ഉറക്കം ദൈനംദിന ജീവിതത്തിന്റെ ഒരു അഭിവാജ്യ ഘടകമാണ്. ശാരീരികവും മാനസികവും ആയ ആരോഗ്യത്തിന് സ്വസ്ഥമായ ഉറക്കം പ്രധാനമാണ്. ഒരു മുതിർന്ന വ്യക്തി ആറു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങേണ്ടതുണ്ട്. ആരോഗ്യകരമായ ഉറക്കം ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് അറിയാം…
മൊബൈൽ ഫോണിന്റെ ഉപയോഗം നിയന്ത്രിക്കാം
ഉറങ്ങാൻ കിടക്കുമ്പോഴും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പലർക്കും ഒരു ശീലമാണ്. ഇത്, ഉറക്കം നഷ്ടപ്പെടുത്തുന്നതിൽ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പുതന്നെ മൊബൈൽ ഫോൺ മാറ്റിവെക്കാം.
അത്താഴം നേരത്തേ ആക്കാം
ഉറങ്ങുന്നുന്നതിനു രണ്ടു മുതൽ മൂന്നു മണിക്കൂർ മുമ്പ് അത്താഴം കഴിക്കുന്നതാണ് ഉചിതം. ഏറ്റവും ചുരുങ്ങിയത്, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുന്നു എന്ന് ഉറപ്പു വരുത്തുക. ഇത് ദഹനപ്രക്രിയ കാര്യക്ഷമമാക്കുവാനും ഉറക്കം സുഖകരമാക്കുവാനും സഹായിക്കും.
കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക
ഉറങ്ങുന്നതിനു മുമ്പ് കാപ്പി, ചായ മുതലായ കഫീൻ അടങ്ങിയ പാനീയങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പായി പാൽ കുടിക്കുന്നത് നല്ലതാണ്. പാലിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന പദാർത്ഥം ആരോഗ്യകരമായ ഉറക്കം പ്രദാനം ചെയ്യും.
ഉറങ്ങാൻ നേരം മാത്രം കിടക്കയിൽ കിടക്കാം
മൊബൈൽ ഫോൺ ഉപയോഗം, വായന, ഭക്ഷണം കഴിക്കൽ തുടങ്ങിയവ കിടക്കയിൽ വേണ്ട. ഇത്തരം ശീലങ്ങൾ ഉറക്കത്തെ വിപരീതം ആയി സ്വാധീനിക്കും.
മാനസിക പിരിമുറുക്കങ്ങൾ മാറ്റി വെക്കാം
മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാകാൻ ഇടയുള്ള ചിന്തകൾ ഉറങ്ങാൻ കിടക്കുമ്പോൾ ഒഴിവാക്കാം. ശരീരത്തിലെ പേശികൾ അയച്ച്, മെല്ലെ ശ്വാസോച്ഛാസം ചെയ്യുന്നത് സ്വസ്ഥമായി ഉറങ്ങാൻ സഹായകമാകും.