമക്കുള്ളത്. ദേശീയ കറൻസിയിൽ അദ്ദേഹത്തിന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്, കൂടാതെ സ്വാതന്ത്ര്യ മ്യൂസിയത്തിന് മുന്നിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിട്ടുമുണ്ട്.