ടൊറന്റോ: ഫ്രാൻസ് ആസ്ഥാനമായുള്ള ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ഗുഡ്സ് റീറ്റെയിൽ ബ്രാൻഡ് ആയ ഡെക്കാത്ത്ലോൺ, അവരുടെ ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ (GTA) അഞ്ച് സ്റ്റോറുകൾ അടയ്ക്കാൻ തീരുമാനിച്ചു.
ബ്രാംപ്ടൺ, ബർലിംഗ്ടൺ, മാർക്കം, സ്കാർബറോ, വോൺ എന്നിവിടങ്ങളിലായുള്ള സ്റ്റോറുകളാണ് അടയ്ക്കാൻ പോകുന്നത്. അവസാന തീയതി കമ്പനി പിന്നീട് അറിയിക്കും.
“ഓൺലൈൻ, ഇൻ-സ്റ്റോർ എന്നിവയിലൂടെയുള്ള വൈവിധ്യം ഉപഭോക്താക്കൾ കൂടുതലായി പ്രതീക്ഷിക്കുന്നതിനാൽ, സ്റ്റോറുകളുടെ മാതൃക പുതുക്കുകയാണ്,” ഡെക്കാത്ത്ലോൺ കാനഡ ഒരു വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
GTAയിൽ നിന്ന് വലിയ ഫോർമാറ്റിലുള്ള സ്റ്റോറുകൾ പിൻവലിച്ചെങ്കിലും, ചെറിയ ആകൃതിയിലുള്ള സ്റ്റോറുകളുമായി വീണ്ടും തിരിച്ചെത്താൻ സാധ്യതയുണ്ടെന്നും, പുതിയ പാർട്ണർമാരെക്കൊണ്ട് ഹോള്‍സെയിൽ അവസരങ്ങൾ അന്വേഷിക്കുമെന്നും കമ്പനി അറിയിച്ചു.
ജോലി നഷ്ടമാകുന്നത് കുറക്കാൻ, ജീവനകർക്കു മറ്റ് പ്രോവിൻസുകളിലെ ഒഴിവുള്ള സ്ഥാനങ്ങൾക്ക് അപേക്ഷിക്കാനുള്ള അവസരം കമ്പനിക്കുള്ളിൽ ലഭ്യമാകുമെന്ന് ഡെക്കാത്ത്ലോൺ അറിയിച്ചു.
ലോകത്ത് 79 രാജ്യങ്ങളിൽ 1,800-ലധികം സ്റ്റോറുകളുള്ള ഡെക്കാത്ത്ലോൺ, കാനഡയിൽ ഇപ്പോഴും ആൽബർട്ട, ഒന്റാറിയോ, ക്യൂബെക്, നോവ സ്കോട്ടിയ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലായി 15 സ്റ്റോറുകൾ പ്രവർത്തിപ്പിക്കുമെന്ന് വ്യക്തമാക്കി.