ഖാൻ യൂനിസ്: ഗാസയിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിയിലെ പീഡിയാട്രിഷ്യൻ ഡോ. അലാ അൽ-നജ്ജാറിന്റെ വീടിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അവരുടെ 10 മക്കളിൽ ഒമ്പത് പേരും കൊല്ലപ്പെട്ടതായി ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഡോക്ടറുടെ മക്കളിൽ പതിനൊന്നുകാരനായ ഒരു മകൻ മാത്രമാണ് ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടത്. ഭർത്താവ് ഡോ. ഹംദി അൽ-നജ്ജാറും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ആക്രമണ സമയത്ത് ഡോ. അലാ ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്നു. വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ വീടു തീപിടിച്ച് കത്തിക്കൊണ്ടിരിക്കുകയായിരുന്നു. കൊല്ലപ്പെട്ട കുട്ടികൾ ഏഴു മാസം മുതൽ 12 വയസ്സ് വരെ പ്രായയുള്ളവരാണ്. രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു.
ഇതുവരെ 24 മണിക്കൂറിനുള്ളിൽ ഗാസയിൽ നടന്ന വ്യോമാക്രമണങ്ങളിൽ 79 പേരുടെ മൃതദേഹങ്ങൾ ആശുപത്രികളിലെത്തിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കൻ ഗാസയിലെ ആശുപത്രികളിലേക്കുള്ള പ്രവേശനം ഇപ്പോൾ അസാധ്യമാണ്. “ഇത് ഗാസയിലെ ആരോഗ്യപ്രവർത്തകർ അനുഭവിക്കുന്ന യാഥാർത്ഥ്യമാണ്. ഈ വേദനയെ വാക്കുകൾ കൊണ്ട് വിശദീകരിക്കാൻ കഴിയില്ല,” എന്ന് ഗാസാ ആരോഗ്യ മന്ത്രാലയ ഡയറക്ടർ ഡോ. മുനീർ അൽ-ബുർഷ് പ്രതികരിച്ചു.
ഖാൻ യൂനിസിലെ അപകടകരമായ യുദ്ധപ്രദേശത്താണ് ആക്രമണം നടന്നതെന്നും, അവിടെയുള്ള സിവിലിയന്മാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്നും, നിരപരാധികൾക്ക് നഷ്ടം സംഭവിച്ചെന്ന ആരോപണം അന്വേഷിക്കുന്നുണ്ടെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
ഈ ദാരുണ സംഭവത്തിൽ ഗാസയിലും അന്താരാഷ്ട്ര സമൂഹത്തിലും ആഴത്തിലുള്ള ദുഃഖവും പ്രതിഷേധവുമാണ് ഉയരുന്നത്.