ഇസ്രായേലിന്റെ വ്യോമാക്രമണത്തിന് തിരിച്ചടിയായി, ഇറാൻ വെള്ളിയാഴ്ച രാത്രി ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി. ജെറുസലേമിലും തെൽ അവീവിലും വലിയ സ്ഫോടനങ്ങൾ ഉണ്ടായി.
ഇസ്രായേലിൽ ജനങ്ങൾക്ക് അതീവ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. തെൽ അവീവിന്റെ ആകാശത്ത് മിസൈലുകൾ പറക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്. ഇറാൻ രണ്ടുതവണ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു.
ഇറാൻ 100-ല് താഴെ മിസൈലുകൾ അയച്ചുവെന്നും ഇവയിൽ കൂടുതലും ഇസ്രായേൽ പ്രതിരോധിച്ചുവെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസ് സൈന്യവും ഇസ്രായേലിലേക്കെത്തിയ ചില മിസൈലുകൾ തകർത്തതായി അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇസ്രായേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, രണ്ടു പേർക്ക് ഗുരുതരമായും, എട്ടുപേർക്ക് മിതമായും, 34 പേർക്ക് നിസ്സാര പരിക്കുകളും സംഭവിച്ചിട്ടുണ്ട്.