കാഴ്ച ഒരു വ്യക്തിയുടെ, വസ്തുവിന്റെ അല്ലെങ്കിൽ സാഹചര്യത്തിന്റെ ബാഹ്യമായ ഭൗതികവശം സൂചിപ്പിക്കുന്നു. അതേസമയം, കാഴ്ചപ്പാട് ഒരു വ്യക്തിയുടെ ജീവിതത്തോടുള്ള പൊതുവായ സമീപനമാണ്. ഇത് ഒരു വ്യക്തിയുടെ ചിന്തകളെ പ്രതിനിധീകരിക്കുന്നു. അതായത്, മനോഭാവം, വിശ്വാസം, പ്രതീക്ഷ, നിരീക്ഷണം, അവബോധം എന്നിവയാവാം – ഒരു വ്യക്തിയുടെ മനസ്ഥിതി, അറിവ് എന്നിവയെ അടിസ്ഥാനമാക്കിയുള്ളവ.
നിങ്ങൾ ഒരു വസ്തുവിനെ നോക്കുമ്പോൾ, അതിനെ വെറും കാഴ്ചയായി കാണുന്നു. എന്നാൽ അതിനെ വിശകലനം ചെയ്യുമ്പോൾ, അതിനോട് ബന്ധപ്പെട്ടു ഒരു കാഴ്ചപ്പാട് രൂപീകരിക്കുകയാണ്. നിങ്ങളുടെ വിശകലനവും, ദൃശ്യാവബോധവും നിങ്ങളുടെ അറിവിന്റെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ്.
ഞങ്ങളുടെ കുടുംബത്തിൽ പ്രഭാത / സന്ധ്യാ നമസ്കാരത്തിന് ശേഷം 23ആം സങ്കീർത്തനം ചൊല്ലുമായിരുന്നു. എന്റെ ബാല്യകാലത്തു ഈ സങ്കീർത്തനത്തിന്റെ ആദ്യ വരി ‘യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല’‘ ചൊല്ലുമ്പോൾ ഞാൻ എന്റെ കാൽമുട്ടിൽ നോക്കുമായിരുന്നു.
നിങ്ങൾ വളർന്നു കൂടുതൽ അറിവ് നേടുമ്പോൾ, അതേ വസ്തുവിനോടുള്ള നിങ്ങളുടെ കാഴ്ചപ്പാട് മാറുന്നു. നിങ്ങൾ കാണുന്നതിനെ വേറൊരു തലത്തിൽ വ്യാഖ്യാനിക്കുകയും കൂടുതൽ വിശകലനം നടത്തുകയും ചെയ്യുന്നു.
വളർന്നു വന്നപ്പോൾ മനസ്സിലായി, മുട്ടുകൾ ഇല്ലായിരുന്നെങ്കിൽ, മനുഷ്യജാതിയുടെ ഇത്രത്തോളം മുന്നേറ്റവും അഭിവൃദ്ധിയും അസാധ്യം എന്ന്.
പലരും വീക്ഷണം എന്നതും കാഴ്ചപ്പാട് എന്നതും പരസ്പരം മാറിമറിച്ചുപയോഗിക്കാറുണ്ട്. വീക്ഷണം ദീർഘകാലത്തേക്കുള്ള ഒരു ആഗ്രഹകരമായ ലക്ഷ്യമാണ്, ഭാവിയെ കുറിച്ചുള്ള ഒരു കാഴ്ചപ്പാട്. അതേസമയം, കാഴ്ചപ്പാട് ഏതെങ്കിലും അവസ്ഥയോടുള്ള നിലവിലെ സമീപനമാണെന്ന് വിശേഷിപ്പിക്കാം. ഇത് പ്രായോഗികമായി ആ സമയത്തുള്ള സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ സംഭവിക്കാനിടയുള്ള ഫലങ്ങൾ വിലയിരുത്തുന്നതാണ്.
രണ്ടു പതിറ്റാണ്ടു മുൻപ് കാനഡയിലെ ടോറോന്റോവിൽ ചേക്കേറി ശേഷം ഒന്റാറിയോ തടാക തീരത്തുകൂടി നടന്നപ്പോൾ സങ്കീർത്തനത്തിന്റെ രണ്ടും മൂന്നും വരികളുടെ അർഥം വ്യക്തമായി – പച്ചയായ പുല്പുറങ്ങളില് അവന് എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു. എന്റെ പ്രാണനെ അവന് തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളില്‍ നടത്തുന്നു.
ഇപ്പോൾ, ദൗത്യവും വീക്ഷണവും തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം. വീക്ഷണം എന്നത് ഒരു വ്യക്തിയുടേയോ സംഘടനയുടേയോ ആകാംക്ഷയോടെയുള്ള ഭാവി നിലയെ വ്യക്തമാക്കുന്നതാണ് – അവർ എന്താകാൻ ആഗ്രഹിക്കുന്നു എന്ന്. അതേസമയം ദൗത്യം ആ സംഘടനയുടെ നിലവിലെ ലക്ഷ്യവും പ്രവർത്തനോദ്ദേശ്യവും നിർവചിക്കുന്നു. ദൗത്യം അവരുടെ ഭാവിയിലെ വീക്ഷണങ്ങൾ കൈവരിക്കാൻ ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾക്കു ഊന്നൽ നൽകുന്നു. വീക്ഷണങ്ങൾ നിങ്ങൾ എവിടേക്ക് എത്താൻ ആഗ്രഹിക്കുന്നുവെന്നതിനെ സൂചിപ്പിക്കുമ്പോൾ, ദൗത്യം അതിനെ കൈവരിക്കാൻ നിങ്ങൾ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളാണ്.
ലഘുവായ വാചകത്തിൽ, ദൗത്യം നിങ്ങൾ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളാണ്, വീക്ഷണങ്ങൾ നിങ്ങൾ ഭാവിയിൽ കൈവരിക്കാൻ ആഗ്രഹിക്കുന്നതും.
ഇപ്പോൾ ഉദ്ദേശ്യം എന്ന ആശയം നോക്കാം. ഉദ്ദേശ്യം എന്നത് നിങ്ങൾ എന്തെങ്കിലും ചെയ്യുന്നതിന്റെ അടിസ്ഥാന കാരണമാണു്. നിങ്ങളുടെ പ്രവർത്തനങ്ങൾക്കു പിന്നിലെ പ്രചോദനവും മൂല്യവുമാണ് അതു്. ഉദ്ദേശ്യം നിങ്ങൾ എന്ത് കൈവരിക്കാനാഗ്രഹിക്കുന്നു എന്നതായിരിക്കും, എന്നാൽ വീക്ഷണംനിങ്ങൾക്ക് അത് കൈവരിക്കേണ്ടതെന്തിന് എന്നതായിരിക്കും.
യുവ സൈനിക മേധാവിയായി 1987 ല്‍ ഞാന്‍ കശ്മീര്‍ താഴ്വരയില് ലൈൻ ഓഫ് കണ്ട്രോളിൽ വിന്യസിക്കപ്പെട്ടു. ഇവിടെ ഇരു സേനകളും മുഖാമുഖം നില ഉറപ്പിച്ചിരിക്കുന്നു – ഞങ്ങളുടെ പോസ്റ്റ് 50 വാര വരെ അടുത്തും. അപ്പോഴത്തെ എന്റെ ദൗത്യം ഞങ്ങളുടെ സൈനികരുടെ ബലത്തിൽ മാതൃഭൂമിയെ ശത്രുക്കളുടെ അക്രമത്തിൽ നിന്നും രക്ഷിക്കുക എന്നതായിരുന്നു.
നല്ല വെയിലുള്ള ഒരു ദിവസം ഞാൻ ബങ്കറിന്റെ മുകളിൽ ഇരുന്നു വെയിൽ കാഞ്ഞു പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ സങ്കീർത്തനത്തിന്റെ അടുത്ത രണ്ടു വരികൾ ഓർമ്മയിൽകൂടി കടന്നു പോയി – കൂരിരുള്‍താഴ്വരയില്‍ കൂടി നടന്നാലും ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. എന്റെ ശത്രുക്കള്‍ കാണ്‍കെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ തൈലം കൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.
നിങ്ങളുടെ ജീവിതത്തിന് ഒരു ഉദ്ദേശ്യം ഉണ്ടെങ്കിൽ, അതു നിങ്ങളെ ശ്രദ്ധകേന്ദ്രീകൃതരാക്കും. ഒരു സംഘടനയെയോ വ്യക്തിയെയോ എന്തെങ്കിലും കൈവരിക്കുവാൻ പ്രേരിപ്പിക്കുന്നതും അതാണ്. നിങ്ങൾ ആ സംഘടനയുടെ ഭാഗമായിരിക്കുന്നതിനുള്ള കാരണം നിങ്ങളെ അത് ഓർമ്മപ്പെടുത്തുന്നു. ഇത് ആ സംഘടനയിലെ നേതാവിന്റെ ഉദ്ദേശ്യം അണികൾ തിരിച്ചറിയുവാനും മനസ്സിലാക്കുവാനും സഹായിക്കും.
ഇന്ന് ഞാൻ ജീവിക്കുന്നത് സങ്കീർത്തനത്തിന്റെ അവസാന വരിയെ ഓർത്തുകൊണ്ടാണ് – നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാന്‍ യഹോവയുടെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കും.