മോൺട്രിയാൽ, ഓഗസ്റ്റ് 13, 2025 – കാനഡയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയർ കാനഡ പണിമുടക്ക് ഭീഷണിയിൽ. 10,000-ലധികം ഫ്ലൈറ്റ് അറ്റൻഡന്റുമാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) നൽകിയ 72 മണിക്കൂർ പണിമുടക്ക് നോട്ടീസിനെ തുടർന്ന് പ്രവർത്തനങ്ങൾ ക്രമേണ നിർത്തിവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് എയർ കാനഡ. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പണിമുടക്ക് ഓഗസ്റ്റ് 16 ശനിയാഴ്ച മുതൽ ആരംഭിച്ചേക്കാമെന്നാണ് സൂചന. എയർ കാനഡയും എയർ കാനഡ റൂജും ഓഗസ്റ്റ് 14 മുതൽ വിമാന സർവീസുകൾ ക്രമേണ റദ്ദാക്കിത്തുടങ്ങും, ഓഗസ്റ്റ് 15-ന് കൂടുതൽ റദ്ദാക്കലുകൾ നടക്കും എന്നാണ് സൂചന. ശനിയാഴ്ചയോടെ എല്ലാ പ്രവർത്തനങ്ങളും പൂർണമായി നിർത്തിവയ്ക്കും.
എട്ട് മാസത്തിലേറെ നീണ്ട ചർച്ചകൾക്ക് ശേഷം, ശമ്പളവർദ്ധനവും ജോലിസമയത്തിന് പുറമെയുള്ള സേവനങ്ങൾ ഉൾപ്പെടെ പ്രധാന വിഷയങ്ങളിൽ എയർ കാനഡയും CUPE-യും തമ്മിൽ ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ കഴിഞ്ഞില്ല. നാല് വർഷത്തേക്ക് 38% ശമ്പളവർദ്ധനവ് എയർ കാനഡ വാഗ്ദാനം ചെയ്തെങ്കിലും, വർദ്ധനവ് പണപ്പെരുപ്പത്തിന് അനുപാതികമായുള്ള തല്ലെന്നും യഥാർത്ഥത്തിൽ ശമ്പളവർദ്ധനവ് 17.2% മാത്രമാണെന്നും, ഇത് മിനിമം വേതനത്തിനും താഴെയാണെന്നുമാണ് യൂണിയൻ അവകാശപ്പെടുന്നത്.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം പണിമുടക്ക് നടന്നാൽ, യാത്രക്കാർക്ക് വലിയ തടസങ്ങൾ നേരിടേണ്ടി വരും. എയർ കാനഡ എക്സ്പ്രസ്സ് സർവീസുകൾ, ജാസ്, PAL എയർലൈൻസ് തുടങ്ങിയ സർവീസുകൾ സാധാരണ രീതിയിൽ പ്രവർത്തിക്കുമെങ്കിലും, ഇത് എയർ കാനഡയുടെ മൊത്തം പ്രവർത്തന ശേഷിയുടെ 20% മാത്രമാണ്. മറ്റ് കനേഡിയൻ, വിദേശ വിമാനക്കമ്പനികളുമായി സഹകരിച്ച് ബദൽ യാത്രാ സംവിധാനങ്ങൾ ലഭ്യമാക്കാൻ എയർ കാനഡ ശ്രമിക്കുന്നുണ്ടെങ്കിലും, വേനൽക്കാല യാത്രാ തിരക്ക് കാരണം, ഈ സംവിധാനങ്ങൾ പരിമിതമാണ്.
വിമാനങ്ങൾ റദ്ദാക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ, യാത്രക്കാർക്ക് www.aircanada.com വഴിയോ എയർ കാനഡ മൊബൈൽ ആപ്പ് വഴിയോ യാത്രയുടെ വിശദാംശങ്ങൾ നൽകി പൂർണ റീഫണ്ട് കൈപ്പറ്റാവുന്നതാണ്. വരും ദിവസങ്ങളിൽ യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ സുഗമമായ യാത്ര ഉറപ്പാക്കുന്നതിന് തങ്ങളുടെ ബുക്കിംഗ് മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തിയതിനു ശേഷം വിമാനത്താവളത്തിലേക്ക് തിരിക്കാൻ എയർ കാനഡ അധികൃതർ പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.