കാനഡ പോസ്റ്റിന്റെ സാമ്പത്തിക അവസ്ഥയും അതിന്റെ സേവനങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങളും സംബന്ധിച്ച് പുറത്ത് വന്ന പുതിയ റിപ്പോർട്ട് വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. കാനഡയിലെ ചെറുകിട ബിസിനസ്സുകൾക്കും ഉപഭോക്താക്കൾക്കും ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി
ഇൻഡസ്ട്രിയൽ ഇൻക്വയറി കമ്മീഷണർ വില്യം കാപ്ലാൻ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, കാനഡ പോസ്റ്റ് ഇപ്പോൾ സാമ്പത്തികമായി ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്നു. “ഇപ്പോൾ തന്നെ പരിഗണിച്ചും ഘട്ടംഘട്ടമായും മാറ്റങ്ങൾ നടപ്പിലാക്കാതെ പോയാൽ, കാനഡ പോസ്റ്റിന്റെ സാമ്പത്തിക നില കൂടുതൽ മോശമാകും,” എന്നാണ് കാപ്ലാന്റെ മുന്നറിയിപ്പ്.
ഡോർ-ടു-ഡോർ ഡെലിവറി അവസാനിപ്പിക്കാൻ ശുപാർശ
കാനഡ പോസ്റ്റിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനായി, വീടുകളിലേക്കുള്ള നേരിട്ടുള്ള ഡെലിവറി സേവനം അവസാനിപ്പിക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. എന്നാൽ, ബിസിനസ്സുകൾക്ക് ദിവസേന ഡെലിവറി തുടരേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ജോലി രീതികളിലും മാറ്റം
വീക്കന്റ് ഷിഫ്റ്റുകൾക്കും ചില ദിവസങ്ങളിൽ പാർട്ട്-ടൈം ജീവനക്കാരെ നിയമിക്കണമെന്ന ശുപാർശയും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഇവർക്ക് ഫുൾ-ടൈം ജീവനക്കാരെ പോലെ തന്നെ ശമ്പളവും ആനുകൂല്യങ്ങളും നൽകണമെന്നും, ഇവയെ ഗിഗ് ജോലികൾ ആക്കരുതെന്നും കാപ്ലാൻ പറയുന്നു.
യൂണിയൻ–മാനേജ്മെന്റ് തർക്കം
കാനഡ പോസ്റ്റും പോസ്റ്റൽ യൂണിയനും തമ്മിലുള്ള ചർച്ചകൾ ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ വർഷം നടന്ന സമരത്തിൽ, മില്യണുകൾക്ക് മുകളിൽ പാക്കറ്റുകൾ സ്റ്റോറിൽ കെട്ടിക്കിടക്കേണ്ട സ്ഥിതി വന്നിരുന്നു. പുതിയ സമര സാധ്യതയെ തുടർന്ന് ചെറുകിട ബിസിനസ്സുകൾക്കും ഇ-കൊമേഴ്സ് സ്ഥാപനങ്ങൾക്കും വലിയ ആശങ്കയുണ്ട്.
ചെറുകിട ബിസിനസ്സുകളുടെ അവസ്ഥ
റൂറൽ മേഖലകളിൽ കാനഡ പോസ്റ്റ് മാത്രമാണ് വിശ്വസനീയമായ ഡെലിവറി സേവനം നൽകുന്നത്. പകരം കൊറിയർ സർവീസുകൾ ലഭ്യമല്ലാത്തതിനാൽ ചെറുകിട വ്യാപാരികൾക്ക് വലിയ ബുദ്ധിമുട്ടാണ്. വലിയ കൊറിയർ കമ്പനികൾ വഴി ചെറുതായുള്ള പാക്കറ്റുകൾ അയക്കുമ്പോൾ ചാർജുകൾ കൂടുതലാണ്, അതിനാൽ ചെറുകിട ബിസിനസ്സുകൾക്ക് അത് നഷ്ടം വരുത്തി വയ്ക്കും.
ഭാവി സാധ്യതകളും മുന്നൊരുക്കങ്ങളും
കാനഡ പോസ്റ്റിന്റെ സേവനം നിലയ്ക്കുമെന്ന ആശങ്കയിൽ ബിസിനസ്സുകൾ പകരം മാർഗങ്ങൾ അന്വേഷിക്കുകയാണ്. ചിലർ പുതിയ കൊറിയർ സേവനങ്ങൾ പരീക്ഷിക്കുമ്പോൾ, ചിലർ ഉപഭോക്താക്കളോട് കാത്തിരിക്കാനാണ് പറയുന്നത്. പ്രധാന കൊറിയർ കമ്പനികൾക്ക് (FedEx, UPS) കാനഡ പോസ്റ്റ് നൽകി വരുന്ന തരത്തിലുള്ള ചിലവ് കുറഞ്ഞതും കാര്യക്ഷമവുമായ സേവനങ്ങൾ നൽകാനാവില്ല എന്നതാണ് മറ്റൊരു വലിയ പ്രശ്നം