ഒറ്റവ – കാനഡയുടെ ഫെഡറൽ സർക്കാർ നിയന്ത്രണത്തിലുള്ള പ്രോവിൻസുകൾ തമ്മിലുള്ള വ്യാപാരതടസ്സങ്ങൾ (interprovincial trade barriers) നീക്കം ചെയ്യുന്നതിന് നടപടികൾ ആരംഭിച്ചതായി ആഭ്യന്തര വ്യാപാര മന്ത്രി ക്രിസ്റ്റ്യാ ഫ്രീലാൻഡ് അറിയിച്ചു.
കാനഡ ഫ്രീ ട്രേഡ് അഗ്രിമെന്റിൽ (Canada Free Trade Agreement) ഫെഡറൽ സർക്കാർ നേരത്തെ നടത്തിയ സംവരണങ്ങൾ ഇപ്പോൾ മുഴുവനായും നീക്കിയതായി പ്രസ്താവനയിൽ വ്യക്തമാക്കി. പ്രധാനമന്ത്രി മാർക്ക് കാർനി ഈ വർഷം ഫെഡ്രൽ തിരഞ്ഞെടുപ്പിന് മുൻപായി നിരവധി ഫെഡറൽ തടസ്സങ്ങൾ മാറ്റിയിരുന്നെങ്കിലും സുരക്ഷാ കാരണങ്ങൾ മൂലം ഇരുപതിലധികം സംവരണങ്ങൾ നിലനിൽക്കുകയായിരുന്നു.
ഇപ്പോൾ നീക്കിയ ഭാഗിക തടസ്സങ്ങൾ പ്രധാനമായും ഫെഡറൽ തലത്തിലെ സംഭരണം (procurement) സംബന്ധിച്ചവയാണ്.
കാനഡ ദിനം എത്തുന്നതിനുമുമ്പായി ദേശീയാന്തരവ്യാപാര തടസ്സങ്ങൾ നീക്കംചെയ്യുമെന്ന് പ്രധാനമന്ത്രി കാർനി വാഗ്ദാനം ചെയ്തിരുന്നു. ഈ സമയപരിധിക്ക് കൃത്യമായി പാലിച്ചാണ് ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. ലിബറൽ സർക്കാരിന്റെ “One Canadian Economy” ബിൽ അടുത്തിടെ പാസാകുകയും ചെയ്തിട്ടുണ്ട്.
കാനഡയിലെ ചില പ്രൊവിൻസുകളും ആഭ്യന്തരവ്യാപാര തടസ്സങ്ങൾ കുറയ്ക്കാൻ ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവെച്ച് ശ്രമങ്ങൾ തുടരുകയാണ്. എന്നിരുന്നാലും, പല പ്രൊവിൻസുകളിലും നൂറുകണക്കിന് വ്യാപാരപരിമിതികൾ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ഇതിൽ വാണിജ്യവസ്തുക്കളുടെ വിൽപ്പനയിലെ ഭൂമിശാസ്ത്രപരമായ നിയന്ത്രണങ്ങൾ, നയ വ്യത്യാസങ്ങൾ, തൊഴിൽ സ്ഥലംമാറ്റങ്ങളിലെ തടസ്സങ്ങൾ എന്നിവയും ഉൾപ്പെടുന്നു.