ഓരോ തലമുറക്കും അവരവരുടെ കാലത്തെ വളര്‍ച്ച മഹത്തരമാണ്. താളിയോലകളിൽ നിന്ന് കടലാസിലേക്കുള്ള പ്രയാണം ശാസ്ത്ര പുരോഗതിയുടെ നാഴികക്കല്ലായിരുന്നു. ‘വായിച്ചു വളര്‍ന്നും, എഴുതി തെളിഞ്ഞും’ പിന്നിട്ട ആ കാലഘട്ടം ഇന്നത്തെ തലമുറക്ക് സ്വീകാര്യമല്ലാതായിരിക്കുന്നു.
പുതിയ തലമുറയുടെ കൈകളിൽ 4Gയും 5Gയും ഉള്ള സെൽ ഫോണുകൾ, ഐ പാഡ്, തുടങ്ങി വിഷൻ പ്രോ വരെ ഭദ്രം. ഇവര്‍ക്കൊക്കെ എഴുത്ത് ഒരു പീഡനമാണ്. വാക്കുകള്‍ കൊണ്ട് ജീവനുള്ള ചിത്രങ്ങൾ തീര്‍ക്കുന്ന എഴുത്തിന്റെ ലോകം അന്യമായിരിക്കുന്നു. വാചകങ്ങൾ ചുരുങ്ങി അക്ഷരങ്ങളും, സന്ദേശ ചിഹ്നങ്ങളും ആയി മാറി. ആധുനിക ശാസ്ത്രം വളര്‍ത്തുന്ന തലമുറയ്ക്ക് ഒരു വാചകം, അക്ഷരത്തെറ്റോ, വ്യാകരണ തെറ്റോ ഇല്ലാതെ ആശയ സമ്പുഷ്ടിയോടെ എഴുതാനോ പറയാനോ കഴിയുന്നില്ല. സന്ദേശ ങ്ങളിൽ കുരുങ്ങി മുഖത്തോട് മുഖം നോക്കി ആശയ വിനിമയം നടത്താൻ കഴിയാതെ വരുമ്പോൾ അവർ സ്വയം ഉള്‍വലിയുന്നു. ഇതു മൂലം സാമൂഹികമായി നേടേണ്ട അറിവുകൾ കുട്ടികളിൽ കുറഞ്ഞു വരുന്നുണ്ട്. ഇതിനു ഒരു പരിധി വരെ മാതാപിതാക്കളും ഉത്തരവാദികളാണ്. സന്ദേശങ്ങളിലൂടെ (text messaging) കുട്ടികളുമായി മികച്ച അടുപ്പം നിലനിർത്താൻ ആകും എന്നാ മിഥ്യാധാരണ പലര്‍ക്കും ഉണ്ട്, സംസാരിക്കാനുള്ള മടി കാരണം ഫോണ്‍ ചെയ്താല്‍ എടുക്കാത്ത കുട്ടികൾ സന്ദേശങ്ങള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതികരിക്കുന്നു. ഈ ഒരു പ്രവണത മൂലം ഒരു പേപ്പർ അവതരിപ്പിക്കാനോ, പരീക്ഷക്ക് ഉത്തരം എഴുതാനോ കുട്ടികള്‍ക്ക് കഴിയുന്നില്ല, അത് അവരുടെ മാര്‍ക്കുകളിലും പ്രതിഫലിക്കുന്നു.

“ടി (t) ക്ക് വെട്ടില്ല, ഐ (i) ക്ക് കുത്തില്ല, കുട്ടിക്ക് മാര്‍ക്കില്ല” എന്ന് പറഞ്ഞത് പോലെയാണ്. സാങ്കേതികവിദ്യയുടെ ഭാഷയും എഴുത്ത് ഭാഷയും ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടു സമാന്തര രേഖകള്‍ പോലെ അനന്തതയിലേക്ക് നീണ്ടു കിടക്കുകയാണ്. രണ്ടിനും ഇടയ്ക്കു എന്ത് വേണം എന്നറിയാതെ കുഴങ്ങുന്ന പുത്തൻ തലമുറ!
ഒന്‍പതാം വയസ്സില്‍ തമിഴ്നാട്ടിലെ അമരാവതി സൈനിക് സ്കൂളിൽ ഞാന്‍ ചേരുമ്പോള്‍ നാട്ടില്‍ ഉള്ള മാതാപിതാക്കളുമായി ആശയവിനിമയം നടത്താന്‍ ഉള്ള ഏക മാര്‍ഗം വിശ്വസനീയമായ ഇന്ത്യന്‍ തപ്പാൽ വകുപ്പിന്റെ പോസ്റ്റ് കാര്‍ഡ് ആയിരുന്നു. നന്നേ ചെറുപ്പത്തില്‍ എഴുത്ത് തുടങ്ങി. കുരുന്നു കൈകളില്‍ അച്ഛനും അമ്മയ്ക്കും, കൂടപ്പിറപ്പുകള്‍ക്കും ചെറിയ വരികളിൽ വിശേഷങ്ങൾ എഴുതി അയക്കുമ്പോൾ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു സന്തോഷം അനുഭവിച്ചിരുന്നു. സര്‍ഗ്ഗഭാവനയുടെ ആദ്യത്തെ പഠന കളരി കത്തിലൂടെ ഹരിശ്രീ കുറിക്കുകയായിരുന്നു. മാതൃഭാഷയില്‍ തുടങ്ങിയ എഴുത്ത് പിന്നീട് ആംഗലേയത്തിലേക്ക് വഴിമാറുകയായിരുന്നു. വളഞ്ഞും പുളഞ്ഞും ആ മഞ്ഞ പോസ്റ്റ് കാര്‍ഡില്‍ കാണാന്‍ ശേലുള്ള എന്റെ കുഞ്ഞക്ഷരങ്ങള്‍ പടര്‍ന്നു.
ഒഴിവുകാലം ചിലവഴിച്ചു നാട്ടില്‍ നിന്ന് മടങ്ങുന്ന കുട്ടികള്‍ സ്കൂളിൽ എത്തിയ ഉടനെ യാത്രാ വിശേഷങ്ങൾ തിങ്കളാഴ്ച എഴുതി അയക്കുന്നത് അടുത്ത തിങ്കളാഴ്ച വീട്ടുകാര്‍ക്ക് ലഭിക്കും. അപ്പോള്‍ മാത്രമാണ് സുരക്ഷിതരായി ഞങ്ങള്‍ എത്തിയ വിവരം അവര്‍ അറിയുക. മൂന്നു ട്രെയിനും, ബസ്സും മാറി കയറി സ്കൂളിൽ എത്തുന്ന ഞങ്ങളിൽ ഉള്ള വിശ്വാസവും ധൈര്യവും ഇന്നത്തെ കുട്ടികളിൽ നമുക്ക് ഉണ്ടോ? സംശയമാണ്, വിവരസാങ്കേതിക വിദ്യ കൊണ്ട് സമ്പന്നമായ നമ്മുടെ മക്കള്‍ ഒരു വഴിക്ക് ഇറങ്ങിയാല്‍ തിരിച്ചെത്തുന്നത് വരെ നെഞ്ചില്‍ തീയാണ്. വിളിച്ചാല്‍ പ്രതികരിക്കാന്‍ മടിക്കുന്ന മക്കളെ പോലെ തന്നെയാണ് ഇടയ്ക്കിടയ്ക്ക് “റേഞ്ച്” നഷ്ടപ്പെടുന്ന സെൽ ഫോണുകളും… ഒരു കമ്പിയില്ലാക്കമ്പിയും ഇല്ലാതെ മനമുരുകി വിളിക്കുന്ന ദൈവത്തിന്റെ തുണയും, മക്കളിൽ ഉള്ള വിശ്വാസവും കൈമുതലാക്കി നമ്മുടെ മാതാപിതാക്കള്‍ പണ്ട് ജീവിച്ചെങ്കില്‍ ഇന്ന് സ്ഥിതി മറിച്ചാണ്.
ഒറ്റപ്പെട്ടു നില്ക്കുന്ന കശ്മീരിലെ ഒരു സ്ഥലത്ത് ജോലിയോട് അനുബന്ധിച്ച് പോകേണ്ടി വന്നപ്പോൾ ലോകവുമായി ആകെ ബന്ധപ്പെടാൻ സഹായിച്ചത് കത്തുകളും പിന്നെ റേഡിയോയും ആണ്. പോസ്റ്റൽ സ്റ്റാമ്പ് ആവശ്യമില്ലാത്തതിനാൽ കൈവശമുള്ള എല്ലാ അഡ്രസ്സുകളിലും കത്തെഴുതി അയച്ചിരുന്നത് ഓർക്കുന്നു. ചിലത് മേൽവിലാസം തെറ്റായതിനാൽ കൃത്യമായി തിരിച്ചെത്തി.

മഞ്ഞു മൂടി കിടക്കുന്ന താഴ്വാരത്തിലൂടെ സേനയുടെ വാഹനവ്യൂഹത്തിനു മുന്നിൽ തപ്പാൽ വണ്ടി വരുന്നത് ദൂരെ നിന്നേ കാണുമായിരുന്നു. അപകടം നിറഞ്ഞ വഴിയിലൂടെ രണ്ടു മണിക്കൂറിലധികം സഞ്ചരിച്ചാണ് തപ്പാൽ വണ്ടി ബേസ് ക്യാമ്പിൽ എത്തുക. കത്തുകൾ സ്വീകരിക്കാനും കൊടുക്കാനും നിയോഗിക്കപ്പെട്ട ആൾ ഫീൽഡ് പോസ്റ്റ് ഓഫിസിനു സമീപം നിൽക്കുന്നുണ്ടാവും. എല്ലാവർക്കും ഉള്ള കത്തുകൾ വിതരണം ചെയ്തു കഴിയുമ്പോൾ അടുത്ത അരമണിക്കൂർ അപ്രഖ്യാപിതമായ സ്വകാര്യതയാണ്. അക്ഷരങ്ങളിൽ നിറയുന്ന വികാരങ്ങൾ മുഖത്ത് പ്രകടമാകുന്ന നിമിഷങ്ങൾ …, വീണ്ടും അടുത്ത കത്തിനായി കാത്തിരിപ്പ് …. മഞ്ഞുമൂടി ദുർഘടമായ സമയങ്ങളിൽ ഹെലികോപ്റ്റർ വഴിയാണ് കത്തുകൾ എത്തിയിരുന്നത്.
ഫോണും, ഇമെയിലും കത്തിന്റെ സ്ഥാനം കൈയ്യടക്കിയെങ്കിലും, ഇന്നും കത്ത് എനിക്ക് ഏറെ ഇഷ്ടപ്പെട്ട സമ്മാനപൊതിയാണ്. ജനനവും, മരണവും, ഉത്സവങ്ങളും, സുഖവും, ദുഖവും, പ്രണയവും, വാല്സല്യവും നിറഞ്ഞ മഷിപടര്‍ന്ന അക്ഷരങ്ങളോളം വരുമോ ഇന്നത്തെ “ഇ” എഴുത്തുകള്‍?
1 Comment
post is so nostalgic sir. ആ കാലം എന്തു നല്ല ഓർമകൾ…