ഫ്ലോറിഡ, ടെക്സസ് — ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് മേഖലകളിൽ പ്രമുഖരായ ബെസ്റ്റ് ബൈ (Best Buy)യും ആധുനിക ഫർണിച്ചർ ബ്രാൻഡായ ഐകിയ (IKEA)യും ചേർന്ന് പുതിയ സംയുക്ത പദ്ധതിക്ക് തുടക്കമായി. അമേരിക്കയിലെ ഫ്ലോറിഡയിലും ടെക്സസിലുമായി 10 ബെസ്റ്റ് ബൈ സ്റ്റോറുകളിൽ പൈലറ്റ് പദ്ധതി ആരംഭിച്ചിരിക്കുകയാണ്.
ഇനി ഉപഭോക്താക്കൾക്ക് ബെസ്റ്റ് ബൈയുടെ സ്റ്റോറുകളിൽ 1000 ചതുരശ്ര അടിയിൽ അടുക്കളയും ലോണ്ട്രി റൂമുകളും സ്റ്റൈലിഷ് ആയി ഡിസൈൻ ചെയ്തിട്ടുള്ള ഐകിയയുടെ ‘shop-in-shop’ സെക്ഷനുകൾ കാണാം. ഇവിടെ ഉപഭോക്താക്കൾക്ക് ഐക്കിയ സ്റ്റാഫിന്റെ സഹായത്തോടെ കിച്ചൻ ഡിസൈൻ ചെയ്യാനും, ബെസ്റ്റ് ബൈ അസോസിയേറ്റുകളുടെ സഹായത്തോടെ അനുയോജ്യമായ ഹോം അപ്ലയൻസുകൾ തിരഞ്ഞെടുക്കാനും സാധിക്കും.
ഈ സംയുക്ത പദ്ധതി ആഗസ്റ്റ് അവസാനം മുതൽ ആരംഭിക്കും. ടെക്നോളജിക്കുള്ള ഡിമാൻഡ് കുറഞ്ഞതും, വീടുകളുടെ വിപണിയിലെ കുറവുമാണ് ഇപ്പോൾ ബെസ്റ്റ് ബൈ നേരിടുന്ന പ്രധാന വെല്ലുവിളികൾ. അതുകൊണ്ടുതന്നെ, ഇക്കാര്യങ്ങളിൽ മാറ്റം കാണാനാണ് ഐകിയയുമായി ചേർന്ന് പുതിയ വഴിയൊരുക്കിയതെന്ന് കമ്പനിയുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.