വാൻകൂവർ: “നികുതി അടയ്ക്കുന്നത് അടിമത്തത്തിന്റെ രൂപമാണ്” എന്ന വ്യാജ വാദം പ്രചരിപ്പിച്ച ബ്രിട്ടീഷ് കൊളംബിയ (B.C.) സ്വദേശികളായ റസ്സൽ പോറിസ്കിയും എലെയിൻ ഗോൾഡും വീണ്ടും കോടതിയിൽ പരാജയപ്പെട്ടു. ഫെഡറൽ അപ്പീൽ കോടതി ഈ ആഴ്ച പുറപ്പെടുവിച്ച വിധിയിൽ, ദമ്പതികളുടെ അപ്പീൽ “വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല” എന്ന് വ്യക്തമാക്കി.
2004 മുതൽ 2008 വരെ ഇവർ “പാരഡൈം എജുക്കേഷൻ ഗ്രൂപ്പ്” എന്ന പേരിൽ സെമിനാറുകൾ നടത്തി, ടിക്കറ്റുകൾ വിറ്റു, പുസ്തകങ്ങളും പരിശീലന സാമഗ്രികളും പ്രസിദ്ധീകരിച്ചു. ഇതിലൂടെ 14 ലക്ഷം കാനഡൻ ഡോളർ വരുമാനം നേടി, എന്നാൽ വരുമാനമായി രേഖപ്പെടുത്താതെയും നികുതി അടക്കാതെയും പ്രവർത്തിച്ചു.
കോടതിയിൽ തന്റെ നിലപാട് വിശദീകരിച്ച പോറിസ്കി “വരുമാന നികുതി എന്നത് തൊഴിൽ നികുതിയാണെന്നും അതിലൂടെ മനുഷ്യരെ അടിമകളാക്കുന്ന രീതിയാണെന്നും അത് മനുഷ്യാവകാശങ്ങൾക്കെതിരായ കുറ്റമാണെന്നും” പറഞ്ഞതായി കോടതി രേഖകളെ ഉദ്ധരിച്ച് CBC ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ജഡ്ജി സ്യൂസൻ വോംഗ് വിധിയിൽ പറഞ്ഞു പോലെ, ഈ വാദം “നിയമപരമായി യാതൊരു വിലയും ഇല്ലാത്തത്” ആണെന്നും കോടതി നിരന്തരം ഇതുപോലുള്ള അവകാശവാദങ്ങൾ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി.
വോംഗ് നൽകിയ വിധി പ്രകാരം, പോറിസ്കിക്ക് നികുതി വെട്ടിപ്പ്, തട്ടിപ്പ് പ്രോത്സാഹനം എന്നീ കുറ്റങ്ങൾക്ക് അഞ്ച് വർഷവും ആറുമാസവും തടവും 2,39,000 കാനഡൻ ഡോളർ പിഴയും വിധിച്ചു. ഗോൾഡിന് ആറുമാസം തടവും 38,000 ഡോളർ പിഴയും ലഭിച്ചു. തട്ടിപ്പിൽ 80 ശതമാനം ഉത്തരവാദിത്വം പോറിസ്കിക്കാണ്, ബാക്കിയുള്ള 20 ശതമാനം ഗോൾഡിനും.
അപ്പീൽ കോടതിയുടെ നിരീക്ഷണത്തിൽ, ഇവരുടെ വാദം കാനഡ സുപ്രീം കോടതിയുടെ ഒരു പഴയ വിധിയുടെ തെറ്റായ വ്യാഖ്യാനത്തിലാണ് അധിഷ്ഠിതമായിരുന്നത്. “ലാഭം നേടാനുള്ള വ്യക്തിപരമായ ഉദ്ദേശ്യമില്ലാത്തതിനാൽ ഈ പ്രവർത്തനങ്ങൾ വരുമാനദായകമല്ല, വ്യക്തിപരമായ ശ്രമമാണ്,” എന്നായിരുന്നു ഇവരുടെ വാദം — എന്നാൽ അത് കോടതി പൂർണ്ണമായും തള്ളിക്കളഞ്ഞു.
ഈ ദമ്പതികളുടെ വ്യാജ ആശയങ്ങൾ ഇപ്പോഴും ചില കോവിഡുമായി ബന്ധപ്പെട്ട ഗൂഢാലോചന വൃത്തങ്ങളിൽ പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെന്നും, പോറിസ്കിയുടെ പിഴയൊന്നും ഇതുവരെ അടച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
ഫെഡറൽ കോടതിയുടെ ഈ വിധിയോടെ, നീണ്ടുനിന്ന നിയമ പോരാട്ടത്തിനും അന്തിമ തീർപ്പായി.
