ഒറ്റവ, കാനഡ: കാനഡയിലെ മിക്ക പ്രദേശങ്ങളിലും നവംബർ 2 ഞായറാഴ്ച പുലർച്ചെ 2 മണിക്ക് ഡേലൈറ്റ് സേവിംഗ് ടൈം (DST) അവസാനിക്കും. അതിനാൽ, ഇന്ന് സമയം ഒരു മണിക്കൂർ പിന്നോട്ട് മാറ്റണം. ഇതോടെ ഒരു മണിക്കൂർ അധിക ഉറക്കം ലഭിക്കുമെങ്കിലും, പ്രകാശ വ്യത്യാസങ്ങളോട് പൊരുത്തപ്പെടാൻ ശരീരത്തിന് ചില ദിവസങ്ങൾ വേണ്ടിവരുമെന്നാണ് വിദഗ്ധർ പറയുന്നത്.
കാനഡയിൽ ഡേലൈറ്റ് സേവിംഗ് ടൈം മാർച്ചിലെ രണ്ടാം ഞായറാഴ്ച ആരംഭിച്ച് നവംബർ ആദ്യ ഞായറാഴ്ച അവസാനിക്കുന്നു. 70-ലധികം രാജ്യങ്ങളിൽ പ്രാബല്യത്തിലുള്ള ഈ സമ്പ്രദായം കാനഡയിലാണ് ഉത്ഭവിച്ചത്. 1908-ൽ ഓണ്ടാരിയോയിലെ പോർട്ട് ആർതർ (ഇപ്പോൾ തണ്ടർ ബേ) എന്ന നഗരമാണ് ആദ്യമായി ഡേലൈറ്റ് സേവിംഗ് ടൈം നടപ്പിലാക്കിയത്.
സസ്ക്കാച്ചിവാൻ, യുകോൺ, നുനാവുട്ടിലെ ചില പ്രദേശങ്ങൾ തുടങ്ങിയവ ഈ പ്രക്രിയയിൽ നിന്നും പിന്മാറിയിട്ടുണ്ട്. എങ്കിലും ഓണ്ടാരിയോ, മാനിറ്റോബ, ബി.സി തുടങ്ങിയ പ്രോവിൻസുകൾ യുഎസ് സംസ്ഥാനങ്ങൾ പിന്തുടർന്നാൽ മാത്രമേ ഈ സമ്പ്രദായം അവസാനിപ്പിക്കൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കാർളടൻ സർവകലാശാലയിലെ ബൗദ്ധികശാസ്ത്ര പ്രൊഫസർ ജോൺ ആൻഡേഴ്സൺ പറയുന്നു, സമയമാറ്റം ശരീരത്തിന്റെ അന്തര ഘടികാരത്തെ (circadian rhythm) ബാധിക്കുകയും “സോഷ്യൽ ജെറ്റ് ലാഗ്” എന്നറിയപ്പെടുന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഇത് സ്മരണാശേഷിയിലും ശ്രദ്ധയിലും പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുകയും, വാഹനാപകടങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി.
