ഓട്ടവ, ജൂലൈ 15, 2025 – കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, തന്റെ ബ്ലൈൻഡ് ട്രസ്റ്റിലെ എല്ലാ ആസ്തികളും വിറ്റ് സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയർ പൊലിയേവ് ആവശ്യപ്പെട്ടു. കാർണിയുടെ ബ്ലൈൻഡ് ട്രസ്റ്റ് സംവിധാനം ഭിന്നതാൽപര്യം (conflict of interest) ഒഴിവാക്കാൻ പര്യാപ്തമല്ലെന്നാണ് പൊലിയേവിന്റെ വാദം.
മാർച്ചിൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കാർണി, ബ്രൂക്ഫീൽഡ് അസറ്റ് മാനേജ്മെന്റ്, ബ്രൂക്ഫീൽഡ് കോർപ്പറേഷൻ, സ്ട്രൈപ്പ് എന്നിവയുമായി ബന്ധപ്പെട്ട തന്റെ നിക്ഷേപങ്ങളിൽ നിന്ന് സാധ്യമായ ഭിന്നതാൽപര്യങ്ങൾ ഒഴിവാക്കാൻ ബ്ലൈൻഡ് ട്രസ്റ്റ് സ്ഥാപിച്ചിരുന്നു. എന്നാൽ, ഈ ട്രസ്റ്റ് രൂപീകരിക്കുമ്പോൾ കാർണിക്ക് അതിലെ ആസ്തികളെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, ബ്രൂക്ഫീൽഡിന്റെയോ സ്ട്രൈപ്പിന്റെയോ വിപുലമായ ബിസിനസ്സ് സംബന്ധമായ തീരുമാനങ്ങളിൽ നിന്നും അദ്ദേഹത്തിന് വ്യക്തിപരമായ നേട്ടം ലഭിച്ചേക്കുവാനുള്ള സാധ്യതകളിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും ജൂലൈ 14-ന് ഓട്ടവയിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുക്കവെ ഓട്ടവയിൽ പൊലിയേവ് ആരോപിച്ചു.
പ്രധാനമന്ത്രി തന്റെ നിക്ഷേപങ്ങൾ പൂർണമായും വിറ്റ് ഒരു ട്രസ്റ്റിന് കൈമാറി, അദ്ദേഹത്തിന്റെ എല്ലാവിധ സാമ്പത്തിക കാര്യങ്ങളും സുതാര്യമാക്കി ഇടപാടുകളിൽ നിന്നും മാറി നിൽക്കണമെന്ന് പൊലിയേവ് പറഞ്ഞു. സാമ്പത്തിക സ്രോതസ്സുകളിൽ മേലുള്ള ഭിന്നതാൽപര്യം ഒഴിവാക്കാൻ ആവശ്യമായ നിയമഭേദഗതി കൊണ്ടു വരാൻ കൺസർവേറ്റീവ് പാർട്ടി നിർദ്ദേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, പ്രധാനമന്ത്രി മാർക്ക് കാർണി, എത്തിക്സ് കമ്മിഷണറുമായി സഹകരിച്ച്, നിലവിലുള്ള നിയമങ്ങൾക്കനുസരിച്ചാണ് ബ്ലൈൻഡ് ട്രസ്റ്റ് സ്ഥാപിച്ചത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് വക്താവ്
പ്രതികരിച്ചത്. “വിറ്റഴിച്ച ആസ്തികളുടെ ഭൂരിഭാഗവും മറ്റൊരു ( third party) അക്കൗണ്ട് വഴി മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും, പ്രധാനമന്ത്രിക്ക് ആ നിക്ഷേപങ്ങളിൽ നിയന്ത്രണമോ അവയ്ക്ക് മേൽ സ്വാധീനമോ ഇല്ലെന്നു മാത്രമല്ല കനേഡിയൻ ജനതയ്ക്ക് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളിലും പ്രധാനമന്ത്രി വേണ്ട ജാഗ്രത പുലർത്തും” എന്നും വക്താവ് കൂട്ടിച്ചേർത്തു.
മാർക്ക് കാർണിയുടെ ചീഫ് ഓഫ് സ്റ്റാഫ് മാർക്ക്-ആന്ദ്രേ ബ്ലാഞ്ചാർഡും പ്രിവി കൗൺസിൽ ക്ലർക്ക് മൈക്കൽ സാബിയയും ചേർന്നാണ് തൻ്റെ എത്തിക്സ് സ്ക്രീൻ, കൈകാര്യം ചെയ്യുന്നതെന്നും ബ്രൂക്ഫീൽഡിനെയോ സ്ട്രൈപ്പിനെയോ ബാധിക്കുന്ന ഔദ്യോഗിക കാര്യങ്ങളിൽ തനിക്ക് അറിവോ പങ്കാളിത്തമോ ഉണ്ടാകില്ലെന്ന് സ്ക്രീനിംഗ് അംഗങ്ങൾ ഉറപ്പാക്കുമെന്നും ഇതുവഴി തന്റെ ഔദ്യോഗിക അധികാരങ്ങൾ, കടമകൾ, പ്രവർത്തനങ്ങൾ എന്നിവയിൽ ഏതെങ്കിലും കമ്പനിക്ക് മുൻഗണന നൽകുന്നത് തടയപ്പെടുമെന്നും കാർണി വെളിപ്പെടുത്തിയിരുന്നു
എന്നിരുന്നാലും, ബ്ലൈൻഡ് ട്രസ്റ്റ് സ്ഥാപിക്കുമ്പോൾ കാർണിക്ക് അതിലെ ആസ്തികളെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന വിമർശനത്തിന് ഒരു പരിധിവരെ അടിസ്ഥാനമുണ്ടെന്ന് യോർക്ക് യൂണിവേഴ്സിറ്റിയിലെ എത്തിക്സ് ആന്റ് ഗവേർണൻസ് പ്രൊഫസർ ഇയാൻ സ്റ്റെഡ്മാൻ, അഭിപ്രായപ്പെട്ടു. എന്നാൽ, ഈ വിമർശനങ്ങൾ കാർണിക്ക് മാത്രം ബാധകമല്ല, ബ്ലൈൻഡ് ട്രസ്റ്റിന്റെ സംവിധാനത്തിന്റെ പരിമിതികളുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊലിയേവിന്റെ നിർദ്ദേശം താൽപ്പര്യ വൈരുദ്ധ്യം കുറയ്ക്കാൻ സഹായിക്കുമെങ്കിലും, അതിന് ചില ട്രേഡ്-ഓഫുകൾ ഉണ്ടാകാമെന്ന് സ്റ്റെഡ്മാൻ മുന്നറിയിപ്പ് നൽകി.
ബ്രൂക്ഫീൽഡിന്റെ നിക്ഷേപ മേഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ആണ് പൊതുവിൽ ലിബറൽ നയങ്ങൾ, പ്രത്യേകിച്ച് ഹീറ്റ് പമ്പുകളും മോഡുലാർ ഹൗസിംഗുമായി ബന്ധപ്പെട്ട് കിടക്കുന്ന പല നിക്ഷേപങ്ങളും. എന്നാൽ, വ്യവസായത്തെ മൊത്തത്തിൽ ബാധിക്കുന്ന നയമാറ്റങ്ങൾ, ഒരു തീരുമാനമെടുക്കുന്നയാൾക്ക് കമ്പനിയുമായി ബന്ധമുണ്ടെങ്കിൽപ്പോലും ഫെഡറൽ എത്തിക്സ് നിയമങ്ങൾ പ്രകാരം ഭിന്നതാൽപര്യമായി (conflict of interest) കണക്കാക്കപ്പെടുന്നില്ലെന്ന് സ്റ്റെഡ്മാൻ വിശദീകരിച്ചു.