എഡ്മന്റൺ, കാനഡ: അൽബർട്ട സർക്കാർ പുതിയ Alberta Wallet ആപ്പ് അവതരിപ്പിച്ചു. ഇതിലൂടെ സർക്കാർ നൽകുന്ന രേഖകൾ ഇനി നേരിട്ട് മൊബൈൽ ഫോണിൽ സൂക്ഷിക്കാം. ഇതിന്റെ ഭാഗമായി പുറത്തിറങ്ങുന്ന മൊബൈൽ ഹെൽത്ത് കാർഡ് കാനഡയിൽ ആദ്യത്തേതാണ്.
14 വയസോ അതിലധികമോ പ്രായമുള്ളവർക്ക് Alberta Wallet-ൽ അവരുടെ ഹെൽത്ത് കാർഡ് ചേർക്കാം. ഇതിനായി Alberta.ca അക്കൗണ്ടും MyHealth Records-ഉം ഉണ്ടായിരിക്കണം. മാതാപിതാക്കൾക്കും ഗാർഡിയൻമാർക്കും അവരുടെ കുട്ടികളുടെ ഹെൽത്ത് കാർഡുകൾ ചേർക്കാൻ കഴിയും. അതുപോലെ തന്നെ ഭർത്താവും ഭാര്യയും (അഥവാ inter-dependents) തമ്മിൽ ഹെൽത്ത് കാർഡുകൾ പങ്കിടാനും സാധിക്കും.
പുതിയ മൊബൈൽ ഹെൽത്ത് കാർഡ് നിലവിലുള്ള പേപ്പർ ഹെൽത്ത് കാർഡിനൊപ്പം ഉപയോഗിക്കാവുന്നതാണ്. ആശുപത്രികളിലും ക്ലിനിക്കുകളിലും മറ്റ് മെഡിക്കൽ സ്ഥാപനങ്ങളിലും ഇൻഷുറൻസ് തെളിവായി ഇത് അംഗീകരിക്കും. പേപ്പർ കാർഡ് ഉപേക്ഷിക്കേണ്ട നിർബന്ധമൊന്നുമില്ലെന്നും, ഇരു സംവിധാനങ്ങളും ഒരുമിച്ച് നിലനിൽക്കും എന്നും സർക്കാർ വ്യക്തമാക്കി.
2026-ൽ ഡ്രൈവർസ് ലൈസൻസും ഹെൽത്ത് കാർഡും ഒരുമിച്ച് ചേർന്ന ഒരു പുതിയ പ്ലാസ്റ്റിക് കാർഡ് പുറത്തിറക്കാൻ സർക്കാർ പദ്ധതിയിടുന്നു. ഭാവിയിൽ Alberta Wallet വഴി ഡിജിറ്റൽ ഡ്രൈവർസ് ലൈസൻസ്, ഹണ്ടിങ്ങിന്റെയും മത്സ്യബന്ധനത്തിന്റെയും അനുമതിപത്രങ്ങളും, വിവാഹ-ജനന സർട്ടിഫിക്കറ്റുകളും, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ഉൾപ്പെടെ നിരവധി രേഖകൾ സൂക്ഷിക്കാനാകുമെന്ന് സാങ്കേതികവിദ്യാ മന്ത്രി നെയ്റ്റ് ഗ്ലുബിഷ് അറിയിച്ചു. Apple Wallet, Google Wallet എന്നിവയുമായി ലിങ്ക് ചെയ്യുവൻ ഉള്ള സൗകര്യം ഉടൻ ലഭ്യമാകും.
മന്ത്രി അഡ്രിയാന ലാഗ്രാഞ്ച് പറഞ്ഞു: “നിലവിലെ പേപ്പർ ഹെൽത്ത് കാർഡിന്റെ സ്ഥിരതയും സൗകര്യവും കുറവാണെന്ന് ആളുകൾ നിരന്തരം പരാതിപ്പെട്ടിട്ടുണ്ട്. അതിനാൽ, കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ സംവിധാനം എത്തിക്കേണ്ട സമയമായി.”
Alberta Wallet ആപ്പ് ഇപ്പോൾ Google Play Store-ലും Apple App Store-ലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: alberta.ca/alberta-wallet
