എഴുതുന്നതെല്ലാം എഴുത്തല്ല. എല്ലാ നല്ല എഴുത്തും ഒരു ദർശനത്തിന്റെ അസ്തിവാരത്തിലായിരിക്കും പടുത്തുയർത്തിയിട്ടുള്ളത്. ഈ ദർശനമാകട്ടെ കരുതിക്കൂട്ടി രൂപപ്പെടുത്തുന്നതല്ല. ദർശനം എഴുത്തിൽ അന്തർഹിതമായിരിക്കുന്നതുപോൽ എഴുത്തുകാരനിലും ഒരു നിലപാട് ഉണ്ടാവേണ്ടതുണ്ട്. എഴുത്തിലെ ദാർശനികതയും എഴുത്തുകാരന്റെ സാഹിത്യബാഹ്യമായ നിലപാടുകളും തമ്മിൽ സഹയാനം ഉണ്ടായിക്കൊള്ളണമെന്നു നിർബന്ധമില്ല. എങ്കിലും ഇവ തമ്മിൽ ഒരു ആന്തരികൈക്യം ഉണ്ടാവുക എന്നതാണ് സ്വാഭാവികം. എഴുത്തുകാരന്റെ ജീവിതവും ദർശനവും തമ്മിൽ പൊരുത്തം ഉണ്ടാവുമ്പോൾ അതിന് സവിശേഷമായ ഒരു സാംഗത്യമുണ്ടാകുന്നുണ്ട്. സർഗ്ഗരചന എല്ലാ കെട്ടുപാടുകളെയും നിരസിക്കുകയും സ്വതന്ത്രമായ തുറസ്സുകളിലേക്ക് പ്രയാണം ചെയ്യുകയും ചെയ്യും. എഴുത്തുകാരന്റെ നിലപാട് എന്നു പറയുന്നത് അയാൾ പോലും അറിയാതെ രൂപപ്പെടുന്ന ഒന്നാണ്. അത് കെട്ടിപ്പടുത്ത ഒരു ശില്പസമുച്ചയമല്ല.എഴുത്തുകാരന്റെ ആത്മാംശവും ലോകബോധവും ഏതൊക്കെയോ അളവുകളിൽ സങ്കലനം ചെയ്യപ്പെട്ട് ഉരുത്തിരിഞ്ഞു വരുന്നതാണ് അത്. രൂപഭാവങ്ങൾ വ്യത്യസ്ത ആകാരസ്വഭാവങ്ങൾ സ്വീകരിച്ച് എഴുത്തിന്റെ നിറവേറൽ സംഭവിക്കുമ്പൊഴും അതിന്റെ ആകെത്തുക എന്നു പറയുന്നത് അതിൽ അന്തര്യാമിയായി നിലകൊള്ളുന്ന ജീവിതദർശനമാണ്. ഈ ദർശനം എവിടെ നിന്നും കടം കൊണ്ടതോ വാടകയ്ക്കെടുത്തതോ അല്ല. ആരും പാരിതോഷികമായി നൽകിയതോ അടിച്ചേല്പിച്ചതോ അല്ല. അത്തരം സമ്മർദ്ദങ്ങൾക്കു തളർത്താൻ കഴിയാത്തവനാണ് യഥാർത്ഥ എഴുത്തുകാരൻ. എഴുത്ത് എല്ലാ വിലക്കുകൾക്കും മനുഷ്യൻ കല്പിച്ച അതിർത്തികൾക്കും മീതെയുള്ള ആത്മപ്രകാശനമാണ്. അത് അമിതമായ വ്യക്തിവാദത്തിന്റെ ഇടുങ്ങിയ തൊഴുത്തിൽ ബന്ധിക്കപ്പെടുന്നില്ല. പ്രത്യയശാസ്ത്രങ്ങളുടെ ഭാരം ചുമന്ന് അനുകമ്പാർഹമായിത്തീരുകയുമില്ല. എഴുത്തുകാരന്റെ നിലപാട് അവനവനോടുള്ള സത്യസന്ധതയിൽ അധിഷ്ഠിതമാണ്. അത് സോദ്ദേശ്യമായ താത്കാലികതകളെ ആഘോഷിക്കുന്നില്ല. കെട്ടിയേല്പിച്ച ചുമട് എവിടെങ്കിലും കൊണ്ടിറക്കുന്ന കലാപ്രവർത്തനവുമല്ല. അതിന്റെ നിത്യസുരഭിലമായ ആദർശവും അധിഷ്ഠാനവും മാനവികതയാണ്.മാർക്സിസം മനുഷ്യമനസ്സിനെ വേണ്ട പോലെ ഉൾക്കൊള്ളുകയും പരിഗണിക്കുകയും ചെയ്തില്ല എന്ന് മിലാൻ കുന്ദേര പറയുന്നതോർമ്മിക്കുക. അതെന്തായാലും, വിശാലമായ അർത്ഥത്തിൽ, ഒരേ സമയം മനുഷ്യമനസ്സിന്റെ ആന്തരിക നിഗൂഢതകളെയും പ്രാപഞ്ചിക മാനങ്ങളെയും ആവഹിക്കുന്നതാണ് നല്ല എഴുത്തും. മനുഷ്യർ മാത്രമായി ഒതുങ്ങുന്നതല്ല, ജീവഗണത്തെ തന്നെ സമഗ്രമായി മുന്നിൽ കണ്ടു കൊണ്ടാണ് മികച്ച എഴുത്ത് സാധ്യമാകുന്നത്.
എഴുത്ത് തന്നെ ഒരു അധികാര വ്യവസ്ഥയാണ്. അതിനാൽ എഴുത്തിനു മീതെ മറ്റൊരധികാരത്തിന് പ്രസക്തിയില്ല. ജീവിതാനുഭവങ്ങളും നിരീക്ഷണശക്തിയും പ്രതിഭയും നൽകുന്ന കരുത്താണ് എഴുത്തുകാരന്റെ മൂലധനം. ഈ മൂലധനമുള്ളവൻ ബാഹ്യമായ യാതൊരു അധികാരവ്യവസ്ഥയെയും മാനിക്കാൻ ബാധ്യസ്ഥനല്ല.”
എഴുത്ത് തന്നെ ഒരു അധികാര വ്യവസ്ഥയാണ്. അതിനാൽ എഴുത്തിനു മീതെ മറ്റൊരധികാരത്തിന് പ്രസക്തിയില്ല. ജീവിതാനുഭവങ്ങളും നിരീക്ഷണശക്തിയും പ്രതിഭയും നൽകുന്ന കരുത്താണ് എഴുത്തുകാരന്റെ മൂലധനം. ഈ മൂലധനമുള്ളവൻ ബാഹ്യമായ യാതൊരു അധികാരവ്യവസ്ഥയെയും മാനിക്കാൻ ബാധ്യസ്ഥനല്ല. എഴുത്തുകാരൻ ഒരു മൂല്യവ്യവസ്ഥയെ സൃഷ്ടിക്കുന്നവനാണ്.ആലങ്കാരികമായി പറഞ്ഞാൽ എഴുത്തുകാരൻ ഒരു അധികാര വ്യവസ്ഥയെ സൃഷ്ടിച്ച് പരിപാലിക്കുന്നവനാണ്. അത് ആത്യന്തികമായി ദുഷിപ്പിക്കുന്നില്ല.അധികാരം ദുഷിപ്പിക്കുന്നു എന്നു പറയാറുണ്ടെങ്കിലും എഴുത്തിലെ ഈ അധികാരം അതിലെ മൂല്യവ്യസ്ഥയുടെ ദൃഢതയെയാണ് സൂചിപ്പിക്കുന്നത്. എഴുതുന്ന വേളയിൽ എഴുത്തുകാരൻ ബോധപൂർവ്വമായ എല്ലാ ശാസനകളെയും നിബന്ധനകളെയും ധിക്കരിക്കാൻ തയ്യാറാവുന്നു. എഴുത്ത് അയാൾക്കു പോലും നിയന്ത്രണമില്ലാത്ത ഒരു ജൈവപ്രക്രിയയിലേക്കു നീങ്ങുന്നു. എഴുത്ത് അയാളെ വഹിച്ചു കൊണ്ടുപോകുകയാണ്. എഴുത്തുകാരൻ ചെയ്യുന്നതിന്റെ മുഴുവൻ ഉത്തരവാദിയല്ല അയാൾ. എഴുത്തുകാരൻ അയാൾക്കുള്ളിലെ മറ്റൊരു വ്യക്തിത്വമാണ്. അതിനാൽ അയാൾ പുരസ്കാരങ്ങളുടെ പിന്നാലെ പോവുകയില്ല. തന്നിലെ എഴുത്തുകാരൻ വേണ്ടതുപോലെ സ്വീകരിക്കപ്പെട്ടില്ല എന്ന് പരിഭവം പറയില്ല. അയാൾക്കറിയാം തന്നിലെ അപരൻ വിതച്ച വിത്തുകൾ കാലമാകുമ്പോൾ മുളയ്ക്കുമെന്ന്. അതാണ് സ്വന്തം എഴുത്തിൽ വിശ്വാസമുള്ളവൻ സ്വയം വിൽക്കാൻ വയ്ക്കാത്തതിന്റെ രഹസ്യം. ഈയൊരു വിശ്വാസരാഹിത്യമാണ് അധികാര കേന്ദ്രങ്ങൾക്ക് വില്പന വസ്തുവായി എഴുത്തുകാരൻ തരം താഴുന്ന ദൈന്യതയ്ക്ക് ഹേതു.
എഴുത്തിന്റെ മൂല്യം അതിലടങ്ങിയിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ മൂല്യമാണ്. അസ്വതന്ത്രമായ മനസ്സിൽ നിന്ന് യഥാർത്ഥ എഴുത്ത് ഉണ്ടാവുന്നില്ല. തന്നെ മഥിച്ചുകൊണ്ടിരിക്കുന്ന നൂറുനൂറ് സംഘർഷങ്ങളിൽ നിന്ന് താത്കാലികമായെങ്കിലും പുറത്തുകടന്ന് സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുമ്പോഴാണ് ആത്മവിമോചകമായ എഴുത്ത് സംഭവിക്കുന്നത്. ഏതൊരു എഴുത്തും അതിന്റെ ആദ്യ പടിയായ ആത്മ വിമോചനത്തിൽ നിന്നുമാണ് പടിപടിയായി പ്രാപഞ്ചിക സത്യത്തിലേക്ക് വളരുന്നതും വികസിക്കുന്നതും. എഴുതുന്ന വേളയിൽ എഴുത്തുകാരന്റെ മുമ്പിൽ ആന്തരിക ലോകങ്ങൾ മാത്രമേയുള്ളു. അതിനാലാണ് എഴുത്തുകാരന്റെ സത്യസന്ധത തന്നോടു തന്നെയായിരിക്കണമെന്ന് പറയുന്നത്. അല്ലാത്തതിനെ എഴുത്തെന്ന് വിശേഷിപ്പിക്കാൻ നിവൃത്തിയില്ല. എഴുത്തുകാരൻ സ്വയം ഒരു പരമാധികാര രാഷ്ട്രമാകുന്നത് അങ്ങനെയാണ്. ബാഹ്യമായ നിയന്ത്രണങ്ങൾ അതിനാൽ എഴുത്തിനെ ബാധിക്കുന്നില്ല. ബാധിക്കുകയുമരുത്. അതുകൊണ്ടാണ് ആത്മാഭിമാനമുള്ള എഴുത്തുകാരൻ തന്റെ എഴുത്തിന് വിലയിടാൻ നിന്നു കൊടുക്കാത്തത്. ഒരു പക്ഷേ, അയാളെഴുതിയത് പൂർണ്ണമായ അർത്ഥത്തിൽ സ്വീകരിക്കപ്പെടാതെ വന്നേക്കാം. അപ്പൊഴും അയാളിലെ സർഗ്ഗപ്രതിഭ ഇടറുകയോ നിരാശപ്പെടുകയോ ചെയ്യുന്നില്ല. എന്നെങ്കിലും കണ്ടെടുക്കപ്പെട്ടേക്കാവുന്ന വാക്കിന്റെ മൂല്യത്തെ പ്രതി അയാൾ പ്രതീക്ഷ കൈവിടാത്തവനായി മാറുന്നു. ഇപ്പറഞ്ഞത് വാക്കിന്റെ മൂല്യമറിഞ്ഞ് എഴുതുന്നവനു മാത്രം ബാധകമാണ്. അല്ലാത്തവരുണ്ട്. അതിനാലാണ് എഴുതുന്നതെല്ലാം എഴുത്തല്ല എന്നു ആദ്യമേ പറയേണ്ടി വന്നത്. എഴുത്തുകാരന്റെ ജോലി ദല്ലാൾവേലയല്ല.അയാൾ അയാളുടെ അലംഘനീയമായ ആന്തരിക ബോധ്യങ്ങളുടെ സംസ്ഥാപകനാണ്. രണ്ടാമതു മാത്രമേ ഈ ആന്തരിക പ്രത്യക്ഷത്തിന്റെ ഉൽപ്പന്നമായ എഴുത്ത് പ്രസാധനം ചെയ്യപ്പെടുന്നുള്ളൂ.
എഴുത്തുകാരന് ആത്യന്തികമായി തന്നോടു തന്നെയാണ് ഉത്തരവാദിത്വം ഉള്ളത് എന്നു പറയുമ്പോൾ അയാൾ ഒരു തൻകാര്യം നോക്കിയും സാമൂഹിക ചലനങ്ങളോട് പ്രതികരണമില്ലാത്തവനുമായിരിക്കണം എന്ന അർത്ഥമില്ല. എഴുത്തിലൂടെ നിർവഹിക്കുന്ന ഒരു ഉത്തരവാദിത്വം മാത്രമേ അയാൾക്കുള്ളൂ എന്ന വിവക്ഷയില്ല ഇവിടെ. അയാളുടെ പ്രാഥമികമായ നിയോഗം തന്റെ എഴുത്തിൽ മായം കലർത്താതിരിക്കുക എന്നതാണ്. സാമൂഹിക ജീവിതത്തിലെ ബഹുവിധങ്ങളായ പ്രശ്നങ്ങൾക്കു പുറം തിരിഞ്ഞു നിൽക്കണം എന്നാരും ഇവിടെ പറയുന്നില്ല. പക്ഷേ, സൗകര്യപൂർവ്വം പ്രശ്നങ്ങളെ സമീപിക്കുന്ന ഇരട്ടത്താപ്പുകാരായി അവർ തരം താഴരുതെന്നേയുള്ളു.പക്ഷം നോക്കാതെ കാപട്യങ്ങളെ തുറന്നു കാണിക്കേണ്ടത് എഴുത്തുകാരൻ ഏറ്റെടുക്കേണ്ട ചുമതലയാണ്. എഴുത്തുകാരന്റെ അഥവാ ബുദ്ധിജീവിയുടെ രാഷ്ട്രീയധർമ്മം അതിലാണിരിക്കുന്നത്. കലാകാരനെ സംബന്ധിച്ചിടത്തോളം കലയെ മെച്ചപ്പെടുത്തുക എന്ന കർമ്മം കഴിഞ്ഞേ ബാക്കി കാര്യങ്ങളുള്ളൂ. അതിനു കഴിയാത്തവർ മുൻകൂർ ജാമ്യവുമായി വന്നിട്ട് കാര്യമില്ല. ബുദ്ധിജീവികളുടെ ഉത്തരവാദിത്വം എന്ന ലേഖനത്തിൽ നോം ചോംസ്കി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
“Intellectuals are in a position to expose the lies of governments, to analyze actions according to their causes and motives and often hidden intentions.”
Noam Chomsky, “The Responsibility of Intellectuals“.
ചോംസ്കി പറയുന്ന ബുദ്ധിജീവികളുടെ ഈ ഉത്തരവാദിത്വം നമ്മുടെ എഴുത്തുകാർ നിറവേറ്റുന്നുണ്ടോ ഇക്കാലത്ത്?”
ഭരണകൂടത്തിന്റെ കള്ളത്തരങ്ങൾ തുറന്നു കാണിക്കുകയും അവരുടെ പ്രവർത്തനങ്ങളെ അതിന്റെ കാരണങ്ങളും ഉദ്ദേശ്യങ്ങളും അപഗ്രഥിക്കുകയും മറഞ്ഞിരിക്കുന്ന താത്പര്യങ്ങളെ വെളിച്ചത്തു കൊണ്ടുവരികയും ചെയ്യുക എന്നത് ബുദ്ധിജീവിയായ എഴുത്തുകാരന്റെ ഉത്തരവാദിത്വമാണ്. ചോംസ്കി പറയുന്ന ബുദ്ധിജീവികളുടെ ഈ ഉത്തരവാദിത്വം നമ്മുടെ എഴുത്തുകാർ നിറവേറ്റുന്നുണ്ടോ ഇക്കാലത്ത്? നമ്മുടെ എഴുത്തുകാർക്ക് ഇക്കാര്യത്തിലുള്ള വിശ്വാസ്യത എത്ര കണ്ട് തർക്കമറ്റതാണ്? ബുദ്ധിജീവികളെക്കൊണ്ട് എന്ത് പ്രയോജനം ? എന്ന് സക്കറിയ ഒരിക്കൽ ചോദിച്ചത് നമ്മുടെ സാംസ്കാരികാന്തരീക്ഷത്തിൽ ഓളങ്ങൾ തീർത്തു.നമുക്ക് അങ്ങനെയൊരു വിഭാഗം ഉണ്ടായിരുന്നു. ഇന്ന് അവരുടെ അഭാവത്തെയും അവകാശമുന്നയിക്കുന്നവരുടെ ഉത്തരവാദിത്വമില്ലായ്മയെയും ആണ് സക്കറിയ ചോദ്യം ചെയ്തത്. ബുദ്ധിജീവിയെ സക്കറിയ നിർവ്വചിച്ചത് “a constant disturber of the status quo ” എന്നാണ്. ഇന്ന് നിലവിലുള്ള സാമൂഹ്യ രാഷ്ട്രീയസ്ഥിതിയെ അസ്വസ്ഥമാക്കാൻ ആരും തയ്യാറല്ല. പകരം അപദാനങ്ങൾ വാഴ്ത്താൻ വലിയ നിര രൂപപ്പെട്ടിട്ടുമുണ്ട് എന്നതാണ് സ്ഥിതി. കേസരി ബാലകൃഷ്ണപിള്ളയും സിജെ തോമസും എം ഗോവിന്ദനും കുറ്റിപ്പുഴ കൃഷ്ണപിള്ളയും ഒക്കെ അന്നത്തെ വ്യവസ്ഥിതിയെ നിർഭയം വിമർശിച്ചവരായിരുന്നു. അതിനാൽത്തന്നെ അവർ ഏതാണ്ട് ബഹിഷ്കൃതരുമായിരുന്നു. ഇന്ന് നമ്മുടെ എഴുത്തുകാർക്ക് എവിടെയും പൂച്ചെണ്ടുകൾ മാത്രം. കാരണം അവർ അപകടകരമായി ചിന്തിക്കുന്നതേയില്ല. അവർ സുരക്ഷിതമായ പാത സൗകര്യപൂർവ്വം തെരഞ്ഞെടുക്കുന്നു.എന്നാൽ ബഹുജനത്തിന് ഇവരോട് ആദരവുണ്ടോ? ബഹുജനം ആദരിക്കുന്നവരുടെ പട്ടിക തയ്യാറാക്കിയാൽ ഇവർ അതിന്റെ ഒടുക്കമെങ്കിലും സ്ഥാനം പിടിക്കുമോ?
ഒരു ജനതയെ ഉത്തേജിപ്പിക്കുന്നതിനും അവർക്കു വഴി കാട്ടുന്നതിനും തക്ക വ്യക്തിപ്രഭാവമുള്ള എഴുത്തുകാർ ഇന്നു നമുക്കില്ല. സാംസ്കാരികമായ ഔന്നത്യം അവകാശപ്പെടാവുന്ന എഴുത്തുകാർ വിരലിലെണ്ണാൻ പാകത്തിലേയുള്ളു. ഇതിനു കാരണം തേടി എവിടെയും പോകേണ്ടതില്ല. ഗംഭീരമായ എഴുത്ത് ഇല്ലെന്നതോ പോട്ടെ,(വിരലിലെണ്ണാവുന്നവർ അപവാദമായുണ്ട്.) ഉയർന്ന കാഴ്ചപ്പാടും കക്ഷിരാഷ്ടീയത്തിനതീതമായി നിലപാടും കൈക്കൊണ്ടു കൊണ്ട് ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നവരുടെ എണ്ണം ഭീഷണമാം വിധം ലോപിച്ചു പോയി. മറ്റുള്ളവർ സ്ഥാനമാനങ്ങൾക്കു പിന്നാലെ പോയും അംഗീകാരങ്ങളുടെ, പുരസ്കാരങ്ങളുടെ പ്രലോഭനങ്ങൾക്കു മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. അന്തസ്സ് വിൽപ്പനയ്ക്കു വച്ചവരുടെ വാക്കുകൾക്ക് ഇനിയുള്ള കാലം ആരും കാതോർക്കുകയില്ല. അധികാരത്തിന് വില പറയാനാവാത്ത എഴുത്തിന്റെ നേരും വീറും ഉള്ളവർ എവിടെ? അവർ കടന്നു വരട്ടെ. അവർ പറഞ്ഞാൽ ജനം ഒരു മാത്ര കാതു നൽകിയേക്കും. ഫ്രാൻസിൽ വിക്തർ ഹ്യൂഗൊയുടെ മരണം ഉളവാക്കിയ ദു:ഖത്തിന്റെ ആഴമറിയുമ്പോഴാണ് എഴുത്തുകാരനെ ജനം എത്രമേൽ ഹൃദയത്തോട് ചേർത്തു വച്ചിരുന്നു എന്നു മനസ്സിലാവുക. ജനലക്ഷങ്ങളാണ് മഹാനായ ആ സാഹിത്യകാരനെ അവസാനമായി ഒരു നോക്കു കാണാൻ പാരീസ് തെരുവിൽ തടിച്ചു കൂടിയത്. 1885 ജൂൺ മാസത്തിലെ സായാഹ്നപത്രത്തിൽ ഹ്യൂഗൊയുടെ ചരമ വാർത്ത കൊടുക്കുമ്പോൾ വാക്കുകൾ കിട്ടാഞ്ഞ് സമുദ്രവിതാനത്തിനടിയിലേക്ക് മുങ്ങിത്താഴുന്ന സൂര്യചിത്രം മുൻപേജിൽ അച്ചടിച്ചു കൊണ്ടാണ് പത്രാധിപസമിതി ആ മഹത്ചരമം റിപോർട്ട് ചെയ്തത്.ഹ്യൂഗൊ മരിച്ചപ്പോൾ ആ മരണം ഒരു നക്ഷത്രത്തിന്റ അന്ത്യമായിരുന്നു. കല എന്നേക്കുമായി അവസാനിച്ചു എന്നവർ കേണു. അതായിരുന്നു എഴുത്തുകാരൻ ജനമനസ്സിൽ സൃഷ്ടിച്ച ശക്തിപ്രഭാവം ( impact) സ്ത്രീകളും കുട്ടികളും പുരുഷന്മാരും നഗരചത്വരങ്ങളിലും തെരുവുകളിലും പാതയോരങ്ങളാലും തങ്ങളുടെ ആരാധ്യനായ എഴുത്തുകാരന് അന്ത്യാഞ്ജലി നേർന്നു കൊണ്ട് കൂടെയുണ്ടായിരുന്നു. അതാണ് എഴുത്തിന്റെ ശക്തിയും മാഹാത്മ്യവും. മനുഷ്യവർഗ്ഗത്തോടുള്ള സ്നേഹവും അനുകമ്പയും താദാത്മ്യം പ്രാപിക്കലും ഒക്കെച്ചേർന്ന് അത്തരം മഹാപുരുഷന്മാർ തലമുറകളെ സ്വാധീനിക്കുകയും ഇന്നും അത് തുടർന്നു പോരുകയും ചെയ്യുന്നത് സാഹിത്യ ചരിത്രത്തിലെ അവിസ്മരണീയ ഏടുകളാണ്.
തൻകാര്യം നോക്കികളുംഅവസരവാദികളുമായ ഇന്നത്തെ എഴുത്തുകാർ അവരുടെ അജ്ഞത കൊണ്ടും മഹാമൗഢ്യം കൊണ്ടും ജനങ്ങളെ ആഹ്വാനം ചെയ്യുമ്പോൾ അതിന് എത്രമാത്രം വിലയുണ്ട് എന്ന് ആരും ആർക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. ഓട്ടോ റെനെ കാസ്റ്റിലോയുടെ അരാഷ്ട്രീയ ബുദ്ധിജീവികൾ എന്ന കവിതയിൽ ചോദിക്കുന്ന ചോദ്യം ജനം ഇവരോട് ചോദിച്ചെങ്കിൽ അത്ഭുതപ്പെടേണ്ട.ഇത്രനാളും നിങ്ങൾ എവിടെയായിരുന്നു? ആദിവാസികളും ദളിതരും പുറമ്പോക്കുകളിൽ ഒറ്റപ്പെട്ടപ്പോൾ നിങ്ങളാരെയും എവിടെയും കണ്ടിട്ടില്ലല്ലോ. ജനത അനുഭവിച്ച നീറുന്ന പ്രശ്നങ്ങൾ അവരുടെ കണ്ണുകളിൽ, കാതുകളിൽ പതിച്ചില്ലല്ലോ. അവരിൽ ചിലർ (വ്യക്തിപരമായ വിശുദ്ധി കാത്തുസൂക്ഷിക്കുന്നവരാണ്. ഈ ഒരു ചെറിയ വൃത്തത്തെ ഒഴിവാക്കിക്കൊണ്ടേ ഈ പ്രസ്താവത്തിനു സാധുതയുള്ളു.)അക്കാദമികളിലും പുരസ്കാരത്തെരുവുകളിലും വില പേശുകയായിരുന്നല്ലോ.
ലോകത്തെവിടെയും സ്വേച്ഛാധിപത്യത്തിനെതിരെയും ഭരണകൂട ഭീകരതയ്ക്കെതിരെയും എഴുത്തുകാർ ശബ്ദമുയർത്തിയിട്ടുണ്ട്.പ്രത്യാഘാതങ്ങളെ ഭയന്ന് അവരാരും നിശ്ശബ്ദരായി ഇരുന്നിട്ടില്ല. ജോർജ് ഓർവെൽ തന്റെ സർഗ്ഗ രചനകളിലൂടെ ഏകാധിപത്യ പ്രവണതകളെ വിമർശവിധേയമാക്കിയിട്ടുളള്ളത് സുവിദിതമാണല്ലോ.”
ലോകത്തെവിടെയും സ്വേച്ഛാധിപത്യത്തിനെതിരെയും ഭരണകൂട ഭീകരതയ്ക്കെതിരെയും എഴുത്തുകാർ ശബ്ദമുയർത്തിയിട്ടുണ്ട്.പ്രത്യാഘാതങ്ങളെ ഭയന്ന് അവരാരും നിശ്ശബ്ദരായി ഇരുന്നിട്ടില്ല. ജോർജ് ഓർവെൽ തന്റെ സർഗ്ഗ രചനകളിലൂടെ ഏകാധിപത്യ പ്രവണതകളെ വിമർശവിധേയമാക്കിയിട്ടുളള്ളത് സുവിദിതമാണല്ലോ. 1984 എന്ന ഡിസ്ടോപ്യൻ നോവലിലൂടെ മനുഷ്യസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതിനെതിരെ ശക്തമായി തൂലിക ചലിപ്പിച്ചു. വ്യക്തിസ്വാതന്ത്ര്യമില്ലാത്ത, മൗലികാവകാശങ്ങൾ ഹനിക്കുന്ന ഒരു കാലത്തെക്കുറിച്ച് ഓർവെൽ എഴുതി. ഇന്ത്യയിലെ ബ്രിട്ടീഷ്ഭരണം സ്വേച്ഛാധിപത്യപരമാണെന്നും കാപട്യം നിറഞ്ഞതുമാണെന്ന് തുറന്നടിക്കാൻ ഓർവെൽ മടിച്ചില്ല.അമേരിക്കയുടെ വിയറ്റ് നാം യുദ്ധത്തിനെതിരായി ആശയങ്ങളുടെ പ്രഹരമേൽപ്പിച്ചു നോം ചോംസ്കി. വിയറ്റ്നാം യുദ്ധത്തിന്റെ പശ്ചാത്തലത്തിലെഴുതിയതാണ് ബുദ്ധിജീവികളുടെ ഉത്തരവാദിത്വം എന്ന പ്രസിദ്ധ ലേഖനം. ഇസ്രായീൽ ഫലസ്തീൻ സംഘർഷത്തെക്കുറിച്ച് നിർഭയം അഭിപ്രായങ്ങൾ ചോംസ്കി വിളിച്ചു പറഞ്ഞു. സാമ്രാജ്യത്വ നയങ്ങൾക്കെതിരെയും മുതലാളിത്ത ശക്തികൾക്കെതിരെയും ചോംസ്കി ശക്തമായി പ്രതികരിച്ചു.
ആദ്യ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്ന മിലാൻ കുന്ദേര പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമഗ്രാധിപത്യ നയങ്ങൾക്കെതിരെ വിമർശനം അഴിച്ചു വിട്ടു. കമ്യൂണിസ്റ്റ് ഭരണത്തിനു കീഴിൽ ചെക്കോസ്ലോവാക്യയിൽ കുന്ദേര ദീർഘനാൾ ഒരു വിമതനായി ജീവിച്ചു. മനുഷ്യനെ സംബന്ധിച്ച ചെറുതും വലുതുമായ പ്രശ്നങ്ങളെ അവഗണിക്കുന്ന, മനുഷ്യമനസ്സ് എന്ന പ്രതിഭാസത്തെ ഉൾക്കൊള്ളാൻ കഴിയാത്ത മാർക്സിസത്തോട് ഒരു കലാകാരനെന്ന നിലയിൽ കുന്ദേര കലഹിച്ചു. ഏകാധിപത്യത്തിന് ഒരേയൊരു സത്യമേയുള്ളു.അത് സന്ദേഹത്തെ, ചോദ്യം ചെയ്യലിനെ അനുവദിക്കുകയില്ല.
“ Totalitarian truth excludes relativity, doubt, questioning ; it can never accommodate what I would call the spirit of the novel ”
Milan Kundera, “The Art of the novel”,P 14.
നോവൽ പോലുള്ള സാഹിത്യരൂപം സ്വേച്ഛാധിപത്യത്തിന്റെ പരിമിതികളെ അതിലംഘിക്കാൻ ഉതകുന്നു എന്ന് കുന്ദേര വിശ്വസിച്ചു. “Great novels (and great art) helps us resist the siren song of final solutions to human problems…”
സർവ്വാധിപത്യത്തെ എതിർത്ത മറ്റൊരു പ്രമുഖ എഴുത്തുകാരനാണ് അലക്സാണ്ടർ സോൾഷെനിറ്റ്സൺ. മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആശയത്തോട് അണിചേർന്നു നിന്നിരുന്ന സോൾഷെനിറ്റ്സൺ ജോസഫ് സ്റ്റാലിനെ ഒരു സ്വകാര്യ കത്തിൽ വിമർശിച്ചത് പിടിക്കപ്പെട്ടതോടെ സോവിയറ്റ് റഷ്യയുടെ കണ്ണിലെ കരടായി മാറി. രണ്ടാം ലോക മഹായുദ്ധകാലത്ത് റെഡ് ആർമിയുടെ ക്യാപ്റ്റനായിരുന്ന സോൾഷെനിറ്റ്സൺ അറസ്റ്റ് ചെയ്യപ്പെടുകയും 8 വർഷം ഗുലാഗ് തടവറയിൽ കഴിയാൻ വിധിക്കപ്പെടുകയും ചെയ്തു. ‘ദ് ഗുലാഗ് ആർക്കിപെലാഗൊ ‘ എന്ന നോവലിൽ തടവറകളിൽ നടമാടിയിരുന്ന സോവിയറ്റ് ക്രൂരതയെയും അപമാനവീകരണങ്ങളെയും തുറന്നു കാട്ടാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ആ സാഹിത്യകാരൻ കാട്ടി. ഗുലാഗ് ആർക്കിപെലാഗൊ സോവിയറ്റ് റഷ്യയെ വെറി പിടിപ്പിക്കുകയും സോൾഷെനിറ്റ്സന്റെ സോവിയറ്റ് പൗരത്വം റദ്ദ് ചെയ്യുകയും തത്ഫലമായി അദ്ദേഹം രാജ്യഭ്രഷ്ടനായി പടിഞ്ഞാറൻ ജർമ്മനിയിൽ കഴിയേണ്ടി വരികയും ചെയ്തു. പിൽക്കാലത്ത് റഷ്യൻ പ്രസിഡണ്ട് പുടിൻ ‘ദ് ഗുലാഗ് ആർക്കിപെലാഗൊ ‘ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയുണ്ടായി. ആർക്കിപെലാഗൊയുടെ സ്രഷ്ടാവിനെ ഫാഷിസ്റ്റായും നുണയനായും ഒക്കെ ചിത്രീകരിക്കപ്പെട്ടു. എന്നാൽ പുടിൻ സോൾഷെനിറ്റ്സണ് ഒരു സ്മാരകം നിർമ്മിച്ചു കൊണ്ട് അതിനൊക്കെ പരിഹാരം ചെയ്തു. സത്യം വിളിച്ചു പറയുന്നവന് എക്കാലത്തും ഇതു തന്നെ വിധി. എങ്കിലും സത്യം പറയുകയും നുണകളെ തുറന്നുകാട്ടുകയും ചെയ്യുക എന്നുള്ളതാണ് ബുദ്ധിജീവികളുടെ ഭാരിച്ച ഉത്തരവാദിത്വം.
ഈ ഉത്തരവാദിത്വം നിറവേറ്റിയ വലിയ എഴുത്തുകാർ നമുക്കുണ്ടായിരുന്നു. കേസരി എ ബാലകൃഷ്ണപിള്ളയും സി ജെ തോമസും എം ഗോവിന്ദനും കുറ്റിപ്പുഴ കൃഷ്ണപിള്ളയും ആ ജനുസ്സിൽപ്പെട്ടവരായിരുന്നു.’ പണ്ടത്തെ കാലമെല്ലാം പോയി എന്ന് തിരുമനസ്സ് കൊണ്ട് ധരിച്ചിരിക്കുമല്ലോ ‘ എന്ന് മഹാരാജാവിനെ ഉണർത്തിക്കാൻ ഭയമില്ലാതിരുന്ന യഥാർത്ഥ ബുദ്ധിജീവിയായിരുന്നു കേസരി. തിരുവിതാംകൂർ ഗവൺമെന്റ് മേലാസകലം ദുർഗന്ധം പരത്തിത്തുടങ്ങിയിരിക്കുന്നു എന്നു പറയാൻ കേസരി മടിച്ചില്ല. മാർക്സിനെ പിന്തുടർന്നപ്പോഴും മാർക്സിസം മനുഷ്യമനസ്സിനെ വേണ്ടത്ര മനസ്സിലാക്കിയില്ല എന്ന് കുന്ദേരയ്ക്കു മാത്രമല്ല, കേസരി ബാലകൃഷ്ണപിള്ളയ്ക്കും അഭിപ്രായമുണ്ടായിരുന്നു. സാമ്പത്തികപ്രയാസവും നിത്യരോഗവും അങ്ങേയറ്റം ബുദ്ധിമുട്ടിച്ചപ്പൊഴും സർക്കാരിൽ നിന്നോ അന്നു നാടു ഭരിച്ചിരുന്ന സർ സി പി യിൽ നിന്നോ യാതൊരു ആനുകൂല്യവും വാങ്ങാൻ കേസരി തയ്യാറായിരുന്നില്ല. കേസരി എന്ന ബുദ്ധിജീവിയും ഇന്നത്തെ എഴുത്തുകാരും തമ്മിലുള്ള അന്തരം എത്രയെന്ന് ഊഹിക്കുക. അധികാരത്തോടു മാത്രമല്ല മരണത്തോടു പോലും ഭയമില്ലാതിരുന്ന ഈ മനുഷ്യന്റെ ആത്മവീര്യം നമ്മുടെ എഴുത്തുകാർ ഇനിയെങ്കിലും മനസ്സിലാക്കാൻ ശ്രമിക്കണം. കേസരി തന്റെ ജീവിതം കൊണ്ട് കലാപത്തിലേർപ്പെട്ടപ്പോൾ നമ്മുടെ വീരന്മാരായ എഴുത്തുകാർ വിധേയത്വം കൊണ്ട് അഭിനവ തൊമ്മിമാരായി മാറുന്ന കാഴ്ചയാണ് കാണാൻ കഴിയുക. ഇപ്പൊഴത്തെ ബുദ്ധിജീവി ഭരണകൂടത്തിനു മുന്നിൽ നിന്ന് ഞാൻ എന്നു പറയുമ്പോൾ ‘അടിയൻ ‘ എന്ന അർത്ഥമാണ് വിനിമയം ചെയ്യുന്നതെന്ന് കെ പി അപ്പൻ എഴുതിയിട്ട് മൂന്നു പതിറ്റാണ്ടിലേറെ കഴിഞ്ഞിരിക്കുന്നു. ഇന്ന് കാര്യങ്ങൾ കൂടുതൽ പരിതാപകരമായിക്കഴിഞ്ഞിട്ടുണ്ട്. നമ്മുടെ ആധുനികനായ ഒരു എഴുത്തുകാരൻ ‘സർക്കാരിന് എഴുത്തുകാരെ വേണമെന്നതുപോലെ എഴുത്തുകാർക്ക് ചിലപ്പോൾ സർക്കാരിനെയും ആവശ്യം വരും ‘ എന്ന് പറഞ്ഞത് പത്രം വായിക്കുന്നവരൊക്കെ അസ്സിലാക്കിയിട്ടുള്ള കാര്യമാണ്. ഡൽഹി ജീവിതം അവസാനിപ്പിച്ചെത്തിയ തനിക്ക് സർക്കാർ നൽകിയ സാഹിത്യ അക്കാദമി സ്ഥാനം തന്നെ ബലപ്പെടുത്തിയെന്ന് തുറന്നു പറയുന്ന ആ സാഹിത്യകാരന്റെ നിഷ്കളങ്കതയോട് അതിശയം തോന്നുന്നതിനൊപ്പം ലേശം അങ്കലാപ്പും തോന്നാതെ നിവൃത്തിയില്ല. ഇക്കാലമത്രയുമുള്ള തന്റെ എഴുത്തിന്റെ പിൻബലമല്ല, അധികാരത്തിന്റെ പിൻബലമാണ് തന്നെ തുണച്ചത് എന്നൊരു എഴുത്തുകാരൻ പറയുമ്പോൾ അയാളിലെ എഴുത്തുകാരൻ മരിക്കുന്നു!
എഴുത്തുകാരന് രാഷ്ട്രീയം പാടില്ല എന്നുണ്ടോ എന്ന ചോദ്യം എവിടെയും പെരുമ്പറയടിക്കുന്നതുപോലെ കർണ്ണപുടത്തിൽ പതിക്കുന്നു. എഴുത്തുകാരന് രാഷ്ട്രീയം വേണം. രാഷ്ട്രീയം ഇല്ല എന്നു പറയുന്നവരിലും അത് ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തനനിരതമാവുന്നു എന്നൊക്കെ കേൾക്കുന്നു. ഇത്തരം വാദങ്ങൾ ഒന്നും തള്ളിക്കളയുന്നില്ല. നിശ്ചയമായും ഏതൊരു വ്യക്തിയ്ക്കുമെന്നതുപോലെ എഴുത്തുകാരനും രാഷ്ട്രീയമുണ്ടായിരിക്കണം. എന്താണ് എഴുത്തുകാരന്റെ രാഷ്ട്രീയം? അഥവാ എന്തായിരിക്കണം? എഴുത്തുകാരന്റെ രാഷ്ട്രീയം അയാളുടെ എഴുത്തിൽ നിന്ന് വേർപെടുത്താൻ കഴിയുന്നതല്ല.അയാൾ ഒപ്പിട്ടു പ്രചരിപ്പിക്കുന്ന കൂട്ടപ്രസ്താവനയിലോ, അയാളുടെ സെമിനാർ പേപ്പറുകളിലോ, മൈതാന പ്രസംഗങ്ങളിലോ അല്ല അയാളുടെ രാഷ്ട്രീയമിരിക്കുന്നത്. അത് അയാളുടെ എഴുത്തിൽ തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നതുപോലെ സന്നിഹിതമാണ്. അയാൾ തന്റെ എഴുത്തിലൂടെ സമൂഹത്തിലേക്കു പ്രസരിപ്പിച്ച ജീവിതാവബോധവും അതിനു പിന്നിൽ ശക്തമായ അടിത്തറയായി നിന്ന ജീവിത ദർശനവുമാണ് ആ രാഷ്ട്രീയത്തിന്റെ സ്വഭാവം നിർണ്ണയിക്കുന്നത്. എഴുത്തുകാരൻ ആദ്യം ഒരു നിലപാട് കൈക്കൊള്ളുകയും എഴുത്ത് അതിനനുസരിച്ച് രൂപം കൊടുക്കുകയും ചെയ്യുന്ന യാന്ത്രികമായ പദ്ധതിയല്ല അത്. അത് ഒരു ജൈവപ്രക്രിയയാണ്. ‘The language of art is not merely different than the language of politics.’ എഴുത്തുകാരന്റെ രാഷ്ട്രീയം കക്ഷിരാഷ്ട്രീയമായിരിക്കരുത്. അവൻ നിയമേന പ്രതിപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ളവനാണ്. വിവേകമുള്ള എഴുത്തുകാരൻ അധികാരത്തിന്റെ ചതിക്കുഴികളിൽ (pitfalls) നിന്ന് വഴി മാറിപ്പോകും ; അവന് ഗൂഢോദ്ദേശ്യങ്ങളൊന്നുമില്ലെങ്കിൽ. എന്തെന്നാൽ അധികാരം ദുഷിപ്പിക്കുക തന്നെ ചെയ്യും. ഭരണവർഗ്ഗം ഏതായാലും അതിന് ഒത്താശ പാടുന്നവരുടേത് അവസരവാദ രാഷ്ട്രീയമാണ്.ജനാധിപത്യത്തിന്റെ ഔന്നത്യം അവർക്ക് അവകാശപ്പെട്ടതല്ല. അതല്ല, കക്ഷിരാഷ്ട്രീയത്തിന്റെ ചെളിക്കുഴിയിൽ ഇറങ്ങി നിന്ന് നിങ്ങൾ രാഷ്ട്രീയം പറയുകയാണെങ്കിൽ എഴുത്തുകാരെ നിങ്ങൾക്ക് ഹാ കഷ്ടം ! എന്തെന്നാൽ രാഷ്ട്രീയം ഒരു ജീവിത വ്യവസ്ഥയാണ്. സ്വയം തിരുത്തിയും ഗുണദോഷിച്ചും തിരുത്താൻ വേണ്ടി വിമർശിച്ചും പ്രതിഷേധിച്ചും വളർത്തിക്കൊണ്ടു വരേണ്ട ഒരു പ്രതിപ്രവർത്തനമാണത്. വിശ്വാസമർപ്പിച്ച രാഷ്ട്രീയ സംഹിതയെ നിശിതമായി വിമർശിച്ചും കലഹിച്ചും അപചയത്തിൽ നിന്നും ഉദ്ധരിക്കേണ്ട കടമ നിങ്ങൾക്കുണ്ട്. നേതൃത്വം കുനിയാൻ പറയുമ്പോൾ മുട്ടിലിഴയുന്ന സാമർത്ഥ്യം ആരും ആഗ്രഹിക്കുന്നില്ല.
താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ എല്ലാ നയങ്ങളെയും നിരുപാധികമായി പിന്താങ്ങുന്ന, വിയോജിപ്പുകൾ പ്രകടിപ്പിക്കണ്ട സമയത്ത് അതിനു തുനിയാത്ത, ശബ്ദമുയർത്തേണ്ട സാഹചര്യത്തിൽ മൗനം പാലിക്കുകയും അനവസരത്തിൽ ശബ്ദഘോഷം ഉയർത്തുകയും ചെയ്യുന്ന എഴുത്തുകാരനെ സാംസ്കാരിക നായകനായി സ്വീകരിക്കാൻ പൊതുജനം തയ്യാറാവുകയില്ല.”
താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ എല്ലാ നയങ്ങളെയും നിരുപാധികമായി പിന്താങ്ങുന്ന, വിയോജിപ്പുകൾ പ്രകടിപ്പിക്കണ്ട സമയത്ത് അതിനു തുനിയാത്ത, ശബ്ദമുയർത്തേണ്ട സാഹചര്യത്തിൽ മൗനം പാലിക്കുകയും അനവസരത്തിൽ ശബ്ദഘോഷം ഉയർത്തുകയും ചെയ്യുന്ന എഴുത്തുകാരനെ സാംസ്കാരിക നായകനായി സ്വീകരിക്കാൻ പൊതുജനം തയ്യാറാവുകയില്ല. തെറ്റായ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നതിനും വിയോജനമറിയിക്കുന്നതിനു തയ്യാറാവുകയും തിരുത്തൽ ആവശ്യമുള്ളിടത്ത് അത് പറയുകയും ചെയ്യാനുള്ള ധാർമ്മിക ബാധ്യത എഴുത്തുകാരനുണ്ട്. അതല്ല അതൊന്നും ചെയ്യാതെ ഉപാധികളില്ലാതെ വിധേയത്വമാണ് നിങ്ങളുടെ രാഷ്ട്രീയമെങ്കിൽ ആ രാഷ്ട്രീയം തള്ളിക്കളയാൻ മടിയേതുമില്ല. ഇന്നത്തെ കേരളീയ സാഹചര്യത്തിൽ വർഗ്ഗീയ രാഷ്ട്രീയം എന്ന മഹാപാപത്തെ അറിഞ്ഞും അറിയാതെയും ഊട്ടിവളർത്തുന്നതിൽ പക്ഷഭേദമില്ലാതെ രാഷ്ട്രീയകക്ഷികൾ വ്യാപൃതരായിരിക്കുന്നു എന്നത് ഭീഷണമായ അവസ്ഥയാണ്. ഇത്തരം അവസരങ്ങളിൽ വരാനിരിക്കുന്ന ആപത്തിനെ ഗ്രീക്ക് പ്രവാചകൻ ടൈരീസിയാസിനെപ്പോലെ അപായ മുന്നറിയിപ്പ് നൽകുക എന്നതാണ് യഥാർത്ഥ ബുദ്ധിജീവിയുടെ കർത്തവ്യം. അതു ചെയ്യുന്നവനെ അരാഷ്ട്രീയവാദി എന്നും നിർഗുണൻ, നിഷ്പക്ഷൻ എന്നും വിളിച്ച് ആക്ഷേപിച്ചാൽ അതിന് കാലം നൽകുന്ന ഉത്തരം അതികഠിനമായിരിക്കും.
രാഷ്ട്രീയ കക്ഷികൾക്കു വേണ്ടിഎഴുത്തുകാരൻ പ്രചാരവേല നടത്തുമ്പോൾ അതിനു തുനിയുന്നവരെല്ലാം അവോഡ് മോഹികളും സ്ഥാനമാനങ്ങളുടെ ഭൈമീകാമുകരുമാണെന്ന ലളിതസമവാക്യം ഉപയോഗിച്ച് ക്രിയ ചെയ്യാൻ ഇവിടെ മുതിരുന്നില്ല. പക്ഷേ, ഇക്കൂട്ടരിൽ നല്ലൊരു ഭാഗം ഭൈമീകാമുകരും ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയർപ്പിക്കുന്നവരുമാണെന്ന സത്യം എന്തിന് മറച്ചുവയ്ക്കണം ?അതല്ലെങ്കിൽ എത്ര ജനകീയ പ്രശ്നങ്ങളിൽ ഇവരൊക്കെ ഇടപെട്ടിട്ടുണ്ട് ? ദളിതന്റെയും ആദിവാസിയുടെയും ജീവിതത്തിന്റെ പേരിൽ ഇവരിൽ എത്ര പേർ ഊർജ്ജം വ്യയം ചെയ്തിട്ടുണ്ട്? കൊലപാതക രാഷ്ട്രീയത്തെ കക്ഷി രാഷ്ട്രീയം നോക്കാതെ അപലപിച്ചിട്ടുണ്ട്? ജനകീയ വിഷയം പൊന്തി വരുമ്പോൾ ഉറക്കം വരികയും കക്ഷിരാഷ്ടീയത്തിന്റെ നീക്കുപോക്കുകൾക്കു മുമ്പിൽ വിനീതരാവുകയും പാർട്ടി താത്പര്യങ്ങൾക്കു നേർക്ക് ഉൽസാഹവും ഉന്മേഷവും വൃഷ്ടിപ്രദേശങ്ങളിൽ ജലനിരപ്പുയരുന്നതുപോൽ പൊന്തുകയും ചെയ്യുന്ന ഏർപ്പാടിന് രാഷ്ട്രീയം എന്ന പേരല്ല ചേരുക. സാഹിത്യകാരനായ രാഷ്ട്രീയക്കാരൻ ധൈഷണികവും രാഷ്ട്രീയവുമായ നിസ്സാരതകളിൽ ഒരു പോലെ ജീവിച്ചു കൊണ്ട് സ്വന്തം അടിമത്തത്തെ ഭാവിയിലേക്കു നീട്ടിക്കൊണ്ടുപോകുന്നു എന്ന് കെ പി അപ്പൻ എഴുതിയത് ഇക്കൂട്ടരെ ദീർഘദർശനം ചെയ്തതു കൊണ്ടു കൂടിയാണ്. എഴുത്തുകാരൻ സ്വന്തം അന്തസ്സിനെ രാഷ്രീയത്തിന്റെ കരവലയത്തിലേക്ക് എറിഞ്ഞു കൊടുക്കുന്നവരെപ്പറ്റി അപ്പൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ആർക്കും മുന്നിൽ അന്തസ്സ് അടിയറ വയ്ക്കാതെ സാഹിത്യപ്രവർത്തനം നടത്തി മറഞ്ഞുപോയ കുറച്ച് മനുഷ്യർ ഈ കേരളത്തിലുണ്ടായിരുന്നു. എം പി നാരായണപിള്ള അങ്ങനെയൊരു എഴുത്തുകാരനായിരുന്നു.1992ൽ സാഹിത്യ അക്കാദമിയുടെ നോവൽ പുരസ്കാരം പരിണാമം എന്ന കൃതിക്ക് നൽകാൻ തീരുമാനിച്ചപ്പോൾ നാരായണപിള്ള പറഞ്ഞത് ജനത്തിന്റെ നികുതിപ്പണം കൊണ്ടുള്ള ഈ പുരസ്കാരം താൻ സ്വീകരിക്കുകയില്ല എന്നാണ്. അക്കാദമി സെക്രട്ടറിയോട് പുരസ്കാരത്തിന് തത്തുല്യമായ തുക പൊതു ഖജനാവിൽ അടച്ച് രസീത് കൊണ്ടുവന്നാൽ നോക്കാം എന്നായിരുന്നു. നമ്മുടെ അവോഡ് വ്യവസായത്തിനേൽപ്പിച്ച മാരകമായ പ്രഹരമായിരുന്നു അത്. അത്തരം മനുഷ്യൻ ജീവിച്ചു കടന്നു പോയ നാടാണിത്. അത് നാം മറക്കരുത്. ഇതിനു മുൻപ് ഇങ്ങനെയൊരു രോമഹർഷം നൽകുന്ന സംഭവം നടന്നത് ഫ്രാൻസിൽ പാരീസ് നഗരത്തിലായിരുന്നു.1964 ൽ സ്വീഡിഷ് അക്കാഡമി നൽകാൻ തീരുമാനിച്ച നൊബേൽ പുരസ്കാരം സ്വാതന്ത്ര്യത്തെ പരമമായ ആദർശമായി കണ്ട ഴാങ് പോൾ സാർത്ര് നിരസിക്കുകയാണ് ചെയ്തത്. എല്ലാത്തരം സ്ഥാനമാനങ്ങളെയും ത്യജിച്ച പാരമ്പര്യമാണ് സാർത്രിനുണ്ടായിരുന്നത്. സാർത്രിന്റെ സാഹിത്യ, തത്ത്വചിന്താ മേഖലകളിലെ സംഭാവനയ്ക്ക് ആദര സൂചകമായി ഫ്രാൻസ് നൽകുന്ന വലിയ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ സാർത്ര് നിരസിക്കുകയുണ്ടായി. ഏറ്റവും മാന്യമായ സാഹചര്യങ്ങളിൽ നൽകപ്പെടുന്ന പദവികളും പുരസ്കാരങ്ങളും പോലും എഴുത്തുകാരൻ സ്വയം ഒരു സ്ഥാപനമായി രൂപാന്തരപ്പെടാൻ അനുവദിക്കരുത് എന്നാണ് അതേക്കുറിച്ച് സാർത്ര് അഭിപ്രായപ്പെട്ടത്. ഇതിൽ നിന്ന് വ്യത്യസ്തമായിട്ടാണെങ്കിലും നൊബേൽ പുരസ്കാരം മറ്റൊരാൾ കൂടി മാത്രമേ നിരസിച്ചിട്ടുള്ളു. 1958 ൽ ബോറിസ് പാസ്റ്റർനാക്കിനെ നൊബേൽ കമ്മിറ്റി പുരസ്കാരത്തിനായി തെരഞ്ഞെടുത്തു. പാസ്റ്റർനാക്ക് ആദ്യം സമ്മാനം സ്വീകരിക്കുകയും പിന്നീട് തന്റെ രാജ്യമായ സോവിയറ്റ് റഷ്യയുടെ സമ്മർദ്ദം മൂലം പുരസ്കാരം നിരസിക്കുകയും ചെയ്തു. ഭരണകൂടം എഴുത്തുകാരനിൽ അന്യായമായി ചെലുത്തുന്ന സ്വാധീനത്തിന് ഉദാഹരണമായി ഈ സംഭവത്തെ കാണാം. ഏതു പാർട്ടി ഭരിച്ചാലും ഭരണപക്ഷത്തെ കളിയാക്കി എഴുതിക്കൊണ്ടിരുന്ന വി കെ എന്റെ മാരകമായ ഹാസ്യവും നാം വായിച്ചിട്ടുണ്ട്.
മതത്തോടും കമ്മ്യൂണിസത്തോടും കലഹിച്ചു കൊണ്ട് അനുസരണക്കേടാണ് ഏറ്റവും നല്ല സ്വഭാവം എന്നു പറഞ്ഞു സി ജെ തോമസ്. എല്ലാ തരത്തിലുമുള്ള സ്ഥാപനങ്ങളോടും പൊരുതുകയും ആരെയും വകവെയ്ക്കാത്ത, കുനിയാത്ത ശിരസ്സുമായി ജീവിച്ചു മരിച്ചവനാണ് സി ജെ തോമസ്. ആ സർഗ്ഗാത്മക ധിക്കാരത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ലാതെ പോയി. എഴുത്തുകാരൻ അധികാരത്തിന് വഴിപ്പെടുകയും അപ്പന്റെ ഭാഷയിൽ ‘ശിരച്ഛേദം ചെയ്യപ്പെട്ട അന്തസ്സു‘മായി ജീവിക്കുകയും ചെയ്യുന്ന വർത്തമാനകാല സാഹചര്യത്തിൽ അധികാരത്തിനു നേർക്ക് തലകുനിക്കാത്ത സി ജെ തോമസിനെ സ്മരിച്ചു കൊണ്ട് ഈ ലേഖനം അവസാനിപ്പിക്കട്ടെ.