പത്തൊൻമ്പതാം നൂറ്റാണ്ടിലെ ഇരുളടഞ്ഞ കേരള ജനതയെ അക്ഷരംകൊണ്ടും അന്നം കൊണ്ടും സമത്വം കൊണ്ടും സാഹോദര്യം കൊണ്ടും പുരോഗതിയിലേക്ക് നയിച്ച നവോത്ഥാന നായകനാണ് മലയാളികളുടെ സ്വന്തം ചാവറയച്ചൻ. 2014 നവംബർ 23ന് ഫ്രാൻസിസ് ഒന്നാമൻ മാർപാപ്പ ചാവറ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. തന്റെ മരണാനന്തര ആനുകൂല്യങ്ങളിലൂടെ അദ്ദേഹത്തിന്റെ പേരിൽ ചാർത്തപ്പെട്ട അത്ഭുതങ്ങളെക്കാൾ 1805 മുതൽ 1871 വരെയുള്ള തന്റെ 66 വർഷം കൊണ്ട് ആ താപസ വൈദികൻ ക്രൈസ്തവ സമൂഹത്തിന് അതീതമായി മലയാള സമൂഹത്തിന് മലയാള സംസ്കാരത്തിന് വിതച്ച നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
കുട്ടനാടൻ പ്രവിശ്യയിലെ കൈനകരി എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച് വളർന്ന് പള്ളിപ്പുറം സെമിനാരിയിൽ ചേർന്ന് വൈദികനായി മാന്നാനത്ത് ആദ്യത്തെ തദ്ദേശീയ സന്യാസ സഭ സി എം ഐ സ്ഥാപിച്ചു. പ്രാർത്ഥനാപൂർണമായ സേവന ശുശ്രൂഷയിൽ തന്റെ സഭാംഗങ്ങളെ ചേർത്തുപിടിക്കുന്നതിനോടൊപ്പം തന്റെ ചുറ്റുപാടുമുള്ളവരുടെ ഇല്ലായ്മകളെ, വേദനകളെ അദ്ദേഹം തിരിച്ചറിഞ്ഞു. അവർണ്ണൻ വേദം വായിച്ചാൽ അവന്റെ കാതിൽ ഈയം ഉരുക്കി ഒഴിക്കണം എന്ന ആചാരം നിലനിന്നിരുന്ന കാലത്ത് അവർണ്ണനും സവർണ്ണനും ഒരുമിച്ച് ഇരുന്നു പഠിക്കാൻ 1846 അദ്ദേഹം സംസ്കൃത വിദ്യാലയം സ്ഥാപിച്ചു. തൊട്ടടുത്ത വർഷം തന്നെ ദളിതരുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹം മുന്നിട്ടിറങ്ങി.
വിദ്യാസമ്പന്നമായ ഒരു സമൂഹത്തിന് മാത്രമേ പുരോഗതിയുടെ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുള്ളൂ എന്ന ഉൾക്കാഴ്ച അദ്ദേഹത്തിനുണ്ടായിരുന്നു. പള്ളിയോട് ചേർന്ന് പള്ളിക്കൂടം, ഉച്ചഭക്ഷണം, സ്കൂൾ ലൈബ്രറി,യൂണിഫോം, തൊഴിലാധിഷ്ഠിത വിദ്യാഭ്യാസം തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ ഒട്ടുമിക്ക ഘടകങ്ങളുടെയും പൈതൃകം ചാവറ പിതാവിന് അവകാശപ്പെട്ടതാണ്.
നവോത്ഥാന വിപ്ലവകാരിയായിരുന്നു ചാവറച്ചൻ. ഭൂ ഉടമയുടെ പണിസ്ഥലത്ത് പണിയെടുക്കുന്ന പണിയാളന് കൂലിക്ക് പകരം കഞ്ഞിയും പുഴുക്കും മാത്രം നൽകിയിരുന്ന കാലത്ത് അവന്റെ കുടുംബം പട്ടിണിയാണെന്ന് തിരിച്ചറിഞ്ഞ് ആ പുണ്യാത്മാവ് അധ്വാനിക്കുന്നവന്റെ അവകാശമാണ് കൂലി എന്നും അത് നിഷേധിച്ചാൽ ആ പാപം കുമ്പസാരക്കൂട്ടിൽ ഏറ്റുപറഞ്ഞാൽ പോലും പരിഹരിക്കാൻ ആകില്ല എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അവശരായ വൃദ്ധജനങ്ങളെ സംരക്ഷിക്കുവാൻ അദ്ദേഹം കൈനകരിയിൽ ഒരു ഉപവിശാല നൽമരണ സഖ്യം ഉണ്ടാക്കി സമൂഹത്തിന് മാതൃകയായി. തന്റെ ചുറ്റുമുള്ളവരുടെ കണ്ണുകളിലെ ഇല്ലായ്മകളെ ദുഃഖങ്ങളെ തിരിച്ചറിഞ്ഞ് അത് പരിഹരിക്കുമ്പോഴാണ് തന്റെ സുവിശേഷത്തിന് അർത്ഥവ്യാപ്തി ഉണ്ടാവുകയുള്ളൂ എന്ന അവബോധം അദ്ദേഹത്തിന് ഉണ്ടായിരുന്നു.
ഒരു സ്ത്രീ അവിവാഹിതയായി പ്രാർത്ഥനാ ജീവിതം നയിക്കുവാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ അവൾക്ക് സംരക്ഷണം ആവശ്യമാണ്.ഇത് തിരിച്ചറിഞ്ഞ അദ്ദേഹം 1866ൽ ആദ്യത്തെ തദ്ദേശീയ സന്യാസിനി സഭ സിഎംസി സ്ഥാപിച്ചു. അതിലെ അംഗങ്ങളോട് അദ്ദേഹം നിർദ്ദേശിച്ചിരുന്ന നിഷ്ഠ പ്രാർത്ഥനാ ജീവിതം നയിക്കാൻ മാത്രമല്ല മറിച്ച് നിങ്ങൾ പഠിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തണം. നിങ്ങളുടെ പഠിപ്പ് മറ്റുള്ളവർക്ക് പകർന്നു നൽകണം. വീട്ടമ്മമാരെ പഠിപ്പിക്കണം. നിങ്ങൾ കരകൗശല തൊഴിലുകൾ അഭ്യസിക്കണം. അത് മറ്റു വനിതകളെ അഭ്യസിപ്പിക്കണം അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് സമൂഹത്തിൽ തല ഉയർത്തി നിൽക്കാൻ വനിതകളെ പ്രാപ്തരാക്കണം. സ്ത്രീ ശാക്തീകരണത്തിന്റെ, സ്ത്രീ വിദ്യാഭ്യാസത്തിന്റെ, സ്ത്രീകളുടെ സ്വയം തൊഴിൽ പര്യാപ്തതയുടെ വഴിവിളക്ക് അങ്ങനെ അദ്ദേഹം കൊളുത്തി. സ്ത്രീകളെ അപലകൾ അല്ലാതെ സുപലകളാക്കാൻ വേണ്ടി അദ്ദേഹം സ്ഥാപിച്ച സിഎംസി സ്ഥാപനത്തിൽ അംഗമായി അദ്ദേഹത്തിന്റെ ദൗത്യം ജീവിത മാർഗമായി ഏറ്റെടുത്ത് നയിച്ച സ്ത്രീകളുടെ അഭിമാനമായ എവുപ്രേസ്യ അമ്മയും അദ്ദേഹത്തോടൊപ്പം 2014 നവംബർ 23ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
മാധ്യമ രംഗത്ത് മലയാളികളുടെ പിതാവാണ് ചാവയ്യച്ചൻ സമൂഹത്തിന്റെ നന്മയ്ക്കായി അറിവിനായി പുസ്തകങ്ങൾ അച്ചടിക്കുവാൻ അദ്ദേഹം തുടങ്ങിയ പ്രിന്റിംഗ് പ്രസ്സിൽ നിന്നാണ് മലയാളത്തിന്റെ ആദ്യദിന പത്രമായ ദീപിക രൂപം കൊള്ളുന്നത്. സേവനരംഗത്തെ പ്രസാദന രംഗത്ത് നിരവധി നിരവധി ശുശ്രൂഷ മേഖലകളിൽ അദ്ദേഹം തന്റെ ഹൃദയം കൊണ്ട് സുവിശേഷവേലകൾ ചെയ്യുകയായിരുന്നു. നാടക രചയിതാവായ വിവിധ ഭാഷകൾ അറിയാവുന്ന അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് രൂപം കൊണ്ട രണ്ട് കാവ്യങ്ങളാണ് ആത്മാനുതാപവും ഒരു മലയാളി എഴുതുന്ന ആദ്യത്തെ ഖണ്ഡകാവ്യമായ അനസ്ഥാസ്യയുടെ രക്തസാക്ഷ്യവും. അദ്ദേഹത്തിന്റെ സുവർണ്ണ നിയമങ്ങളിൽ ഒന്നായിരുന്നു നന്മ ചെയ്യാത്ത ഒരു ദിവസം പോലും ആയുസ്സിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തുകയില്ല എന്നുള്ളത്.
അദ്ദേഹത്തിന്റെ എല്ലാ കർമ്മങ്ങളും അദ്ദേഹത്തിന്റെ പ്രാർത്ഥനകൾ ആയിരുന്നു. ബഹുമാന്യനായ ശ്രീ അഴീക്കോടൻ മാസ്റ്ററുടെ വാക്കുകൾ ഇങ്ങനെയാണ്. ഒരു വ്യക്തി പത്തൊൻമ്പതാം നൂറ്റാണ്ടിൽ ജീവിച്ചുകൊണ്ട് തന്റെ കർമ്മ വഴികളിലൂടെ ഇരുപതാം നൂറ്റാണ്ടും ഇരുപത്തിയൊന്നാം നൂറ്റാണ്ടും സൃഷ്ടിക്കുവാൻ അന്നേ പുറപ്പെട്ടുവെങ്കിൽ അദ്ദേഹത്തെ നാം യുഗപുരുഷൻ എന്ന് വിളിച്ചേ മതിയാവൂ. അതെ യുഗപുരുഷനാണ് വിശുദ്ധ ചാവറ പിതാവ്. ആ യുഗപുരുഷന് അദ്ദേഹം സമൂഹത്തിൽ പ്രതിഫലിപ്പിച്ച നന്മകൾക്ക് പുരോഗതിക്ക് അദ്ദേഹത്തിന്റെ സുവിശേഷാനുശ്രുത ജീവിതത്തിന് മുൻപിൽ നമുക്ക് പ്രണാമം അർപ്പിക്കാം.
