1971-ൽ, ഒമ്പത് വയസ്സുള്ളപ്പോൾ, ഞാൻ സൈനിക് സ്കൂളിൽ ചേർന്നപ്പോൾ എന്റെ ആദ്യത്തെ ഡ്രിൽ ക്ലാസുകൾക്ക് വിധേയനായി. ഡ്രിൽ സാർജന്റ് തന്റെ “തേസ് ചൽ” ആജ്ഞയ്ക്ക് പിന്നാലെ എപ്പോഴും “ഇടത് കാൽ ആദ്യം” എന്ന് ചേർക്കുമായിരുന്നു. ഈ “ഇടത് കാൽ ആദ്യം” എന്നത് അക്കാദമികളിലെ പരിശീലനത്തിലും എന്റെ സൈനിക സേവനത്തിലും തുടർന്നു.
1978-ലെ സ്കൂൾ അവധിക്കാലയാത്രയിൽ ട്രെയിനിലെ സഹയാത്രികൻ റോയൽ എയർ ഫോഴ്സിൽ സേവനം അനുഷ്ടിച്ച സാർജന്റ് ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ബർമ്മയിൽ പോരാട്ടത്തിൽ പങ്കെടുത്ത അനുഭവം അദ്ദേഹം പങ്കുവച്ചു. ആ കാലത്തു അദ്ദേഹം കണ്ട ‘The Tie’ എന്ന സിനിമയിലെ ഒരു രംഗം അദ്ദേഹം വിശദീകരിച്ചു — ഒരു അതിക്രമിയെ ശൈത്യകാല രാത്രിയിൽ നഗരവീഥികളിലൂടെ പിന്തുടരുന്ന ഒരു ഡിറ്റക്ടീവും പോലീസുകാരനും. അതിക്രമിയുടെ നിഴൽരൂപം മാത്രം കാണാം; പെട്ടെന്ന് അതിക്രമിനിൽക്കുന്നു, പിന്നെ വീണ്ടും നടക്കുന്നു. അപ്പോൾ ഡിറ്റക്ടീവ് പറയുന്നു, “അത് ഒരു സ്ത്രീയാകണം.”
“അത് എങ്ങനെ മനസ്സിലായി സ്ത്രീയാണെന്ന്?” സാർജന്റിന്റെ ചോദ്യം.
“എനിക്ക് ഒരു ധാരണയും ഇല്ല” എന്ന് ഞാൻ. അദ്ദേഹം വിശദീകരിച്ചു: “സാധാരണ സ്ത്രീകൾ നടക്കുമ്പോൾ വലത് കാലിൽ തുടങ്ങും, പുരുഷന്മാർ ഇടത് കാലിലും. അതിനാലാണ് സൈന്യത്തിൽ മാർച്ച് ചെയ്യുമ്പോൾ ഇടത് കാലിൽ തുടങ്ങുവാൻ പരിശീലിപ്പിക്കുന്നത്.
ഈ സംഭാഷണ ശേഷം ഞാൻ ആളുകളെ നിരീക്ഷിച്ചു. ഏകദേശം 80% സ്ത്രീകൾ വലത് കാലിൽ നടത്തം തുടങ്ങുന്നു, ബാക്കിയുള്ള 20% പേരെ ഏതോ സാർജന്റ് മേജർ “ഇടത് കാൽ ആദ്യം” എടുക്കാൻ പഠിപ്പിച്ചിരിക്കണം!

സൈന്യത്തിൽ ഇടത് കാൽ ആദ്യം എടുക്കുന്ന രീതിക്ക് ചരിത്രപരമായും യുക്തിപരമായും കാരണങ്ങൾ ഉണ്ട് – അതിനാൽ അത് ഇന്നും തുടരുന്നു. സൈനികരിൽ അധികവും വലത് കയ്യൻമാരായിരുന്നതിനാൽ അവരുടെ ആയുധം വലത് കയ്യിൽ പിടിച്ചു പ്രയോഗിക്കുവാൻ ഇടത് കാൽ മുന്നോട്ട് വെക്കുന്നത് സഹകരമായിരിക്കും.
പഴയ കാല യുദ്ധങ്ങളിൽ, സൈനികർ ഒരേ നിരയായി മുന്നോട്ട് നീങ്ങുവാൻ ഏവരും ഇടതുകാലിൽ തുടങ്ങുന്നത് അനിവാര്യം. തന്മൂലം ശത്രുവിന് അവരുടെ പ്രതിരോധം തകർക്കാൻ കഴിയില്ലായിരുന്നു. എല്ലാ സൈനികരും ഒരേ പോലെ മുന്നേറുവാൻ പെരുമ്പറയടി ഉപയോഗിച്ചിരുന്നു. പെരുമ്പറയുടെ താളത്തിന് അനുയോജ്യമായി ഇടത് കാൽ നിലത്തു ചവിട്ടാനാണ് പരിശീലനം നൽകിയിരുന്നത്. ഇന്ന് ലോകമെമ്പാടുമുള്ള സൈന്യങ്ങൾ ഈ രീതി തുടരുന്നു — പഴയകാല യുദ്ധരീതികൾക്കായി മാത്രമല്ല, അനുശാസവും സംഘടിത പ്രവർത്തനം വളർത്തുവാനും ഒരു സൈനിക സംഘത്തിന്റെ ഏകീകൃത ഭാവം മെച്ചപ്പെടുത്താനും.
സൈന്യത്തിൽ, ഒരിക്കലും ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ വലത് വശത്ത് നടക്കരുത് എന്നാണ് സിദ്ധാന്തം. കാരണം അദ്ദേഹം വലത് കയ്യാൽ സല്യൂട്ട് ചെയ്യുമ്പോൾ സമീപമുള്ളവനെ തട്ടാതെ ചെയ്യാൻ കഴിയും.
1969ൽ നീൽ ആംസ്ട്രോംഗ് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയപ്പോൾ പറഞ്ഞ പ്രസിദ്ധമായ വാക്കുകൾ നമുക്കറിയാം: “ഇത് മനുഷ്യന് ഒരു ചെറിയ ചുവടാകാം, പക്ഷേ മനുഷ്യരാശിക്ക് ഒരു മഹത്തായ ചുവടുവയ്പ്പാണ്.” ആ ഒന്നാം ചുവടുവയ്പ്പ് ചിത്രീകരിച്ചിരുന്നില്ല. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ മനുഷ്യൻ ബസ് ആൽഡ്രിൻ ആയിരുന്നു, ആ നിമിഷം ആംസ്ട്രോംഗ് ക്യാമറയിൽ പകർത്തി. ആ ചിത്രത്തിൽ ആൽഡ്രിൻ ഇടത് കാൽ മുൻവശത്തേക്കു നീട്ടി ചന്ദ്ര ഉപരിതലത്തിൽ ഇറങ്ങുന്നതാണ്. ഇത് ഒരു യാദൃശ്ചികതയോ, ഇല്ലെങ്കിൽ കോവണിയുടെ പടവുകൾ കണക്കാക്കി അയാളുടെ നിലപാടോ?
പുരാണങ്ങളിലേക്ക് തിരിഞ്ഞാൽ ഒരു രസകരമായ വസ്തുത കാണാം. ഇന്ത്യൻ ദൈവമായ നടരാജൻ (ശിവൻ) നൃത്തഭാവത്തിൽ ക്ഷേത്രവിഗ്രഹങ്ങളിൽ കാണപ്പെടുമ്പോൾ, സാധാരണയായി വലത് കാൽ നിലത്തു ഉറച്ച്, ഇടത് കാൽ ഉയർത്തിയിരിക്കും. എന്നാൽ ഒരു വ്യത്യാസം കാണാൻ കഴിയുന്നതാണ് മധുരയിലെ മീനാക്ഷി ക്ഷേത്രത്തിലെ നടരാജ വിഗ്രഹം. ഇവിടെ പാണ്ഡ്യ രാജാവിന്റെ ആജ്ഞപ്രകാരം ശിവന്റെ വലത് കാലിലിനു വിശ്രമം നൽകുവാൻ നടരാജനെ ഇടതുകാലിൽ നിർത്തുവാൻ രാജകല്പന!

ശിവൻ ഭാര്യയായ പാർവതിയോടൊപ്പം സാധാരണയായി ഇരിക്കുന്ന നിലയിലാണ് ചിത്രീകരിക്കപ്പെടുന്നത്. മിക്കവാറും, ശിവൻ ഇടത് കാൽ മടക്കി ഇരിക്കുന്നതിനാൽ, പാർവതി വലത് കാൽ മടക്കിയിരിക്കും. ഹിന്ദു പുരാണങ്ങൾ പ്രകാരം, ശിവൻ പുരുഷനെ പ്രതിനിധീകരിക്കുന്നു, അതേസമയം പാർവതി പ്രകൃതിയെ (സ്ത്രീയോ പ്രകൃതിയോ) പ്രതിനിധീകരിക്കുന്നു.

ചില ഹിന്ദു ചിത്രകലയിൽ ദേവന്മാരെ ഇരുകാലും നിലത്ത് വച്ചിരുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ഇതു പുരുഷനും പ്രകൃതിയും ചേർന്നതിന്റെ പ്രതിഫലനം ആയിരിക്കാമെന്ന് വിശ്വസിക്കാം.
ഒരു ഇന്ത്യൻ നവ വധു ഭർത്താവിന്റെ വീട്ടിലേക്ക് ആദ്യം പ്രവേശിക്കുമ്പോൾ, അവളുടെ അമ്മായിയമ്മ അവളോട് വലത് കാൽ വെച്ച് അകത്തു കടക്കാൻ ഉപദേശിക്കും. എന്നാൽ വരനോട് അങ്ങനെ ചെയ്യാൻ ഒരു നിർദ്ദേശവും ഉണ്ടാവാറില്ല.

മിക്ക ഹിന്ദു വിവാഹങ്ങളിലും, വരൻ വധുവിന്റെ വലത് കാൽ അമ്മിക്കല്ലിൽ പ്രതിഷ്ഠിച്ചുകൊടുക്കുന്നു. ഈ സമയത്ത് ചൊല്ലപ്പെടുന്ന മന്ത്രങ്ങൾ വധുവിനോട് പാറപോലെ ശക്തിയുള്ളവളായി ഉറച്ച ജീവിതം നയിക്കണമെന്ന് ഉപദേശിക്കുന്നു.

ഹിന്ദു ദേവികളെ അവരുടെ വലത് കാൽ മടക്കി ഇരിക്കുന്ന നിലയിലാണ് ചിത്രീകരിച്ചിരിക്കുന്നു, ഇത് പ്രകൃതിയെ പ്രതിനിധീകരിക്കുന്നു.
ഇതായിരിക്കാം സ്ത്രീകൾ വലത് കാൽ ആദ്യം വെച്ച് നടക്കുന്നതിനുള്ള കാരണം!!!!