ജെദ്ദ, ജൂലൈ 31, 2025 — സൗദിയിലെ തായ്ഫിലെ ആൽ-ഹദ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ജനപ്രിയ വിനോദോദ്യാനത്തിൽ ‘360 ബിഗ് പെൻഡുലം’ എന്ന റൈഡ് പ്രവർത്തനത്തിനിടയിൽ തകർന്നു വീണതോടെ 23 പേർക്ക് പരിക്കേറ്റു. അതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
ബുധനാഴ്ച വൈകിട്ട് സംഭവിച്ച അപകടത്തിൽ, റൈഡിന്റെ മധ്യഭാഗത്തെ താങ്ങുകൂടാരത്തിൽ തകരാർ സംഭവിച്ച് പൊട്ടലുണ്ടായി. ഫുള് സ്വിങ്ങിൽ ആകുമ്പോഴാണ് പാതിവഴിയിൽ തകരാർ സംഭവിച്ച് ആളുകൾ ഇരുന്ന ഭാഗം നേരിട്ട് നിലത്ത് തകർന്നുവീഴുന്നത്. യാത്രക്കാരെ അവർ ഇരിക്കുന്ന സീറ്റുകളിൽ തന്നെ പിടിച്ചിരുത്തിയിരുന്നതിനാൽ പരിക്കുകൾ കൂടുതൽ രൂക്ഷമായി.
സംഭവസ്ഥലത്തിൽ ഉണ്ടായിരുന്നവർ സാക്ഷ്യപ്പെടുത്തിയതും സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകളും പ്രകാരം, അപകടത്തിന് ശേഷമുണ്ടായ അവസ്ഥ വളരെയധികം സങ്കടം നിറഞ്ഞതായിരുന്നു. റൈഡിന്റെ ഭാഗങ്ങൾ വേറെ സ്ഥലങ്ങളിൽ വീണ് മറ്റ് യാത്രക്കാരെയും പരിക്കേൽപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തായ്ഫ് ഗവർണർ പ്രിൻസ് സൗദ് ബിൻ നഹാർ ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് ഈ റിപ്പോർട്ട് വന്നതോടെ ഉടനെ തന്നെ അവിടത്തെ വിനോദോദ്യാനം താത്കാലികമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. റിസോർട്ടിൽ വരുന്നതും പോകുന്നതുമായ ആളുകൾക്കിടയിൽ അതീവ ആശങ്കയുണ്ടാക്കുന്ന തരത്തിലാണ് ഈ സംഭവം.
പരിക്കേറ്റവരിൽ ചിലർക്കു പ്രഥമശുശ്രൂഷ നൽകിയതായും അതേസമയം മറ്റു ചിലരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും രക്ഷാപ്രവർത്തകർ വ്യക്തമാക്കി. അപകടത്തെ തുടർന്ന് സൗദിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്.
ഇതുമായി ബന്ധപ്പെട്ട് അധികൃതർ അന്വേഷണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. പ്രാഥമിക കണ്ടെത്തലുകൾ അടുത്ത ദിവസങ്ങളിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം.