മിസ്സിസ്സാഗ, ഒന്റാറിയോ: മിസ്സിസ്സാഗയിലെ സെന്റ് അൽഫോൻസാ സീറോമലബാർ കത്തീഡ്രൽ ഇടവകയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ വിവിധ പരിപാടികളോടെ ജൂലൈ 18 ന് ആരംഭിച്ച് ജൂലൈ 27ന് സമാപിക്കും. സീറോമലബാർ സഭയിലെ ആദ്യ വിശുദ്ധയായ സെന്റ് അൽഫോൻസാമ്മയുടെ ഈ തിരുനാൾ, വിശ്വാസികളുടെ ആത്മീയ ഉണർവിനും സമൂഹ ഐക്യത്തിനും വേദിയാകുമെന്ന് ഇടവക വികാരി ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ അറിയിച്ചു.
തിരുനാൾ ആഘോഷങ്ങൾ ജൂലൈ 18 വൈകുന്നേരം സീറോ മലബാർ സഭയുടെ പാരമ്പര്യവും വിശ്വാസവും ഉയർത്തിപ്പിടിച്ച് ഇടവക വികാരിയുടെ നേതൃത്വത്തിൽ കൊടിയേറ്റു ശുശ്രൂഷയോടു കൂടി ആരംഭിച്ചു. തുടർന്ന് മാനന്തവാടി രൂപതാ അധ്യക്ഷൻ മാർ ജോസ് പൊരുന്നേടത്തിന്റെ മുഖ്യ കാർമികത്വത്തിൽ വിശ്വാസ സമൂഹത്തിനായി ദിവ്യബലിയും നൊവേനയും അർപ്പിച്ചു പ്രാർത്ഥിച്ചു.
ജൂലൈ 19 മുതൽ 26 വരെ ഇടവക സമൂഹത്തിൻ്റെ വിവിധ നിയോഗങ്ങൾക്കായി വൈകുന്നേരങ്ങളിൽ പ്രത്യേക ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും ഈ ദിവസങ്ങളിൽ ഇടവകയിലെ കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ആയിരിക്കും ദേവാലയത്തിൽ പ്രാർത്ഥനകളും മറ്റു ചടങ്ങുകളും നടക്കുക.
ജൂലൈ 26 ശനിയാഴ്ച വൈകുന്നേരം 5 ന് പ്രസിതേന്തി വാഴ്ചയോടുകൂടി ചടങ്ങുകൾ ആരംഭിക്കുകയും തുടർന്ന് പെരിയ ബഹുമാനപ്പെട്ട ഫാദർ പത്രോസ് ചമ്പക്കരയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും അർപ്പിക്കപ്പെടും. പ്രാർത്ഥനകൾക്ക് ശേഷം ഏഴുമണിയോടുകൂടി ഇടവക സമൂഹത്തിലെ കലാകാരന്മാരും കലാകാരികളും കുട്ടികളും അണിനിരക്കുന്ന വിവിധ കലാപരിപാടികൾ ദേവാലയങ്കണത്തിൽ നടക്കപ്പെടും.
പ്രധാന തിരുനാൾ ദിനമായ ജൂലൈ 27 ന് 8.30 am പ്രഭാത ദിവ്യബലിക്ക് ശേഷം 10.30 ന് ആഘോഷമായ തിരുനാൾ കുർബാന മാനന്തവാടി രൂപതാ അധ്യക്ഷൻ മാർ ജോസ് പൊരുന്നേടത്തിന്റെ മുഖ്യ കാർമികത്വത്തിൽ വിശ്വാസ സമൂഹത്തിനായി അർപ്പിക്കപ്പെടും. ദിവ്യബലിക്ക് ശേഷം, വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപവും തിരുശേഷിപ്പുകളും വഹിച്ചുകൊണ്ടുള്ള വർണ്ണാഭമായ പ്രദക്ഷിണം നടക്കും. ഈ ദിവസം, വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപ വെഞ്ചരിപ്പ്, പ്രസംഗം, പ്രദക്ഷിണം, ലദീഞ്ഞ്, എന്നിവയും ഉണ്ടാകും.
ഇടവകയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളും വിശ്വാസ സമൂഹവും ഒന്നുചേർന്ന് തിരുനാളിന്റെ വിജയത്തിനായി അഹോരാത്രം പ്രവർത്തിക്കുന്നതായും പ്രധാന തിരുനാൾ ദിവസം വിശ്വാസികൾക്കായി സ്നേഹവിരുന്ന് ഒരുക്കിയിട്ടുണ്ടെന്നും, ഈ തിരുനാൾ ഇടവക ജനങ്ങളുടെ വിശ്വാസവും സംസ്കാരവും ഒരുമിച്ച് ആഘോഷിക്കാനുള്ള ഒരു അവസരമാണെന്നും ആയതിനാൽ എല്ലാ വിശ്വാസികളെയും തിരുനാൾ ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ പറഞ്ഞു.
ഇടവക വികാരി ഫാ. അഗസ്റ്റിൻ കല്ലുങ്കത്തറയിൽ പറഞ്ഞതനുസരിച്ച്, “ഈ തിരുനാൾ വിശ്വാസികൾക്ക് ആത്മീയമായി പുതുക്കപ്പെടാനും ഒരുമിച്ച് ഒരു കുടുംബമായി ആഘോഷിക്കപ്പെടുന്നതോടൊപ്പം സീറോ മലബാർ വിശ്വാസ സമൂഹത്തിൻ്റെ ഐക്യവും വിശ്വാസ തീക്ഷ്ണതയും ഉയർത്തിപ്പിടിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണ്.”
സെന്റ് അൽഫോൻസാ സീറോമലബാർ കത്തീഡ്രൽ, മിസ്സിസ്സാഗ എപ്പാർക്കിയുടെ ആസ്ഥാന പള്ളിയാണ്. 2014-ൽ സ്ഥാപിതമായ ഈ കത്തീഡ്രൽ, കാനഡയിലെ സീറോമലബാർ സമുദായത്തിന്റെ ആത്മീയ-സാംസ്കാരിക കേന്ദ്രമാണ്.