ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തുമായി ജൂൺ ഒന്നിന് നടത്തിയ കൂടിക്കാഴ്ചയിൽ താൻ സന്തുഷ്ടനാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി.
സ്മിത്തുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്നും “ഏകീകൃത കനേഡിയൻ സമ്പദ്വ്യവസ്ഥ” കൈവരിക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ട് കൂടിക്കാഴ്ചയിൽ നടത്തിയ ചർച്ച പുരോഗതി കൈവരിച്ചുവെന്നും മാർക്ക് കാർണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
ആൽബെർട്ടയിലും കാനഡയിലുടനീളവും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉൾപ്പെടെ വലിയ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കുന്നതിനെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചെങ്കിലും ആ പദ്ധതികളുടെ സ്വഭാവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചില്ല.
കാനഡയെ ഒന്നിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് തെളിയിക്കാൻ കാർണിക്ക് “അദ്ദേഹം വരുത്തേണ്ട ന്യായമായ മാറ്റങ്ങളുടെ ഒരു പട്ടിക” നൽകിയതായി ഡാനിയേൽ സ്മിത്തും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഈ ആഴ്ച നടക്കുന്ന പ്രവിശ്യ നേതാക്കളുടെ ആദ്യ മീറ്റിംഗിന് ശേഷം ഈ പരിഷ്കാരങ്ങളിൽ ദ്രുതഗതിയിലുള്ള പുരോഗതി കാണാൻ ആൽബർട്ട ആഗ്രഹിക്കുന്നു,” സ്മിത്ത് കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം നടത്തിയ തന്റെ ആദ്യ സന്ദർശനത്തിൽ ഞായറാഴ്ച രാവിലെ കാൽഗറിയിൽ എണ്ണ, പ്രകൃതി വാതക മേഖലയിലുള്ള എക്സിക്യൂട്ടീവുകളുമായി മാർക്ക് കാർണി കൂടിക്കാഴ്ച നടത്തി.
അപകടകരമാം വിധം ഭിന്നത നിലനിൽക്കുന്ന ഈ ലോകത്ത് സഹവർത്തിത്വത്തോടെ പ്രവർത്തിക്കണമെന്ന് കൂടിക്കാഴ്ചയിൽ അദ്ദേഹം പ്രേരിപ്പിച്ചു.
ഇത്തരത്തിലുള്ള പങ്കാളിത്തങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ ഫെഡറൽ സർക്കാർ തലത്തിൽ തങ്ങൾക്ക് സാധ്യമായ കാര്യങ്ങൾ ചെയ്യുമെന്ന് കാർണി ഉറപ്പു നൽകി.
ജൂൺ രണ്ടിനു, തിങ്കളാഴ്ച സസ്കാറ്റൂണിൽ വച്ച് കാനഡയിലെ എല്ലാ പ്രവേശ്യ നേതാക്കളുമായി നേരിട്ട് നടത്തുന്ന ഒരു വലിയ സമ്മേളനത്തിന് മുന്നോടിയായിട്ടായിരുന്നു കാർണിയുടെയും സ്മിത്തിന്റെയും കൂടിക്കാഴ്ച. കാനഡയിൽ വേഗത്തിൽ നടപ്പിലാക്കുമെന്ന് കാർണി വാഗ്ദാനം ചെയ്ത ദേശീയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെക്കുറിച്ച് അവിടെ നേതാക്കൾ ചർച്ച ചെയ്യും.