കത്രീനച്ചേച്ചി അത്യാവശ്യം ഭക്തിയും കാര്യങ്ങളുമൊക്കെയുള്ള കൂട്ടത്തിലാണ്. എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുകയും അച്ചൻ പറയുന്ന സാരോപദേശങ്ങൾ ഒരു ചെവിയിൽ കൂടി കേട്ട് മറ്റേ ചെവിയിൽ കൂടി ഇറക്കിവിടുകയും ചെയ്യുമെന്ന ഒരു പ്രശ്നം മാത്രമേയുള്ളു. അല്ലെങ്കിലും നമ്മളെക്കൊണ്ട് നടപ്പാക്കാൻ പറ്റാത്ത കാര്യങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്നതു തന്നെ ഒരു ഭാരമല്ലേ? കേൾക്കാതിരിക്കുന്നതാണ് ബുദ്ധി.
പക്ഷേ ഒരു ഞായറാഴ്ച അച്ചൻ ഉപദേശമൊന്ന് മാറ്റിപ്പിടിച്ചു. മറ്റുള്ളവരുടെ അഭിപ്രായം കൂടി നമ്മൾ മാനിക്കണമെന്നായിരുന്നു അന്നത്തെ പ്രസംഗത്തിന്റെ കാതൽ. കത്രീനച്ചേച്ചിയുടെ തലച്ചോറിൽ അതു വരെ ഫ്യൂസായിക്കിടന്നിരുന്ന ബൾബ് പെട്ടെന്നൊന്ന് മിന്നി. ശരിയാണല്ലോ. ഇതു വരെ അടുക്കളക്കാര്യവും വീട്ടുകാര്യവും താൻ തന്നെയാണല്ലോ തീരുമാനിച്ചിരുന്നത്. ഇനിയതൊന്ന് മാറ്റി നോക്കിയാലോയെന്ന ആലോചന ചേച്ചിയുടെ മനസ്സിലൊന്നു മിന്നി.
തിരിച്ച് വീട്ടിലെത്തിയ ഉടനെ ചേച്ചി ഒരു സമ്മേളനം വിളിച്ച് കുട്ടി. ഭർത്താവും മക്കളുമൊക്കെ ചർച്ചക്ക് എത്തി.
ചേച്ചി കാര്യം വിശദീകരിച്ചു. കുടുംബകാര്യങ്ങൾ ഇനി ഡെമോക്രാറ്റിക് രീതിയിലായിരിക്കുമെന്ന് പ്രഖ്യാപിച്ചു. അതുവരെ ആ വീട്ടിൽ സൈലന്റ് മോഡിൽക്കഴിഞ്ഞിരുന്ന കുഞ്ഞുവർക്കി എന്ന കത്രീനച്ചേച്ചിയുടെ ഭർത്താവ് വൈബ്രേഷൻ മോഡിലേക്ക് മാറി. ആകെയൊരുണർവ്.
ബ്രേക്ക് ഫാസ്റ്റ് എന്തു വേണമെന്നതിനെക്കുറിച്ചായിരുന്നു ആദ്യ കൂടിയാലോചന. കുഞ്ഞുവർക്കിക്ക് വേണ്ടത് അപ്പവും സ്റ്റ്യൂവും. ജോണിക്കുട്ടിക്ക് ഇടിയപ്പം. അങ്ങനെ അഞ്ചു മക്കളും അഞ്ച് വിഭവം പറഞ്ഞു. (പുട്ടും കടലയുമൊഴിച്ച്.)
ഒടുക്കം, ജനാധിപത്യരീതിയിലുള്ള അന്തിമ തീരുമാനമെടുക്കേണ്ട സമയമായി. കത്രീനാച്ചേച്ചി ഒരു ദീർഘശ്വാസം വിട്ടു. എന്നിട്ട് ഒറ്റച്ചോദ്യം.
“അപ്പോൾ പുട്ടിനോടൊപ്പം എന്ത് വേണമെന്നാ പറഞ്ഞത് ?”
ചോദിച്ചു തീർന്നതും ഉത്തരം പറന്നുതന്നെ വന്നു. “കടലക്കറി”.
ഭർത്താവിനും മക്കൾക്കും കൊടുക്കേണ്ട മറുപടിയിൽ യാതൊരു സംശയവുമില്ലായിരുന്നു.
കത്രീനാച്ചേച്ചിക്ക് അന്നും ഇന്നും എന്നും ഇഷ്ടം പുട്ടും കടലയുമാണ്. മാറ്റിപ്പറഞ്ഞാൽ അതുംകൂടി കിട്ടാതാകുമെന്ന് മക്കൾക്കും ഭർത്താവിനും നന്നായറിയാം.
കത്രീനച്ചേച്ചി ഡെമോക്രാറ്റിക് പുട്ടുണ്ടാക്കാൻ അടുക്കളയിലേക്കും പോയ രംഗത്തോടെ കഥ അവസാനിക്കുന്നു.
വാൽ:
പല ചർച്ചകളുടെയും അവസ്ഥയും ഏതാണ്ടിങ്ങനെയൊക്കെത്തന്നെയല്ലേ? ചർച്ചക്ക് പോയിരുന്നപ്പോൾ എന്തായിരുന്നോ അഭിപ്രായം അതേ അഭിപ്രായം തന്നെയായിരിക്കും തിരിച്ചു പോകുമ്പോഴും. ആരുടെയും അഭിപ്രായത്തിലും അറിവിലും കാര്യമായ ഒരു വ്യത്യാസവും വരുന്നില്ല.
അല്പം കൂടി തുറന്ന കാഴ്ചപ്പാടും അറിയാനുള്ള ആഗ്രഹവും, മറ്റുള്ളവരെ അംഗീകരിക്കാനുള്ള മനസ്സുമുള്ളവർക്കിടയിലേ നല്ല ചർച്ചകളുണ്ടാവുകയുള്ളു.
അല്ലാത്തവർ ഡെമോക്രാറ്റിക് പുട്ടു വിളമ്പിക്കൊണ്ടേയിരിക്കും…
തുറന്ന കാഴ്ചപ്പാടും അറിയാനുള്ള ആഗ്രഹവും, മറ്റുള്ളവരെ അംഗീകരിക്കാനുള്ള മനസ്സുമുള്ളവർക്കിടയിലേ നല്ല ചർച്ചകളുണ്ടാവുകയുള്ളു.
അല്ലാത്തവർ ഡെമോക്രാറ്റിക് പുട്ടു വിളമ്പിക്കൊണ്ടേയിരിക്കും…