ഹാമിൽട്ടൺ, കാനഡ: ഫ്ലാംബറോയിൽ സെപ്റ്റംബർ 8-ന് വയോധികയെ കബളിപ്പിച്ച് നടന്ന മോഷണവുമായി ബന്ധപ്പെട്ട് പ്രതിയായ സ്ത്രീയെ തിരിച്ചറിയാൻ ഹാമിൽട്ടൺ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു.
പോലീസ് ഭാഷ്യമനുസരിച്ച്, ഒരു സ്ത്രീ മോഷണത്തിനിരയായ വയോധികയുടെ കഴുത്തിൽ വ്യാജ ആഭരണം ധരിപ്പിച്ച ശേഷം അവരുടെ സ്വർണാഭരണം കവരുകയായിരുന്നു.
ഏകദേശം 40 വയസ്സ് പ്രായമുള്ള, 5 അടി 7 ഇഞ്ച് ഉയരവും, ശരാശരി ശരീരഭാരമുള്ള സ്ത്രീയാണ് പ്രതിയെന്ന് പൊലീസ് പറയുന്നു. മുൻഭാഗത്ത് കേടുപാടുകളുള്ള ഇരുണ്ട നിറത്തിലുള്ള വാഹനത്തിലാണ് പ്രതി നിഷ്ക്രമിച്ചത്.
ഹാമിൽട്ടണിൽ ഇത്തരം മോഷണങ്ങൾ വർദ്ധിക്കുന്നതായി പൊലീസ് മുന്നറിയിപ്പ് നൽകി. 2021-ൽ 9 കേസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2024-ൽ അത് 54 ആയി ഉയർന്നു. 2025 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇതിനകം തന്നെ 43 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പരിചയമില്ലാത്ത ആളുകൾ ചേർത്ത് പിടിക്കുകയോ ആഭരണം സമ്മാനിക്കുകയോ ചെയ്യുകയാണെങ്കിൽ അത് തട്ടിപ്പായിരിക്കാമെന്നും മുൻകരുതലെടുക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
സംഭവത്തെക്കുറിച്ച് അറിവുള്ളവർ 905-546-3851 എന്ന നമ്പറിലോ, 1-800-222-8477 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സിലോ വിളിച്ച് വിവരം നൽകണമെന്ന് പൊലീസ് അഭ്യർത്ഥിക്കുന്നു. crimestoppershamilton.com വഴിയും വിവരങ്ങൾ കൈമാറാവുന്നതാണ്.
സംഭവം നടന്ന വീട്ടിലെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞ പ്രതിയുടെ ചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
