യാചക നിരോധിത മേഖലയായ അക്ഷരനഗരിയിൽ ഒരു മനുഷ്യൻ വെള്ളിയാഴ്ച ഇസ്ലാം പള്ളിയുടെ മുൻപിൽ യാചിക്കാൻ ഇരുന്നു. നിസ്കാര ശേഷം ഏവരും പൊടിയും തട്ടി, പായും തെറുത്തു, തൊപ്പിയും മടക്കി അവരുടെ ഭവനങ്ങളിലേക്ക് മടങ്ങി. ആരും ‘യാചകനെ’ ശ്രദ്ധിച്ചില്ല, ഒന്നും കൊടുത്തുമില്ല.
ശനിയാഴ്ച ആ മനുഷ്യൻ അമ്പലത്തിനു മുന്നിൽ ഭിക്ഷ തേടി കുത്തിയിരുന്നു. ഭക്തജനങ്ങൾ വെടിവഴിപാട് മുതൽ ലക്ഷാർച്ചന വരെ നടത്തി മടങ്ങി. ആരും ആ മനുഷ്യന് ഒന്നും കൊടുത്തില്ല.
ഞായറാഴ്ച പള്ളിക്ക് മുൻപിൽ കുർബാന തുടങ്ങുന്നതിനു മുൻപ്, എന്തിനു, അച്ചനും കപ്യാരും പള്ളി തുറക്കുന്നതിനു മുൻപ് കുത്തിയിരുന്നു, ഭിക്ഷതേടി. കുർബാന വേളയിൽ അച്ചൻ വിശക്കുന്നവനു അപ്പം കൊടുക്കണം എന്ന് വാതോരാതെ പ്രസംഗിച്ചു. അത് കേട്ട് യാചകൻ ആ ദിവസമെങ്കിലും എന്തെങ്കിലും കിട്ടും എന്ന് മോഹിച്ചു. കുർബാന ശേഷം നാട്ടുവർത്തമാനവും വെടിയും പറഞ്ഞു, കമ്മറ്റിയും കൂടി, അച്ചനെയും പള്ളി പ്രമാണിമാരെയും കുറ്റം പറഞ്ഞ് ലേലവും വിളിച്ചു ഏവരും വീട്ടിൽ പോയി. യാചിക്കാനിരുന്ന ആ ഭിക്ഷാംദേഹിക്ക് അതേ അവസ്ഥ.
തിങ്കളാഴ്ച അദ്ദേഹം രണ്ടും കല്പിച്ചു ബീവറേജസിന് മുൻപിൽ പോയി ഇരുന്നു. ഉച്ചയോടു കൂടി ഭിക്ഷപ്പാത്രം നിറഞ്ഞു. നിറകണ്ണുകളോടെ അദ്ദേഹം ദൈവത്തിനു സ്തുതി പാടി ചോദിച്ചു “ലീലാവിലാസം കാണിക്കുന്ന ദൈവമേ, ശരിയായ മേൽവിലാസം എന്തുകൊണ്ട് നേരത്തെ തന്നില്ല”.
ദൈവം ഉടനെ വെളിപ്പെട്ടു പറഞ്ഞു “നോക്കൂ, ജാതി മത ഭേദമന്യേ, പാമരനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ, വരിവരിയായി, അടുക്കും ചിട്ടയോടും കൂടി, മേലോട് മേൽ മുട്ടാതെ, പരസ്പര ബഹുമാനത്തോട് കൂടി നില്കുന്ന ഭക്തജനങ്ങളെ കണ്ടില്ലേ? അവരവർക്കു വേണ്ടത് ഏവരും മനസ്സിലാകുന്ന ഭാഷയിൽ, ഏറ്റവും കുറഞ്ഞ വാക്കുകളിൽ, കൃത്യമായി പറഞ്ഞു മേടിക്കുന്നത് കണ്ടില്ലേ? ആരും വേറെ ഒരുത്തന്, ശത്രു ആണെങ്കിൽ പോലും കിട്ടരുതന്നു വിചാരിക്കുകയോ പറയുകയോ ചെയ്യുന്നുണ്ടോ? ആരെങ്കിലും മക്കൾക്കോ മാതാപിതാക്കൾക്കോ, കൂടപ്പിറപ്പുകൾക്കോ വേണ്ടി വാങ്ങുന്നുണ്ടോ? ആരെങ്കിലും കള്ളിന്റെ മേന്മയെ പറ്റി അവർ അറിയുന്നതും അറിയാത്തതും ആയ ഭാഷയിൽ സ്തുതി പാടുന്നുണ്ടോ? ഇതിലും അനുയോജ്യമായ സ്ഥലം ഭഗവാനു ഈ ഭൂമിയിൽ എവിടെ കിട്ടും?”
ഭഗവാൻ തുടർന്നു ” ആരെങ്കിലും വി ഐ പി ആണെന്നു പറഞ്ഞു വരി തെറ്റിക്കുന്നുണ്ടോ? മുൻകൂർ പണം അടച്ചു രസീത് കൈപറ്റിയാലെ എന്തെങ്കിലും കിട്ടൂ എന്നുണ്ടോ? ഏതെങ്കിലും ഇടനിലക്കാരെയോ എജെന്റിനിയോ കണ്മാനുണ്ടോ? ഫോറം പൂരിപ്പിക്കാനൊ അപേക്ഷ എഴുതി കൊടുക്കേണ്ടതോ ഉണ്ടോ?
അത് കേട്ട് യാചകൻ ചോദിച്ചു “ഭഗവാനെ! ഈ തെണ്ടിയെ പിന്നെ എന്തിനു മൂന്നു ദിവസം തെണ്ടിച്ചു?” ഭഗവാൻ പറഞ്ഞു “തന്നെ പോലെയുള്ളവർക്ക് എന്നെ എവിടെ ദർശിക്കാം എന്ന് കാണിച്ചു തരുവാൻ”.

2 Comments
Your language is excellent and the concept is insightful.
Thank You