ഇന്ത്യൻ സേനയിൽ നിന്നും ബ്രിഗേഡിയർ ആയി വിരമിച്ച എന്റെ സുഹൃത്ത് ആത്മഹത്യ ചെയ്തു എന്ന വാർത്ത എന്നെ വല്ലാതെ വിഷമിപ്പിച്ചു. അദ്ദേഹത്തിന് കാന്‍സറായിരുന്നു. ഏറെക്കാലം ചികിത്സ തേടിയിട്ടും ഫലമുണ്ടായില്ലെന്ന നിരാശയും, വേദനയുടെ കാഠിന്യവും ആയിരിക്കാം അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചത്. അദ്ദേഹത്തിന് സംസാരിക്കുവാനോ ആഹാരം കഴിക്കുവാനോ സാധിക്കുന്നില്ലായിരുന്നു. തൻ്റെ തീരുമാനത്തിന്റെ ആഘാതത്തെ പറ്റി തീർച്ചയായും അദ്ദേഹം നന്നായി ആലോചിച്ചു കാണണം. തൻ്റെ ഭാര്യയോടോ സുഹൃത്തുക്കളോടോ അദ്ദേഹം തൻ്റെ തീരുമാനത്തെ കുറിച്ചു ഒന്നും പങ്കുവച്ചില്ല. ആത്മഹത്യ എന്ന ഗൗരവമേറിയ തീരുമാനം സുബോധത്തോടെ എങ്കിലും ദുഖത്തോടെ തന്നെ ആയിരുന്നിരിക്കാം എന്നതിൽ അത്ഭുതപ്പെടേണ്ടതില്ല!
ഇന്ത്യയില്‍, കാരുണ്യവധം (യൂഥനേഷ്യ) [euthanasia] കുറ്റകരമാണ്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 108 (IPC 306) പ്രകാരം ഒരു വ്യക്തിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നതോ സഹായിക്കുന്നതോ ശിക്ഷാർഹമാണ്.
യൂഥനേഷ്യയും ഡോക്ടറുടെ സഹായത്തോടെ മരണവും(doctor assisted death) തമ്മിലുള്ള പ്രധാന വ്യത്യാസം മരിക്കുവാനുള്ള മരുന്ന് ആർ നല്കുന്നു എന്നതിലാണ്. യൂഥനേഷ്യയില്‍ ഡോക്ടര്‍ അല്ലെങ്കില്‍ മറ്റൊരാള്‍ മരുന്ന് നല്കുന്നു. ഡോക്ടറുടെ സഹായത്തോടെ ഉള്ള മരണത്തിൽ രോഗി തന്നെ മരണം നടപ്പിലാക്കുന്നു. ഇവയില്‍ സക്രിയ (active) യൂഥനേഷ്യയും നിഷ്ക്രിയ (passive) യൂഥനേഷ്യയും ഉണ്ട്. പാസ്സീവ് യൂഥനേഷ്യയില്‍ ജീവിതം കൃത്രിമമായി നിലനിർത്തുന്ന എല്ലാ സംവിധാനങ്ങളും പിന്‍വലിച്ച്, സ്വാഭാവികമായി മരിക്കുവാൻ അനുവദിക്കുകയാണ്.
ഇന്ത്യയിൽ സക്രിയ യൂഥനേഷ്യ നിയമവിരുദ്ധമാണ്. എന്നാൽ നിഷ്ക്രിയ യൂഥനേഷ്യ അസാധാരണമായ സാഹചര്യങ്ങളിൽ നിയമപരമായി അനുവദനീയമാണ്. ഇത് ഇന്ത്യയുടെ സുപ്രീംകോടതി, 2018-ലെ (Common Cause v. Union of India) ചരിത്രപരമായ വിധിയിലാണ് വ്യക്തമാക്കിയിരിക്കുന്നത്. ഈ വിധിയിൽ, സങ്കീർണമായ ചികിൽസകൾ നിർത്തലാക്കുന്നതിനുള്ള Living Will എന്ന ആശയത്തെയും സുപ്രീം കോടതി അംഗീകരിച്ചു. “പാസ്സീവ് യൂഥനേഷ്യയെ കുറ്റമായി കാണുന്നില്ല – ഇത് മാനവികതയുടെ ഭാഗമായും വ്യക്തിയുടെ ആത്മാഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭാഗമായും പരിഗണിക്കുന്നു” എന്നും സുപ്രീം കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.
ജീവിതം ദൈവ ദാനമാണെന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി, ആത്മഹത്യയും കൊലപാതകവും കുറ്റകരമാക്കുന്ന നിയമങ്ങള്‍ നിരവധി രാജ്യങ്ങളിലുണ്ട്. അതു കൊണ്ടു തന്നെ മരണം വരെയുള്ള അസഹ്യമായ വേദന അനുഭവിക്കുന്നവർക്കു യൂഥനേഷ്യ നിയമപരമായി നിരസ്സിച്ചിരിക്കുന്നു. അതിൻ്റെ ഫലമോ? ജീവിതം സ്വയം അവസാനിപ്പിക്കേണ്ടി വരുന്ന ക്രൂരത അല്ലെങ്കില്‍ മരണ ദർശനം ലഭിക്കുന്നതുവരെ നരകതുല്യവേദന സഹിക്കേണ്ടി വരുന്ന അവസ്ഥ!
നിയമപരമായി യൂഥനേഷ്യ ഇപ്പോൾ അനുവദിച്ചിട്ടുള്ളത് കുറച്ച് പരിഷ്കൃത രാജ്യങ്ങളിൽ മാത്രമാണ്. ഓസ്ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, കൊളംബിയ, ലക്സംബർഗ്, നെതര്‍ലാന്‍ഡ്സ്, സ്പെയിന്, സ്വിറ്റ്സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങങ്ങൾ യൂഥനേഷ്യ നിയമപരമായി അനുവദിക്കുന്നു. അമേരിക്കയിൽ പത്ത് സംസ്ഥാനങ്ങൾ മാത്രമേ ഇത് അംഗീകരിച്ചിട്ടുള്ളു.
“മനുഷ്യജീവിതം ദൈവത്തിന്റെ ദാനമാണ്, അത് എടുക്കുവാൻആർക്കും അർഹതയില്ല,” എന്ന തത്വത്തെ ആധാരമാക്കിആത്മഹത്യയും കൊലപാതകവും ക്രിമിനൽ കുറ്റമായി കണക്കാക്കി നിയമങ്ങൾ രൂപീകരിച്ചു നടപ്പാക്കുന്ന രാജ്യങ്ങൾ നിയമപ്രകാരം വധശിക്ഷ നടപ്പാക്കുന്നതും അതേസമയം യൂത്തനേഷ്യ നിയമലംഘനം ആയി കാണുന്നതും ദു:ഖകരമായ ഒരു വൈരുദ്ധ്യമാണ്. മറ്റൊരാളുടെ ജീവൻ അവസാനിപ്പിക്കാൻ സഹായിക്കുന്നത് ഈ രാജ്യങ്ങളിൽ കുറ്റകരമാണ്. ഇതിന്റെ ഫലമായി, അതിയായ വേദനയും, മാറാത്ത കഠിന രോഗങ്ങളുംബാധിച്ച് വലയുന്ന ആളുകൾ മരിക്കാൻ ഒരു ഡോക്ടറുടെ സഹായം തേടാനാകാതെ, അതീവ വേദനയിലും സഹിക്കാനാവാത്ത ബുദ്ധിമുട്ടുകളിലും ജീവിതം നയിക്കാൻ നിർബന്ധിതരാവുകയാണ്.
2016-ല്‍, കാനഡ, യൂഥനേഷ്യ നിയമപരമായി അംഗീകരിച്ച ആദ്യ കോമണ്‍വെല്‍ത്ത് രാജ്യം ആയി. കാനഡയിൽ MAiD (Medical Assistance in Dying) ലഭിക്കുന്നതിനുള്ളമാനദണ്ഡങ്ങള്:
● കുറഞ്ഞത് 18 വയസ്സായിരിക്കണം
● കാനഡയിലെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കുന്നവരായിരിക്കണം
● ആരോഗ്യപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവും യോഗൃതയും ഉണ്ടയിരിക്കണം
● അതീവ ഗുരുതരമായ ചികിത്സാ സൗകര്യമില്ലാത്ത രോഗം ഉണ്ടായിരിക്കണം
● സ്വയം അപേക്ഷ നല്‍കിയിരിക്കണം
● മറ്റു ചികിത്സകള്‍, പരിപാലന പരിചരണം എന്നിവയെക്കുറിച്ച് അറിയിച്ച ശേഷം വിവരങ്ങൾ വ്യക്തമാക്കിയുള്ള സമ്മതം നല്‍കിയിരിക്കണം
● സമ്മതത്തിനു ശേഷം രണ്ട് ആരോഗ്യ വിദഗ്ധര്‍ പരിശോധന നടത്തി യോഗ്യത ഉറപ്പു വരുത്തണം.
● അപേക്ഷകര്‍ക്ക് എപ്പോൾ വേണമെങ്കിലും അതില്‍ നിന്ന് പിന്‍വാങ്ങാനുള്ള അവകാശമുണ്ട്.
MAiD അസഹനീയമായ, താങ്ങാൻ കഴിയാത്ത വേദന അനുഭവിക്കുന്നർക്കു മരണമെന്ന ആന്ത്യ ഘട്ടത്തില്‍ താങ്ങും, മനസ്സമാധാനവും, ആത്മാഭിമാനവും നല്കുന്നു. തങ്ങള്‍ക്ക് ഈ മാര്‍ഗ്ഗം ലഭ്യമാണെന്നുള്ള അവബോധം മാത്രം പലരേയും ആശ്വസിപ്പിക്കുന്നു.
27 മാർച്ച് 2018-ല്‍, കാനഡയിലെ പൂർവ്വ സൈനികരായ ജോര്‍ജും ഷേർളിയും (ബ്രിക്കെൻഡൻ ദമ്പതികൾ) 73 വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷം ഒരുമിച്ച് ഡോക്ടറുടെ സഹായത്തോടെ മരണത്തിന് വിധേയരായി. പരസ്പരം കൈപിടിച്ചു കിടന്നു കൊണ്ടായിരുന്നു അവരുടെഅന്ത്യം – അവർ ആഗ്രഹിച്ച സമയത്തും സ്ഥലത്തും. അവരുടെ മക്കളും കൊച്ചുമക്കളും സഹിഷ്ണുതയോടെയും അഭിമാനത്തോടെയും പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ഈസംഭവത്തെ വരവേറ്റു. ഒരുമിച്ച് മരിക്കുവാൻ ഡോക്ടറുടെ സഹായം തേടിയ കാനഡയിലെ ചുരുക്കം ദമ്പതികളിൽ ഒന്നാണ് ഇവർ. ഈ വിഷയത്തെപ്പറ്റി പരസ്യമായി ആദ്യമായി സംസാരിച്ചതും ഈ ദമ്പതികളാണ്.
ലീ കാര്‍ട്ടര്‍ തന്റെ അമ്മയെ (കാത്ലീൻ) 2010-ല്‍ സ്വിറ്റ്സര്‍ലാന്റിലേക്ക് യൂഥനേഷ്യക്കു കൊണ്ടുപോയി. അന്ന് കനേഡിയൻ നിയമം യൂഥനേഷ്യ അനുവദിച്ചിരുന്നില്ല. കാത്ലീൻ സ്പൈനൽ കോർഡിന്റെ തകരാറുമൂലം കിടന്ന കിടപ്പിൽ കിടക്കുകയും, കഠിന വേദന അനുഭവിക്കുകയും ചെയ്തുകൊണ്ടിരുന്നു. കാത്ലീൻ തന്റെ സത്യവാങിൽ എഴുതി, “ഞാൻ ഒരു ഇസ്തിരി പലക പോലെ, മലർന്നു കിടന്ന്, ഒരു പത്രം വായിക്കാൻ പോലും കഴിയാതെ ജീവിക്കാൻ ആഗ്രഹിക്കുന്നില്ല.” അമ്മയുടെ മരണ ശേഷം മിസ് ലീ കാർട്ടർപറഞ്ഞു, “കാത്ലീൻ ആഗ്രഹിച്ചത് പോലെ നടന്നതിനാൽ ഞങ്ങളുടെ കുടുംബം സന്തോഷഭരിതരാണ്.”
അവരുടെ മരണം കാനഡയിലെ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയിലേക്ക് നയിച്ചു. 2015-ലെ Carter v. Canada കേസിൽ, കാനഡയുടെ സുപ്രീം കോടതി വിധിയിലൂടെ, MAiD നിരോധിക്കുന്ന ക്രിമിനൽ കോഡ് വ്യവസ്ഥകൾ കാനഡയിലെ അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും ചാർട്ടറിനെ ലംഘിക്കുന്നു എന്ന് പ്രഖ്യാപിച്ചു. ഈ വിധിയിലൂടെ MAiD നിയമപരമായി അംഗീകരിക്കപ്പെട്ടു. കോടതിയിൽ MAiD സംവിധാനത്തിന്റെ ദുരുപയോഗ സാധ്യതയെയും ജീവനോടുള്ള ബഹുമാനത്തിന്റെ ആവശ്യത്തെ കുറിച്ചും ഒട്ടനവധി പേർ ആശങ്ക രേഖപ്പെടുത്തി.
2025 മാർച്ച് 21-ന്, ഐക്യരാഷ്ട്രസമിതിയുടെ വൈകല്യമുള്ളവരുടെ അവകാശങ്ങളുടെ (Rights of Persons with Disabilities) കമ്മിറ്റി കാനഡ MAiD പിൻവലിക്കണമെന്ന് ശുപാർശ ചെയ്തുകൊണ്ട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. എന്നാൽ, ഈ റിപ്പോർട്ട് തെളിയിക്കപ്പെടാത്ത കാരണങ്ങളും അടിസ്ഥാനരഹിതമായ വാദങ്ങളും ആസ്പദമാക്കി ആണ് ഉണ്ടാക്കിയത് എന്നും കാണുന്നു. പുതിയ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ, നിസ്സഹായതയുടെ എല്ലാ രൂപങ്ങളും (ദാരിദ്ര്യം, സ്ഥിരതയില്ലാത്ത താമസം, ഭക്ഷ്യ സുരക്ഷയില്ലായ്മ, താഴ്ന്നവിദ്യാഭ്യാസം, ജാതി/ മത/ നിറ പീഡനം) MAiDനെ വലിയതോതിൽ ബാധിച്ചേക്കും, പക്ഷേ അത് MAiD തിരഞ്ഞെടുക്കുന്നതിൽ കാര്യമായി പ്രതിഫലിക്കുന്നില്ല എന്നാണ് കണ്ടെത്തിയത്.
മരണവേദന അനുഭവിക്കുന്ന നിസ്സഹായരായ കാനഡക്കാരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ദുഷ്പ്രഭാവം പ്രധാനമായും പരിഗണിക്കേണ്ടതുണ്ട്. പക്ഷേ MAiD പിൻവലിക്കുന്നത് അതിന് ഉത്തരം അല്ല. പകരം, സുസ്ഥിര താമസം, സ്ഥിരവരുമാനം, ഭക്ഷ്യ സുരക്ഷ, ഫാർമ കെയർ, ഡെന്റൽ കെയർഎന്നിവ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
“വേദന അനുഭവിക്കുന്നവര്‍ക്ക് സാധാരണ പൗരന്മാര്ക്കുള്ള അവകാശങ്ങള്‍ നിഷേധിക്കപ്പെടരുത്”
– ക്രിസ്റ്റ്യൻ ബര്‍ണാര്‍ഡ്, (ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയ ദക്ഷിണാഫ്രിക്കന്‍ സര്ജന്).
മരണത്തിലേക്കുള്ള വഴിയില്‍, ആത്മാഭിമാനത്തിന്റെയും സഹാനുഭൂതിയുടെയും ഒരു വഴിയുണ്ടെന്നത് മാത്രമേ മരിക്കുന്നവരെ ആശ്വസിപ്പിക്കുകയുള്ളു”
ബിഷപ്പ് ഡെസ്മണ്ട് ടുട്ടു