ടെക്സസ് ഹിൽ കൺട്രിയിലെ സൗത്ത് സെൻട്രൽ പ്രദേശത്ത് വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ ഉഗ്രമായ മഴയെ തുടർന്ന് ഗ്വാഡലൂപ്പ് നദിയിൽ ഉണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിൽ 24 പേരാണ് മരിച്ചത്. കേർ കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ ദുഃഖകരമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേർ കൗണ്ടി ഷെരീഫ് ലാരി ലെയ്ത ഇത് “കാറ്റസ്ട്രോഫിക് ഫ്ളഡിംഗ്” ആണെന്ന് പറഞ്ഞു.
നിരവധി മാസം കൊണ്ട് പെയ്യേണ്ട മഴ സമാനമായ മഴ മണിക്കൂറുകൾക്കുള്ളിൽ പെയ്തതോടെ, നദിയുടെ തീരത്തുള്ള താമസക്കാരെയും, കുട്ടികളുടെ സമർ ക്യാമ്പുകളിലെയും നൂറുകണക്കിന് പേരെ രക്ഷിക്കാൻ ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു.
Camp Mystic എന്ന പ്രൈവറ്റ് ക്രിസ്ത്യൻ ഗേൾസ് സമർ ക്യാമ്പിൽ നിന്നായി 23 മുതൽ 25 കുട്ടികളോളം കാണാതായതായി റിപ്പോർട്ടുകൾ ഉണ്ട്. ക്യാമ്പിൽ ആകെ 750 കുട്ടികളുണ്ടായിരുന്നു, എന്നതും അധികൃതർ അറിയിച്ചു.
ടെക്സസ് ലെഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക്ക് സ്ഥിരീകരിച്ച വിവരമനുസരിച്ച്, മരിച്ചവരെയും കാണാതായവരെയും കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. അതേസമയം, അമേരിക്കൻ കാലാവസ്ഥാ വകുപ്പ് ഗ്വാഡലൂപ്പ് നദിയോടടുത്തുള്ള പ്രദേശങ്ങളിൽ ‘ഫ്ലാഷ് ഫ്ളഡ് എമർജൻസി’ പ്രഖ്യാപിച്ചിട്ടുണ്ട്.
വീണ്ടും ശക്തമായ മഴ പെയ്യാനിടയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാൽ, രക്ഷാപ്രവർത്തനങ്ങൾ അതീവ ജാഗ്രതയോടെ ആണ് തുടരുന്നത്, ഒപ്പം പ്രദേശവാസികൾക്ക് അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയതായും അധികൃതർ അറിയിച്ചു.