ഞങ്ങളുടെ സുഹൃത്ത് ജോസഫ് കുര്യൻ (ജോ), മകൾ മീരയുടെ മുറി വൃത്തിയാക്കുമ്പോൾ അവിടെ നിന്നും ഒരു കോണിയാക് മദ്യക്കുപ്പി കണ്ടെത്തി. പിന്നീട് അയാൾ ചിന്തിച്ചു – ഇതെങ്ങനെ കൈകാര്യം ചെയ്യണം? അവനെപ്പോലെ വടക്കേഅമേരിക്കയിലെ എല്ലാ പിതാക്കളുടെയും ഭയം അതു തന്നെ – ‘മൈനുകൾക്ക് ഇടയിലൂടെ മൈൻ ഡിറ്റക്ടർ ഇല്ലാതെ നടക്കുന്നതുപോലെയാണ് അമേരിക്കയിൽ 18 വയസ്സുള്ള ഒരു പെൺകുട്ടിക്കെതിരെ എന്തെങ്കിലും പ്രവർത്തിക്കുന്നതോ സംസാരിക്കുന്നതോ.’
ഹൈസ്കൂൾ കുട്ടികൾ മദ്യം പരീക്ഷിക്കുന്നതു സാധാരണമാണ്. എന്റെ സ്കോച്ച് ബോട്ടിലുകളുടെ അളവ് ഞാൻ പോലും അറിയാതെ കുറയുന്നത് പല തവണ കണ്ടിട്ടുണ്ട്. അതിന്റെ പിന്നിൽ എന്റെ മകൻ നിഖിലാണെന്നു എനിക്ക് അറിയാമായിരുന്നു. കുറച്ച് കാലം കഴിഞ്ഞ് അവൻ ചോദിച്ചു – “അപ്പൻ എന്തിനു ഇതേപ്പറ്റി ഒരിക്കലും ചോദിച്ചില്ല?”
“ഞാൻ ആയിരുന്നെങ്കിൽ വെള്ളം ഒഴിച്ച് അളവ് ശരിയാക്കിയേനെ! അതോടെ സ്കോച്ചിന്റെ ഗുണവും മണവും തീർന്നേനെ! നീ ആ പണി ചെയ്തില്ല!” എന്ന് ഞാൻ.
നിഖിൽ പറഞ്ഞു: “കാനഡയിലെ ഹൈസ്കൂൾ കുട്ടികൾക്ക് മദ്യം ലഭിക്കുവാൻ അപ്പന്റെ ബാറുതന്നെ ഏകാശ്രയം. അല്ലെങ്കിൽ ഒരു പ്രായപൂർത്തിയായ ആളിന്റെ സഹായം വേണം, ഞങ്ങളുടെ പാർട്ടികൾക്ക് മദ്യമില്ലാതെ പോകാൻ കഴിയും എന്നു തോന്നൂന്നോ?”
അവന്റെ ഹൈസ്കൂൾ ഗ്രാജുവേഷൻ പാർട്ടി കഴിഞ്ഞ് ‘ആഫ്റ്റർ പാർട്ടി’യും ‘ആഫ്റ്റർ ആഫ്റ്റർ പാർട്ടി’യും കഴിഞ്ഞ് സുഹൃത്തിന്റെ വീട്ടിൽ നിന്നും. പിറ്റേന്ന് രാവിലെ 11 മണിക്ക് ഞങ്ങൾ അവനെ കൊണ്ടുവന്നു. എന്റെ പത്നി മറീന ചോദിച്ചു: “പാർട്ടി എങ്ങനെയുണ്ടായിരുന്നു?”
അവൻ പറഞ്ഞു: “അധികം കുട്ടികൾക്കും മദ്യപിക്കാൻ അറിയില്ല. ഒടുവിൽ പലരും ഛർദ്ദിച്ചു, പെൺകുട്ടികൾ കരഞ്ഞു. എന്റെ ഗ്രൂപ്പിന് പ്രശ്നങ്ങളൊന്നുമില്ല – ഞാൻ അവരെ എങ്ങനെ മദ്യം കുടിക്കണം എന്ന് പഠിപ്പിച്ചിരിന്നു.”
“എന്താണ് നീ പഠിച്ചത്?” മറീന ചോദിച്ചു.
നിഖിൽ പറഞ്ഞു: “ഒരു ഗ്ലാസ് വെള്ളം കുടിച്ചു, ഒരല്പം സ്നാക്ക് കഴിച്ചശേഷം മാത്രം ആദ്യ ഡ്രിങ്ക് തുടങ്ങുക, അതും മെല്ലെ മെല്ലെ. വേഗത്തിൽ അകത്താക്കുവാൻ ശ്രമിക്കരുത്. കഴിച്ചിട്ട് വീണ്ടും വെള്ളം കുടിക്കണം, പാർട്ടി ഹാളിൽ ഒരു തവണ നടന്നു, ഒരല്പം ഡാൻസ് ചെയ്യണം, ആവശ്യമായാൽ വാഷ്റൂമിൽപോകണം – ഈ ക്രിയാവിധി മുഴുവൻ രാത്രിയും തുടരണം.”
ഇപ്പോൾ മറീന ചോദിച്ചു: “നിന്നെ ഇത് ആരാണ് പഠിപ്പിച്ചത്?”
“അപ്പൻ!!!” ഉടൻ മറുപടി.
മറീന എല്ലാം കുറ്റങ്ങളും എന്റെമേൽ ചൊരിഞ്ഞു. അപ്പോൾ നിഖിൽ പറഞ്ഞു: “ഒരു കുട്ടിയെ നീന്താൻ പഠിപ്പിക്കണമെങ്കിൽ, അവനെ വെള്ളത്തിലിറക്കി പഠിപ്പിക്കണം; കരയ്ക്കുനിന്നല്ല!!”
ജോ മകളെ വെള്ളത്തിലിറക്കി പഠിപ്പിക്കണം – അതിനു ഒരുത്തമ പരിശീലകൻ അനിവാര്യം. അവൾക്കൊരു ഇൻസ്ട്രക്ടറും, കോച്ചും, ലൈഫ്ഗാർഡും ആവശ്യമുണ്ട് – ഇതൊക്കെ ചെയ്യാൻ പറ്റിയ ഒരേയൊരാൾ അപ്പൻ തന്നെയാണ്!
കൗമാരക്കാർ മദ്യത്തിൽ പരീക്ഷണങ്ങൾ നടത്തുന്നത് കാണാറുണ്ട്. അവരുടെ പ്രായത്തിൽ മസ്തിഷ്ക്കത്തിലെ ആനന്ദ കേന്ദ്രം വികസിക്കുമ്പോൾ, തീരുമാനം എടുക്കുന്ന ഭാഗം അധികം വളരുന്നില്ല. അതുകൊണ്ടാണ് ഈ പ്രായത്തിൽ കുട്ടികൾ മദ്യത്തിൽ ആസക്തരാകുന്നത്. വളരുമ്പോൾ ആ ‘ത്രിൽ’ ഇല്ലാതാവുമ്പോൾ അവരുടെ മദ്യ ഉപയോഗും തന്നെ കുറയുന്നു.
14 വയസ്സിന് മുമ്പ് ആദ്യമായി മദ്യം കുടിച്ച കുട്ടികൾക്ക് MLDA (Minimum Legal Drinking Age) വരെ കാത്തിരിക്കുന്നവരെക്കാൾ ആറുമടങ്ങ് കൂടുതൽ മദ്യ ആസക്തിയിലാവാനുള്ള സാധ്യതയുണ്ട്.
19 രാജ്യങ്ങളിൽ മദ്യം കുടിക്കാനുള്ള നിയമപരമായ പ്രായപരിധി (MLDA) ഇല്ല: ബൊളീവിയ, കംബോഡിയ, കാമറൂൺ, ചൈന, ഇൻഡോനേഷ്യ മുതലായവ.
MLDA 16-17 ആയ രാജ്യങ്ങൾ: ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക്, ജർമനി, നെതർലാൻഡ്സ്, സ്പെയിൻ, സ്വിറ്റ്സർലാൻഡ്.
MLDA 18-19: ഓസ്ട്രേലിയ, കാനഡ, ഫ്രാൻസ്, അയർലൻഡ്, ഇറ്റലി, ന്യൂസിലാൻഡ്, യുക്രെയ്ൻ, ബ്രിട്ടൻ, വത്തിക്കാൻ.
20 പ്രായപരിധിയുള്ളവ: ഐസ്ലാൻഡ്, ജപ്പാൻ, തായ്ലൻഡ് മുതലായവ.
21 പ്രായപരിധിയുള്ളവ: USA, ശ്രീലങ്ക.
16 രാജ്യങ്ങളിൽ മദ്യപാന നിരോധനം നിലനിൽക്കുന്നു – അഫ്ഗാനിസ്ഥാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, UAE.
ഇന്ത്യയിൽ MLDA 18-25 വരെയാണ്, സംസ്ഥാനാനുസാരമാണ് വ്യത്യാസം. ഡെൽഹിയിൽ 25 ആണ്, ഗോവയിൽ 18. പക്ഷേ കർശനമായ പാലനമില്ല.
ബിഞ്ച് ഡ്രിങ്കിംഗ് (Binge Drinking) – അമിത മദ്യപാനം – ഒരു അവസരത്തിൽ അഞ്ച് അല്ലെങ്കിൽ അതിലധികം മദ്യ പാനീയങ്ങൾ കഴിക്കുന്ന അവസ്ഥ – ശാരീരികമായി തളരലും, ഓർമക്കുറവും, പെരുമാറ്റതിലുളള വ്യതിയാനങ്ങൾക്കും സംഭവിക്കാം. മദ്യം അതിവേഗത്തിൽ കുടിച്ചാൽ അത് സ്തംഭനത്തേക്കു നയിക്കാം.
മാതാപിതാക്കളായ, അധ്യാപകരായ, ബന്ധുക്കളായ, സുഹൃത്തുകളായ നമ്മൾ കുട്ടികളോടുള്ള ബന്ധത്തിൽ ജാഗ്രത പുലർത്തണം. മദ്യലഹരിയിലോ ദുരുപയോഗത്തിലോ കൂടുതൽ ആകപ്പെട്ടിരിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾ മദ്യത്തിൽ നിന്ന് അകന്ന് നിൽക്കുന്നതയാണ് കാണപ്പെടുന്നത്.കുടുംബാനുഷ്ഠാനങ്ങൾ, കുടുംബം ഒരുമിച്ചുള്ള ആഹാരം കഴിക്കൽ, ആഘോഷങ്ങൾ, മുതലായവ – കുട്ടികളെ മദ്യദുരുപയോഗത്തിൽ നിന്നും അകന്നുനിൽക്കുവാൻ സഹായിക്കുന്നു.
കുട്ടികളുമായി തുറന്ന് സംസാരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഒരു പ്രശ്നം സംഭവിക്കുമ്പോൾ, നിങ്ങളുടെ കൗമാരപ്രായത്തിൽ നിങ്ങൾ കാട്ടിക്കൂട്ടിയ സാഹസങ്ങൾ ഓർത്തു, ആലോചിച്ചു, ശാന്തമായി അവരുമായി സംസാരിക്കുക – കുറ്റപ്പെടുത്തലുകളോ, ശിക്ഷയോ ഇല്ലാതെ.
ഞങ്ങളുടെ അനന്തരവൻ ജോജി പറഞ്ഞു: “മീരയ്ക്ക് സംഭവിച്ചതു ഞങ്ങളുടെ വീട്ടിൽ അരങ്ങേറിയിരുന്നെങ്കിൽ എന്ത് സംഭവിക്കും എന്ന് ഓർക്കാൻ പോലും വയ്യ!”
മറീനയുടെ അപ്പനും എന്റെ സഹോദരനും മദ്യപരിഹാര ചികിത്സ തേടിയിരുന്നെന്നും, ഞങ്ങളുടെ മദ്യ-ഉപയോഗഅനുഭവങ്ങളെപറ്റിയും മക്കളോട് തുറന്ന് സംസാരിക്കാറുണ്ടായിരുന്നു.
വീട്ടിൽ തന്നെ ഒരു MLDA പ്രായം) നിർണ്ണയിക്കുക എന്നതാണ് മികച്ച മാർഗം. ന്യായം വിധിക്കാതെയും, വ്യാഖ്യാനങ്ങളില്ലാതെയും തുറന്ന മനസ്സോടെയും സംവാദമാണ്ഏറ്റവും വലിയ പ്രതിവിധി.
ഞാൻ ജോയുമായി സംഭാഷണം ഇങ്ങനെ അവസാനിപ്പിച്ചു:“മീരയുടെ മുറിയിൽ നിന്ന് ഇന്ന് മദ്യക്കുപ്പി കിട്ടി. നാളെ ഗർഭ നിരോധന ഉറ ആയിരിക്കും ലഭിക്കുക!! അപ്പോൾ എങ്ങനെ പ്രതികരിക്കണമെന്നു ആലോചിച്ചു ഇപ്പോൾ തന്നെ തയ്യാറാകുക.”