വാഷിംഗ്ടൺ: കാനഡയിൽ നിന്നും മെക്സിക്കോയിൽ നിന്നുമുളള സ്റ്റീൽ, അലുമിനിയം ഇറക്കുമതികളിൽ 25% താരിഫ് ഏർപ്പെടുത്താൻ പദ്ധതിയിടുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ നീക്കം കാനഡയുടെയും അമേരിക്കയുടെയും വ്യാപാരബന്ധത്തിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ന്യൂ ഓർലീന്സിൽ നടക്കുന്ന സൂപ്പർ ബൗൾ മത്സരം കാണാനുള്ള യാത്രക്കിടെ എയർ ഫോഴ്സ് വണ്ണിൽ നിന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
2018-ൽ സമാനമായ താരിഫുകൾ ട്രംപ് നടപ്പാക്കിയിരുന്നു, എന്നാൽ 2019-ൽ കാനഡയും മെക്സിക്കോയും ചേർന്ന് ഒരു കരാറിൽ ഏർപ്പെട്ടതോടെ ഈ പ്രശ്നം താൽക്കാലികമായി പരിഹരിക്കപ്പെട്ടു. ഇപ്പോഴത്തെ പ്രഖ്യാപനം വ്യവസായ മേഖലയിലും രാഷ്ട്രീയ വൃത്തങ്ങളിലും ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്. കാനഡയിലെ സ്റ്റീൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കാതറിൻ കോബ്ഡൻ ഈ നീക്കം ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
കാനഡയെ 51-മത് സംസ്ഥാനമാക്കാനുള്ള നിർദ്ദേശം വീണ്ടും
വിവാദങ്ങൾക്ക് കൂടുതൽ ചൂടേകി, കാനഡയെ അമേരിക്കയുടെ 51-മത് സംസ്ഥാനമാക്കാനുള്ള തന്റെ പഴയ നിർദ്ദേശം ട്രംപ് വീണ്ടും ഉന്നയിച്ചു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, കാനഡയുമായുള്ള വ്യാപാരബന്ധത്തിൽ അമേരിക്കയ്ക്ക് പ്രതിവർഷം “200 ബില്യൺ ഡോളർ നഷ്ടമുണ്ടാകുന്നു” എന്ന് പരാമർശിച്ച അദ്ദേഹം, കാനഡ അമേരിക്കയുടെ 51-)മത് സംസ്ഥാനമാകുന്നത് ഇരുരാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് ആവർത്തിച്ചു . എന്നാൽ കനേഡിയൻ അധികൃതർ ട്രംപിന്റെ വാദങ്ങളെ അടിസ്ഥാനരഹിതമെന്ന് തള്ളിക്കളഞ്ഞു.
കാനഡൻ പ്രതിപക്ഷ നേതാവ് പിയർ പോലിയെവ് യു.എസ്. സ്റ്റീലിന്റെയും അലുമിനിയത്തിന്റെയും മേൽ തുല്യമായ താരിഫുകൾ ഏർപ്പെടുത്താൻ ആവശ്യപ്പെട്ടു. ഈ വരുമാനം ആഭ്യന്തര വ്യവസായങ്ങളെ സഹായിക്കുന്നതിനും നികുതി ഇളവ് നൽകുന്നതിനും ഉപയോഗിക്കാമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതേസമയം, ബ്ലോക്ക് ക്വിബെക്കോയ്സ് നേതാവ് ഇവ്-ഫ്രാൻസ്വ ബ്ലാഞ്ചെറ്റ് യു.എസ്. നടപടികളെ വിമർശിച്ചു, പ്രത്യേകിച്ച് ക്യൂബെക്കിലെ അലുമിനിയം വിതരണത്തിന് പകരം സംവിദാനം കണ്ടെത്തുന്നത് ട്രംപിന്റെ പ്രസിഡൻഷ്യൽ കാലാവധിക്കുള്ളിൽ അസാധ്യമാണെന്ന് ചൂണ്ടിക്കാട്ടി.
വ്യാപാരബന്ധത്തിൽ ആശങ്കകൾ
അമേരിക്കയുമായുള്ള വ്യാപാരം കാനഡയുടെ സാമ്പത്തിക വളർച്ചയ്ക്ക് നിർണായകമാണ്. സ്റ്റീലിന്റെയും അലുമിനിയത്തിന്റെയും വാർഷിക വ്യാപാരം യഥാക്രമം $20 ബില്യണും $15.9 ബില്യണും ആണ്. എന്നാൽ 2024-ലെ കണക്കുകൾ പ്രകാരം, പ്രധാനമായും ഊർജ്ജകയറ്റുമതികളുടെ അടിസ്ഥാനത്തിൽ, കാനഡയ്ക്ക് $102.3 ബില്യൺ വ്യാപാര മിച്ചമാണുള്ളത്.
ഈ പുതിയ താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ, കനേഡിയൻ സർക്കാർ തൊഴിലുകളും വ്യവസായങ്ങളും സംരക്ഷിക്കുന്നതിനുള്ള അടിയന്തര നടപടികൾ ആലോചിക്കുന്നു. പുതിയ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ ഇരുരാജ്യങ്ങളും തന്ത്രപരമായ ഇടപെടലുകൾ നടത്തേണ്ടതുമുണ്ട്.