ഡബ്ലിൻ: ആഴ്ചകൾക്ക് മുൻപ് കിൽനാമനായിൽ ഇന്ത്യക്കാരന് നേരിടേണ്ടിവന്ന ക്രൂര മർദനത്തിന് പിന്നാലെ, ഡബ്ലിനിലെ ലൂക്കൻ ലിഫി വാലിയിൽ ഒരു ഇന്ത്യൻ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഇന്ത്യൻ കുടിയേറ്റ സമൂഹം ഞെട്ടലിൽ.
ഡോ. സന്തോഷ് യാദവ് (32) എന്ന ഡാറ്റാ സയന്റിസ്റ്റ് ഞായറാഴ്ച രാത്രി ആറംഗ കൗമാര ഗുണ്ടകൾക്കു മുമ്പിൽ നിന്ന് അപ്രേരിതമായ ആക്രമണത്തിന് ഇരയാവുകയായിരുന്നു. സൈക്കിള്‍ ചെയിൻ പോലുള്ള ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. മൃഗീയമായി മർദിച്ച ശേഷം ഒരു സ്കൂട്ടറും ഇടിച്ചു വീഴ്ത്തിയതിനെ തുടർന്ന് മുഖത്തും കവിള്‍ത്തടത്തിലും ഗുരുതര പരിക്കുകൾ സംഭവിച്ചു. ബ്ലാഞ്ചാർഡ്സ്ടൗൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ തിങ്കളാഴ്ച വൈകിട്ട് ഡിസ്ചാർജ് ചെയ്തു.
2021ൽ അയർലണ്ടിലെത്തിയ ഡോ. യാദവ് പിന്നീട് പറഞ്ഞു:
“40% നികുതി അടച്ചുകൊണ്ട് ഞങ്ങൾ ഇവിടെ ജീവിക്കുന്നു. പക്ഷേ സുരക്ഷിതത്വമില്ല. ഡബ്ലിൻ ജീവിക്കാനോ ജോലി ചെയ്യാനോ നല്ല സ്ഥലം ആണോ എന്ന് തന്നെ സംശയിക്കുന്നു.”
അതേസമയം, ഇതുവരെ പൊലീസ് ശക്തമായ നടപടിയെടുക്കാത്തതിൽ സമൂഹത്തിൽ പ്രതിഷേധം ഉയരുന്നുണ്ട്. മൊഴിയെടുക്കാൻ പോലും പോലീസ് എത്തിയിട്ടില്ല എന്ന് ഡോ. യാദവ് ആരോപിച്ചു.
ഇമിഗ്രന്റ് കൗൺസിൽ ഓഫ് അയർലണ്ടിന്റെ പ്രതികരണം
ഈ സംഭവത്തിൽ പ്രതികരിച്ച ഇമിഗ്രന്റ് കൗൺസിൽ ഓഫ് അയർലണ്ടിന്റെ സിഇഒ തെരേസ ബുസ്കോവ്സ്ക, ആയർലണ്ടിൽ വർധിച്ചു വരുന്ന വംശീയ അക്രമണങ്ങൾ ആശങ്കാജനകമാണെന്ന് പറഞ്ഞു.
“അയര്‍ലണ്ട് സ്വാഗതാര്‍ഹമായ രാജ്യമാണെന്ന് ഉറപ്പാക്കാന്‍ വിദ്വേഷ കുറ്റകൃത്യ നിയമമനുസരിച്ച് കര്‍ശനമായ നടപടിയുണ്ടാകണം.”
ഇത്തരം ആക്രമണങ്ങൾക്കെതിരായ കർശന നിയമനടപടികൾ ആവശ്യമാണ് എന്നതാണ് കുടിയേറ്റ സമൂഹത്തിന്റെ ഒരു നിലപാട്.