ഒട്ടാവ: കാനഡയുടെ തൊഴിൽ മേഖലയിലെ ആവശ്യങ്ങൾ പരിഗണിച്ച് 2025 എക്സ്പ്രസ് എന്റ്രി (Express Entry) ഡ്രോകളുടെ പുതിയ ക്യാറ്റഗറികൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ.
കാനഡയിലെ ദീർഘകാല തൊഴിൽ ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പുതിയ സംവിധാനത്തിൽ വിദ്യാഭ്യാസ മേഖലയും ഉണ്ടാകും. കൂടാതെ, 2025-ലെ ഫെഡറൽ ഇക്കണോമിക് ക്ലാസ് ഡ്രോകളിൽ, കാനഡയിൽ ജോലി ചെയ്ത അനുഭവമുള്ളവർക്കാണ് മുൻഗണന നൽകുക.
പ്രധാനമായുള്ള പുതിയ മാറ്റങ്ങൾ:
• ഫ്രഞ്ച് ഭാഷാ നൈപുണ്യത്തിന് മുൻഗണന
• നിരവധി മേഖലകളിലെ തൊഴിലുകൾ പരിഗണിക്കും, പ്രത്യേകിച്ച്:
– ആരോഗ്യപരിചരണം & സാമൂഹ്യ സേവനം – ഡോക്ടർമാർ, നഴ്സുമാർ, ഡെന്റിസ്റ്റുകൾ, ഫാർമസിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, ചിറോപ്രാക്ടറുകൾ എന്നിവരുള്‍പ്പെടെ.
– ട്രേഡ്സ് മേഖല – കാർപ്പെൻറർമാർ, പ്ലമ്പർമാർ, കോൺട്രാക്ടർമാർ.
– വിദ്യാഭ്യാസ മേഖല – അധ്യാപകർ, ചൈൽഡ് കെയർ എജുക്കേറ്റർമാർ, വൈകല്യങ്ങൾ ഉള്ളവർക്കുള്ള ഇൻസ്ട്രക്ടർമാർ.
കാനഡയുടെ സമ്പദ്വ്യവസ്ഥയുടെ ഭാവി ലക്ഷ്യം വെച്ച് ആരോഗ്യപരിചരണം, കെട്ടിട നിർമ്മാണം, വിദ്യാഭ്യാസം എന്നീ മേഖലകളിലെ തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനാണ് സർക്കാരിന്റെ ഉദ്ദേശം. ക്യൂബെക്കിനു പുറത്തുള്ള ഫ്രാങ്കോഫോൺ (French-speaking) ഇമിഗ്രേഷൻ ലക്ഷ്യങ്ങൾക്കും ഈ തീരുമാനം മുൻഗണന നൽകുന്നു.
ഇതിലൂടെ താത്കാലിക താമസക്കാർക്ക് സ്ഥിരതാമസത്തിലേക്ക് മാറാനുള്ള അവസരങ്ങളും വർധിക്കും, അതിലൂടെ കാനഡയുടെ ഭാവി തൊഴിൽ സാധ്യതകളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷ.