ഡബ്ലിൻ, അയർലൻഡ്: നാസയും അമേരിക്കയിലെ നാഷണൽ സ്പേസ് സൊസൈറ്റിയും സംഘടിപ്പിച്ച അന്താരാഷ്ട്ര സ്പേസ് സെറ്റിൽമെന്റ് ഡിസൈൻ മത്സരത്തിൽ ഐറിഷ് വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം. ആയിരക്കണക്കിന് ആഗോള മത്സരാർത്ഥികളെ പിന്തള്ളി ഡബ്ലിനിലെ St Dominic’s College Cabraയിലെയും ക്ലെയറിലെ St Flannan’s College Ennisലെയും സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഈ പുരസ്കാരം സ്വന്തമാക്കി.
ഈ വിജയം മലയാളികൾക്കും അഭിമാനകരമാണ്. വിജയിച്ച St Dominic’s College Cabra ടീമിൽ വിദ്യാർത്ഥികളായ ശ്രേയ മരിയ സാജുവും, നിയ നെജുവും മലയാളികളാണ്.

ഭ്രമണപഥത്തിൽ ജീവൻ നിലനില്പിന് ആവശ്യമായ ഭക്ഷണം, ജലം, ഓക്സിജൻ എന്നിവയുടെ പുനരുപയോഗം നടത്തുന്ന ക്ളോസ്ഡ്-ലൂപ്പ് സിസ്റ്റം ആണ് ഈ വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്തത്. ‘Inis Beatha‘ അഥവാ “Island of Life” എന്നാണ് വിദ്യാർത്ഥികൾ അവരുടെ ഡിസൈന്‍ പേരിട്ടിരിക്കുന്നത്. ഭൂമിയുടെ ആകർഷണം ഇല്ലാത്ത അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഈ സ്പേസ് ഹാബിറ്റാറ്റ്, മറ്റ് ഗ്രഹങ്ങളും ആസ്ട്രോയിഡുകളും പരിവേഷണം ചെയ്യുന്നതിന് ഉപയോഗിക്കാമെന്നാണ് വിദ്യാർത്ഥികൾ വിശദീകരിച്ചത്.
വിജയിച്ച വിദ്യാർത്ഥികളെ ഈ മാസം (ജൂൺ 2025) ഫ്ളോറിഡയിലെ ഓർലാൻഡോയിൽ നടക്കുന്ന International Space Development Conference-ലേക്ക് ക്ഷണിച്ചിട്ടുണ്ട്. സ്പേസ് ഇൻഡസ്ട്രിയിലെ പ്രമുഖർ, ശാസ്ത്രജ്ഞർ, ബഹിരാകാശ പ്രേമികൾ തുടങ്ങിയവർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ അവർ തങ്ങളുടെ ഡിസൈൻ അവതരിപ്പിക്കും.
വിജയത്തെക്കുറിച്ച് സംസാരിച്ച വിദ്യാർത്ഥി ശ്രേയ മരിയ സജു പറഞ്ഞു:
“ഞങ്ങൾ വിജയിച്ചതായുള്ള വാർത്ത കേട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി. ഞാൻ വീട്ടിൽ എല്ലാവരോടും പറഞ്ഞു, അവർക്കും ഒത്തിരി സന്തോഷമായി.”