ടൊറന്റൊ: അടുത്ത പ്രവേശന വർഷത്തിൽ ഏകദേശം 18 ബിരുദ കോഴ്സുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള യോർക്ക് യൂണിവേഴ്സിറ്റിയുടെ തീരുമാനം പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്, നാല് യൂണിവേഴ്സിറ്റി സെനറ്റ് അംഗങ്ങളും അക്കാദമിക് ആൻഡ് പ്ലാനിങ് കമ്മിറ്റിയിലെ ഒരംഗവും കോടതിയെ സമീപിച്ചു. കോഴ്സുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്നാണ് കോടതിയെ സമീപിച്ച അംഗങ്ങളുടെ വാദം.
തദ്ദേശീയ പഠനങ്ങൾ, ലിംഗഭേദം, സ്ത്രീ പക്ഷ പഠനം, പരിസ്ഥിതി ജീവശാസ്ത്ര പ്രോഗ്രാമുകൾ ഉൾപ്പെടെ ഏകദേശം 18 ബിരുദ കോഴ്സുകളിലേക്കുള്ള പുതിയ പ്രവേശനം 2025 സെപ്റ്റംബറിൽ തുടങ്ങുന്ന അധ്യയന വർഷത്തിൽ ഉണ്ടായിരിക്കുകയില്ലെന്ന് യൂണിവേഴ്സിറ്റി മുൻപ് അറിയിച്ചിരുന്നു. യോർക്ക് യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനം പിൻവലിക്കുവാൻ ഉത്തര വിടണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗങ്ങളും അക്കാദമിക് പ്ലാനിംഗ് ആൻഡ് റിസർച്ച് കമ്മിറ്റി അംഗങ്ങളും ഒന്റാറിയോ സുപ്പീരിയർ കോടതിയുടെ ഡിവിഷണൽ ബ്രാഞ്ചിൽ അപേക്ഷ സമർപ്പിച്ചു. യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കാര്യങ്ങളിൽ അധികാരമുള്ള സെനറ്റിൽ കാര്യമായ ചർച്ചയോ കമ്മിറ്റിയുടെ അംഗീകാരമോ തേടാതെ താൽക്കാലികമായിട്ടാണെങ്കിലും വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം നിർത്തിവച്ചിരിക്കുന്നത് നിയമവിരുദ്ധവും യുക്തിക്ക് നിരക്കാത്ത കാര്യവുമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സെനറ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ കോടതിയെ സമീപിച്ചിരിക്കുന്നത്.
യൂണിവേഴ്സിറ്റി പ്രൊഫസറും യോർക്ക് സെനറ്റർമാരിൽ ഒരാളുമായ ഡെന്നിസ് പിലോണിന്റെ അഭിപ്രായത്തിൽ അക്കാദമിക് കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് സെനറ്റ് ആണെങ്കിലും കാര്യങ്ങൾ മറിച്ചാണ് സംഭവിക്കുന്നത്. കോഴ്സുകൾ തൽക്കാലത്തേക്ക് നിർത്തിയതിനെതിരെ ഇക്കഴിഞ്ഞ ദിവസം പ്രതിഷേധിച്ച വിദ്യാർത്ഥികളോടും സ്റ്റാഫ് അംഗങ്ങളോടും ഡെന്നിസ് പിലോൺ തന്റെ നയം വ്യക്തമാക്കിയിരുന്നു.
യോർക്ക് യൂണിവേഴ്സിറ്റി 18 പ്രോഗ്രാമുകളിലേക്ക് പ്രവേശനം താത്കാലികമായി നിർത്തിവച്ചു – Keralascope News
കോഴ്സുകൾ താൽക്കാലികം ആയിട്ടെങ്കിലും നിർത്തിവയ്ക്കുന്നത് യൂണിവേഴ്സിറ്റിക്കോ വിദ്യാർത്ഥികൾക്കോ അതുമല്ലെങ്കിൽ അധ്യാപകർക്കോ ഗുണമോ ദോഷമോ എന്നുള്ളതിനേക്കാളുപരി ഈ നിയമ നടപടിയുടെ ലക്ഷ്യം ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കപ്പെടേണ്ട സമയത്ത് സ്വീകരിക്കേണ്ട സമീപനങ്ങളും നടപടിക്രമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നുള്ളതാണെന്നും ഡെന്നിസ് പിലോൺ കൂട്ടിച്ചേർത്തു. യൂണിവേഴ്സിറ്റിയുടെ തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ജുഡീഷ്യൽ റിവ്യൂ ലഭിച്ചിട്ടുണ്ടെന്നും അതിന് സമയബന്ധിതമായി മറുപടി നൽകുമെന്നും താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്ന കോഴ്സുകളിലേക്കുള്ള പ്രവേശനം വളരെ കുറവാണെന്നും യൂണിവേഴ്സിറ്റി വക്താവ് യാനി ഡഗോണസ് പ്രസ്താവനയിലൂടെ അറിയിച്ചു.