മഞ്ചേരി, ഓഗസ്റ്റ് 15: കേരള ആരോഗ്യമന്ത്രി വീണാ ജോർജിനോട് രണ്ട് മാസത്തെ ശമ്പള കുടിശ്ശികയെക്കുറിച്ച് ചോദിച്ചത്തിന്റെ പേരിൽ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ താത്കാലിക ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തതായി റിപ്പോർട്ട്. ആശുപത്രിയിലെ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ ഓഗസ്റ്റ് 12-ന് മന്ത്രി എത്തിയപ്പോഴാണ് സംഭവം നടന്നത്. ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്ഡിഎസ്) കീഴിലുള്ള നഴ്സുമാർ, നഴ്സിങ് അസിസ്റ്റന്റുകൾ, എക്സ്-റേ ടെക്നീഷ്യന്മാർ, ക്ലീനിങ് സ്റ്റാഫ് തുടങ്ങിയവരാണ് പ്രതിഷേധിച്ചത്. ശമ്പളം വൈകിയതിനാൽ ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി ജീവനക്കാർ പറയുന്നു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. അനിൽ രാജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. അനധികൃതമായി സംഘം ചേരൽ, പൊതുസ്ഥലത്ത് ശല്യമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിഷേധം അക്രമാസക്തമാകാൻ സാധ്യതയുണ്ടായിരുന്നുവെന്നും ക്രമസമാധാനം തകർക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. എന്നാൽ, ആശുപത്രി അധികൃതരോട് നിരവധി തവണ ശമ്പള പ്രശ്നം ഉന്നയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു.
കേരള സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പള വിതരണം വൈകാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ വർഷം നവംബറിൽ സമാനമായ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു, അന്ന് സെപ്തംബർ ഒക്റ്റോബർ മാസങ്ങളിലെ ശമ്പളം കുടിശ്ശികയായിരുന്നു.
പ്രതിപക്ഷ നേതാക്കളും തൊഴിലാളി യൂണിയനുകളും സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ന്യായമായ ആവശ്യങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്നുവെന്നാണ് അവരുടെ ആരോപണം. ആരോഗ്യമന്ത്രി വീണാ ജോർജ് ഇതുവരെ പ്രശ്നത്തോട് പ്രതികരിച്ചിട്ടില്ല.
തൊഴിലാളിവർഗപ്പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് ന്യായമായ ശമ്പളം ചോദിച്ചതിന് തൊഴിലാളികൾക്കെതിരെ കേസ് എടുത്തതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്. തൊഴിലാളികൾക്കെതിരെ ‘വധശ്രമത്തിന് കൂടി കേസ് വേണ’മായിരുന്നു എന്ന് സംഭവത്തെ പരാമർശിച്ച് പ്രശസ്ത മാധ്യമപ്രവർത്തകൻ കെ. എ. ഷാജി പരിഹാസരൂപേണ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.