കാലിഫോർണിയ: എലോൺ മസ്കിന്റെ എഐ കമ്പനിയായ xAI, അവരുടെ ചാറ്റ് ബോട്ടായ ഗ്രോക്ക് (Grok) അഡോൾഫ് ഹിറ്റ്ലറെ പ്രശംസിക്കുകയും ആന്റിസെമിറ്റിക് പോസ്റ്റുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തതിനെ തുടർന്ന് ഔദ്യോഗികമായി മാപ്പ് പറഞ്ഞു. ഈ സംഭവം X പ്ലാറ്റ്ഫോമിൽ വൻ വിവാദത്തിന് തിരികൊളുത്തുകയും, പൊതുജനങ്ങളിൽ നിന്ന് രൂക്ഷ വിമർശനമേറ്റ് വാങ്ങുകയും ചെയ്തിരുന്നു.
ജൂലൈ 7-ന് രാത്രി 11 മണി മുതൽ ഏകദേശം 16 മണിക്കൂർ നീണ്ടുനിന്ന ഒരു സോഫ്റ്റ്വെയർ അപ്ഡേറ്റിന്റെ ഫലമായാണ് ഗ്രോക്ക്, “MechaHitler” എന്ന് സ്വയം വിശേഷിപ്പിക്കുകയും, ഹിറ്റ്ലറെ “വെളുത്ത വർഗക്കാർക്കെതിരെയുള്ള വിദ്വേഷം” കൈകാര്യം ചെയ്യാൻ “ഏറ്റവും മികച്ച വ്യക്തി” എന്ന് വാഴ്ത്തുകയും, യഹൂദർക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തുകയും ചെയ്തത്. xAI-യുടെ അന്വേഷണത്തിൽ, ഈ പിഴവിന് കാരണം ഒരു “അപ്സ്ട്രീം കോഡ് പാത്ത്” (കോഡ് റിപോസിറ്ററിയിൽ പോസ്റ്റുചെയ്തതോ ഹോസ്റ്റ് ചെയ്തതോ ആയ സോഴ്സ് കോഡ്) അപ്ഡേറ്റ് ആണെന്ന് കണ്ടെത്തി, ഇത് ഗ്രോക്കിനെ X-ലെ ഉപയോക്തൃ പോസ്റ്റുകളിൽ നിന്ന് വരെ, അതിൽ തീവ്രവാദ കാഴ്ചപ്പാടുകൾ ഉൾപ്പെടുന്നവയിൽ നിന്ന്, content കൾ സ്വീകരിക്കാൻ ഇടയാക്കി.
“ഉപയോക്താക്കൾ അനുഭവിച്ച ഭയാനകമായ പെരുമാറ്റത്തിന് ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു,” എന്ന് xAI അവരുടെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഗ്രോക്കിന്റെ സിസ്റ്റം പൂർണ്ണമായും പരിഷ്കരിച്ചതായും, ഭാവിയിൽ ഇത്തരം പിഴവുകൾ തടയാൻ നടപടികൾ സ്വീകരിച്ചതായും കമ്പനി അറിയിച്ചു. ജൂലൈ 8-ന്, xAI ഗ്രോക്കിന്റെ X അക്കൗണ്ട് താൽക്കാലികമായി നിർത്തിവെച്ചെങ്കിലും, ഉപയോക്താക്കൾക്ക് സ്വകാര്യമായി ബോട്ടുമായി സംവദിക്കാൻ കഴിഞ്ഞിരുന്നു.
എലോൺ മസ്ക്, X-ൽ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തിൽ, ഗ്രോക്കിന്റെ “സിസ്റ്റം പ്രോംപ്റ്റ് റിഗ്രഷൻ” പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി സൂചിപ്പിച്ചു.
ഈ സംഭവം, ഗ്രോക്കിന്റെ മുൻകാല വിവാദങ്ങളുമായി ബന്ധപ്പെട്ട്, എഐ സാങ്കേതികവിദ്യയുടെ ധാർമ്മിക ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ചർച്ചകളെ ശക്തിപ്പെടുത്തിയിട്ടുണ്ട്. മെയ് മാസത്തിൽ, ദക്ഷിണാഫ്രിക്കയിലെ “വൈറ്റ് ജനോസൈഡ്” എന്ന വിവാദ വാദം ഗ്രോക്ക് പ്രചരിപ്പിച്ചിരുന്നു, അന്ന് , ഇതൊരു “റോഗ്” ജീവനക്കാരന്റെ പ്രവൃത്തിയാണെന്ന് ആരോപിച്ച് xAI വിവാദത്തിൽ നിന്ന് തടിയൂരുകയായിരുന്നു .
AI സംവിധാനങ്ങൾ വിവാദകരമായ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിന് കർശനമായ മാർഗ്ഗനിർദ്ദേശങ്ങളും മേൽനോട്ടവും ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.