2025 ജൂലൈ 21-ന്, ഹാർവാർഡ് യൂണിവേഴ്സിറ്റിയും ട്രംപ് ഭരണകൂടവും ഫെഡറൽ കോടതിയിൽ ഏറ്റുമുട്ടി. ഹാർവാർഡിന് 2 ബില്യൺ ഡോളറിലധികം ഫെഡറൽ ഗവേഷണ ഗ്രാന്റുകൾ ഭരണകൂടം നിർത്തിവച്ചതിനെ ചൊല്ലിയാണ് തർക്കം. ഈ ഫണ്ട് വെട്ടിക്കുറയ്ക്കൽ ഭരണഘടനാവിരുദ്ധമായ രാഷ്ട്രീയ ആവശ്യങ്ങളുമായി ബന്ധപ്പെട്ട പ്രതികാരമാണെന്ന് യൂണിവേഴ്സിറ്റി വാദിക്കുന്നു. ഈ ആവശ്യങ്ങളിൽ ഹാർവാർഡിന്റെ ജോലി നിയമനം, പ്രവേശനം, ക്യാമ്പസ് വൈവിധ്യ നയങ്ങൾ എന്നിവയിൽ അനാവശ്യ മാറ്റങ്ങൾ ഉൾപ്പെടുന്നു. ഹാർവാർഡ് ക്യാമ്പസിൽ യഹൂദവിരുദ്ധത തെറ്റായി കൈകാര്യം ചെയ്തുവെന്ന് ആരോപിച്ചാണ് ഗവൺമെന്റ് ഈ വെട്ടിക്കുറയ്ക്കൽ ന്യായീകരിച്ചത്.
ഈ ആവശ്യങ്ങൾ അക്കാദമിക സ്വാതന്ത്ര്യത്തിനും സ്വതന്ത്രാഭിപ്രായ പ്രകടനത്തിനുമുള്ള ഹാർവാർഡിന്റെ ഒന്നാം ഭേദഗതി അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് യൂണിവേഴ്സിറ്റി വാദിക്കുന്നു. യു.എസ്. ഡിസ്ട്രിക്ട് ജഡ്ജ് ആലിസൺ ബറോസിന്റെ മുമ്പാകെ നടന്ന വാദം കേൾക്കലിൽ, ഗവൺമെന്റിന്റെ ഏകപക്ഷീയമായ ഫണ്ടിംഗ് നിർത്തിവയ്ക്കലും അത് സ്വതന്ത്രാഭിപ്രായ പ്രകടനത്തിൽ ഉണ്ടാക്കുന്ന വിശാലമായ പ്രത്യാഘാതങ്ങളും സംബന്ധിച്ച് ആശങ്കകൾ ഉയർത്തി. സെപ്റ്റംബറിന് മുൻപു ഫണ്ടിംഗ് പുനഃസ്ഥാപിക്കാൻ തക്ക കോടതി വിധിയാണ് ഹാർവാർഡ് ആവശ്യപ്പെടുന്നത്. എന്നാൽ നിയമ വിദഗ്ധർ ദീർഘകാല നിയമ പോരാട്ടം പ്രവചിക്കുന്നു.
സർവകലാശാല പ്രസിഡന്റ് അലൻ ഗാർബർ, യഹൂദവിരുദ്ധതയെ ചെറുക്കാനുള്ള ഹാർവാർഡിന്റെ പ്രതിബദ്ധത ആവർത്തിച്ചെങ്കിലും, ഭരണകൂടത്തിന്റെ നിർബന്ധിത തന്ത്രങ്ങൾ യൂണിവേഴ്സിറ്റിയുടെ സ്വയംഭരണത്തിന് ഭീഷണിയാണെന്ന് വിമർശിച്ചു. ഉന്നത വിദ്യാഭ്യാസത്തിൽ ഫെഡറൽ സ്വാധീനം വർദ്ധിക്കുന്നതിനെചൊല്ലിയുള്ള കടുത്ത് വരുന്ന സംഘർഷത്തിന്റെ സൂചനയാണ് ഈ നിയമപോരാട്ടം. ഇത് അക്കാദമിക രംഗത്ത് സർക്കാർ കൈകടത്തലിന്റെ നിർണായക മാതൃകകൾ സൃഷ്ടിക്കുകയും ചെയ്യും. ഈ കേസിന്റെ ഫലം ഹാർവാർഡിന്റെ ഗവേഷണ പദ്ധതികളെയും രാജ്യവ്യാപകമായി ഫണ്ടിംഗ് വ്യവസ്ഥകളെയും ബാധിക്കും.