ആൽബർട്ട, കാനഡ: G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മിഡിൽ ഈസ്റ്റിലെ പ്രതിസന്ധികൾ മൂലം തിങ്കളാഴ്ച രാത്രി തന്നെ തിരിച്ചുപോകും എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. മറ്റ് രാജ്യ തലവന്മാരുമായുള്ള ഔദ്യോഗിക വിരുന്നിന് ശേഷമായിരിക്കും തിരിച്ചു പോകുന്നത്.
“ജി7 സമ്മേളനത്തിൽ പ്രസിഡന്റിന് മികച്ച ദിനമായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമറുമായി വ്യാപാര കരാറിൽ ഒപ്പുവെച്ചു,” എന്നായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലൈൻ ലെവിറ്റിന്റെ ട്വിറ്റർ പോസ്റ്റ്. “പല കാര്യങ്ങളും നടന്നു. പക്ഷേ, മിഡിൽ ഈസ്റ്റിൽ സംഭവിക്കുന്ന കാര്യങ്ങൾ മൂലം അദ്ദേഹം ഇന്നത്തെ ഡിന്നറിന് ശേഷം മടങ്ങും.”
പ്രതിസന്ധിയുടെ പ്രത്യേക വിശദീകരണം നൽകിയിട്ടില്ലെങ്കിലും, ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി അടിയന്തര ആലോചനകൾ നടത്താനാണ് പ്രസിഡന്റ് തിരിച്ചു പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ.