കേരളത്തിന്റെ രഞ്ജി ട്രോഫി സ്വപ്നത്തിലേക്ക് ഒരു ചുവട് മാത്രം. ശക്തരായ മുംബെയെ സെമിയിൽ നിഷ്പ്രഭരാക്കിയ വിദർഭയാണ് ഫൈനലിൽ കേരളത്തിന്റെ എതിരാളി.
അഹമ്മദാബാദിൽ നടന്ന സെമി-ഫൈനൽ മത്സരത്തിൽ ഗുജറാത്തിനെതിരെ ആവേശകരമായ രണ്ട് റൺസിന്റെ ഫസ്റ്റ് ഇന്നിംഗ്സ് ലീഡ് നേടിയാണ് കേരളം ഈ നാഴികക്കല്ല് പിന്നിട്ടത്. 68 വർഷത്തെ രഞ്ജി ചരിത്രത്തിൽ ആദ്യമായാണ് കേരളം ഫൈനലിൽ എത്തുന്നത്.
സച്ചിൻ ബേബിയുടെ നായകത്വത്തിൽ മുന്നേറിയ കേരള ടീം, സ്പിന്നർമാരായ അദിത്യ സർവതേയുടെയും ജലജ് സക്സേനയുടെയും മികവിൽ ഗുജറാത്തിന്റെ വിജയപ്രതീക്ഷകൾ തകർത്തു. അവസാന ദിനത്തിൽ 28 റൺസ് മാത്രം ലക്ഷ്യമിട്ട് മൂന്ന് വിക്കറ്റുകൾ ശേഷിക്കെ ബാറ്റിംഗ് ആരംഭിച്ച ഗുജറാത്തിനെ 455 റൺസിൽ ഓൾ ഔട്ട് ആക്കി കേരളം വിജയം ഉറപ്പിച്ചു. ഒന്നാമിന്നിങ്സ് ലീഡിന്, ഒരു വിക്കറ്റ് മാത്രം ബാക്കിയിരിക്കെ, ഗുജറാത്തിന് മൂന്ന് റൺസ് കൂടി ആവശ്യമായിരിക്കെ അർസൻ നാഗ്വസ്വല്ല ആഞ്ഞടിച്ച സർവാതെയുടെ പന്ത് ക്ലോസ് ഇന്നിൽ ഫീൽഡ് ചെയ്യുകയായിരുന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റിലിടിച്ച് ബൗൺസ് ചെയ്തപ്പോൾ ക്യാപ്റ്റൻ സച്ചിൻ ബേബി ക്യാച്ച് എടുക്കുകയായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്റെ 177 റൺസിന്റെ മിന്നുന്ന പ്രകടനവും കേരളാ ടീമിന്റെ ആദ്യ ഇന്നിംഗ്സ് സ്കോർ 457ൽ എത്തിക്കാൻ നിർണായകമായി.
“ഇത് കേരള ക്രിക്കറ്റിന്റെ സുവർണ നിമിഷമാണ്. ഞങ്ങളുടെ കഠിനാധ്വാനവും ഒരുമയും ഫലം കണ്ടു,” സച്ചിൻ ബേബി മത്സരശേഷം പറഞ്ഞു. ഫൈനൽ മത്സരം ഫെബ്രുവരി 26 മുതൽ നാഗ്പൂരിൽ നടക്കും.
കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്റ് ജയേഷ് ജോർജ് ടീമിനെ അഭിനന്ദിച്ചു. “ഈ നേട്ടം പുതിയ തലമുറയ്ക്ക് പ്രചോദനമാകും. കേരളത്തിൽ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് ഇത് വലിയൊരു ചുവടുവയ്പാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹമാധ്യമങ്ങളിൽ ആരാധകർ ആവേശത്തോടെ ഈ വിജയം ആഘോഷിക്കുകയാണ്. “കേരളം രഞ്ജി കപ്പ് നേടുമെന്ന് പ്രതീക്ഷിക്കുന്നു!” എന്ന് ഒരു ആരാധകൻ കുറിച്ചു. 1957ൽ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച കേരളത്തിന്, ഈ ഫൈനൽ പ്രവേശനം ദീർഘകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്.
