ന്യൂയോർക്ക് സിറ്റി: വ്യാഴാഴ്ച വൈകിട്ട് പ്രാദേശിക സമയം 3:15ന് ഹഡ്സൺ നദിയിലേക്ക് ഹെലികോപ്റ്റർ തകർന്നുവീണു ആറു പേർ മരണപ്പെട്ടു. ഇതിൽ മൂന്നുപേർ കുട്ടികളാണ്. അപകടത്തിന് ഇരയായവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഹഡ്സൺ നദിക്കു മുകളിൽ ജോർജ് വാഷിംഗ്ടൺ ബ്രിഡ്ജിന് അരികെ നിന്നും തിരിഞ്ഞ് ന്യൂജേഴ്സി ഷോർട് ലൈൻ വഴി പോകാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. സൈറ്റ് സീയിങ് ഹെലികോപ്റ്റർ ആണ് അപകടത്തിൽ പെട്ടത്. അപകടകാരണം ഇനിയും വെളിവായിട്ടില്ല. സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോകളിൽ ഒന്ന് പ്രകാരം, ഹെലികോപ്റ്റർ ആകാശത്തുനിന്നും നേരെ നദിയിലേക്ക് പതിക്കുകയായിരുന്നു.
സംഭവത്തെ “ഭീകരം” എന്ന് തൻറെ സോഷ്യൽ മീഡിയയായ ട്രൂത്തിലൂടെ വിശേഷിപ്പിച്ച പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തുടർന്ന് ഇങ്ങനെ കുറിച്ചു: “അപകടത്തിന്റെ ഫൂട്ടേജ് ഭീതിജനകമാണ്. അപകടത്തിനിരയായവരുടെ കുടുംബങ്ങളെയും സുഹൃത്തുക്കളെയും ദൈവം അനുഗ്രഹിക്കട്ടെ”.