അധികാരത്തിന്റെ ഏറ്റവും പ്രാകൃത രൂപമാണ് കയ്യൂക്കുള്ളവർ കാര്യക്കാർ എന്നത്. ഒരുപാടു പേർ മൈറ്റ് ഇസ് റൈറ്റ് ( might is right ) എന്നതിന് കൈയടിക്കും. ഒരുപാടു പേർക്ക് കൈ മൂച്ചിന്റെ ധാർഷ്ട്യവും വീരവാദവുമുള്ള അധികാരികളെയാണ് ഇഷ്ട്ടം. മൈറ്റ് ഇസ് റൈറ്റ്( might is right ) എന്നതിൽ നിന്ന് റൈറ്റ് ഇസ് മൈറ്റി ( Right is mighty ) എന്നതാണ് ഏകാധിപത്യ അധികാരത്തിൽ നിന്ന് ജനായത്തത്തിലേക്കുള്ള യാത്ര.
പക്ഷേ പല അധികാരികളും ഭാസ്ക്കര പട്ടേലർമാരാണ് അവർക്ക് വേണ്ടത് അധികാരത്തോട് വിധേയരായ തൊമ്മികളെയുമാണ്. ഓ വി വിജയന്റെ ധർമ്മ പുരാണത്തിൽ ചിത്രീകരിക്കുന്നത് അധികാരത്തിന്റെ പ്രജാപതികൾക്ക് സ്തുതി പാടുന്നവരെകുറിച്ചാണ്. അവർ നിരന്തരം ഉപയോഗിക്കുന്ന ഒന്നാണ് നാഷണൽ ഇന്റെറെസ്റ്റ്. അധികാര അഹങ്കാര അധികപറ്റുകളെ ചോദ്യങ്ങൾ ചെയ്യുന്നവർ രാജ്യതാല്പര്യത്തിന് എതിരാണ് എന്ന നരേറ്റിവ്.
ഇതോക്കെ ഓർക്കാൻ കാരണം ട്രമ്പ് അനുകൂലികൾ അദ്ദേഹം ചുമതലയേറ്റ ഉടനെ ഇറക്കിയ എക്സികൂട്ടിവ് ഓർഡറിനു കൈയടിച്ചു സന്തോഷിക്കുന്നത് കണ്ടാണ്. സത്യത്തിൽ രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞു ആംഗ്ലോ – അമേരിക്കൻ – യൂറോ അധികാരത്തിന് അന്താരാഷ്ട്ര ആഗോള സാധുത നൽകുന്നതിനാണ് 1945 ജൂണിൽ സാൻഫ്രാൻസികോയിൽ വച്ചു യൂ എൻ ചാർട്ടർ പാസാക്കി യൂനൈറ്റെഡ് നേഷൻ സംവിധാനമുണ്ടക്കിയത്. അത് കഴിഞ്ഞു ബ്രെറ്റൺവുഡ് സമ്മേളനത്തിലാണ് വേൾഡ്ബാങ്ക്, ഐ എം എഫ്, ഗാട്ട് ( GATT) എന്നിവയുണ്ടാക്കിയത്. GATT ആണ് പിന്നീട് WTO ആയത്. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞതോട് കൂടി കൊളോണിയൽ സമ്രാജ്യത്വ ബ്രിട്ടൻ സാമ്പത്തിക പ്രശ്നത്തിലായി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിന്റെ സാമ്പത്തിക പരാധീനത കൂടി. യുദ്ധങ്ങളിൽ നിന്ന് മാറി നിന്ന് ആയുധങ്ങളും ഫിനാൻസും ചെയ്ത അമേരിക്ക അവസാനം ജപ്പാനിൽ ആറ്റം ബോംബിട്ട് പതിനായിരങ്ങളെ ഒറ്റയടിക്കു കൊന്ന് ലോകത്തിൽ ആയുധ സാമ്പത്തിക അധികാരമുറപ്പിച്ചു. 1929 ലേ സാമ്പത്തിക തകർച്ചയിൽ നിന്ന് അമേരിക്കയെ ന്യൂ ഡീൽ പോളിസിയിൽ കൂടെ വീണ്ടും ഉയർത്തിയ റൂസ് വെൽറ്റ് അമേരിക്കൻ പ്രസിഡന്റ് ആയിരുന്നപ്പോൾ അമേരിക്കയുടെ ലോക സ്വാധീനമുറപ്പിക്കുവാൻ യു എൻ സിസ്റ്റവും വേൾഡ് ബാങ്കും ഐ എം എഫും വേണമായിരുന്നു. അതിന്റെ എല്ലാം ആസ്ഥാനം യു എസ് ആയത് അമേരിക്ക അതിനെ പ്രധാനമായും ഫിനാൻസ് ചെയ്തത് കൊണ്ടാണ്. അതിന്റെ അന്നത്തെയും ഇന്നത്തെയും പ്രശ്നം രണ്ടാം ലോകം മഹായുദ്ധത്തിൽ വിജയിച്ച രാജ്യങ്ങൾക്ക് യൂ എൻ സെക്യൂരീറ്റി കൗൺസിലിൽ ഉള്ള പെർമെനെന്റ്റ് വീറ്റോ പവറാണ്. യൂ എൻ സെക്രറ്റിയേറ്റ് നിൽക്കുന്ന സ്ഥലം അതിനു ദാനമായി നൽകിയത് അന്ന് ലോകത്തെയും അമേരിക്കയിലേയും ഏറ്റവും വലിയ ധനികൻ ആയിരുന്ന റോക്ക്ഫെല്ലറാണ്. അല്ലാതെ അമേരിക്കൻ സർക്കാർ അല്ല.
കോളനി ഭരണത്തിൽ നിന്ന് എഷ്യയിലേയും ആഫ്രിക്കയിലും സൗത്ത് അമേരിക്കയിലുമുള്ള രാജ്യങ്ങൾ സ്വതന്ത്രമായതോടെ യു എൻ ജനറൽ അസംബ്ലിയിൽ അംഗ രാജ്യങ്ങൾ കൂടി. ഇപ്പോൾ 193 രാജ്യങ്ങൾ യു എൻ ജനറൽ അസംബ്ലിയിലുണ്ട്. 1950 മുതൽ 40 വർഷം സോവിയറ്റ് ബ്ലോക്കും അമേരിക്കൻ – യൂറോപ്യൻ ആക്സിസും യു എൻ സംവിധാനത്തെ അവരുടെ കിട മത്സരത്തിന്റെ വേദിയാക്കി. സോവിയറ്റ് ബ്ലോക്ക് സാമൂഹിക സാമ്പത്തിക അവകാശത്തെകുറിച്ച് പറഞ്ഞ് സോഷ്യലിസം കയറ്റുമതി ചെയ്തു. അമേരിക്ക ജനാധിപത്യവും രാഷ്ട്രീയ അവകാശങ്ങളും പറഞ്ഞു അമേരിക്കൻ യൂറോപ്യൻ മുതലാളിത്വ ലിബറലിസം കയറ്റി അയച്ചു. ഈ രണ്ടു ബ്ലോക്കും ഏഷ്യയിലും ആഫ്രിക്കയിലും ഗൾഫ് മേഖലയിലും പണവും ആയുധവും എയ്ഡും നൽകി പരസ്പരം സ്വാധീനം കൂട്ടാൻ മത്സരിച്ചു. കൊറിയ യുദ്ധം, വിയറ്റ്നാം യുദ്ധം, അഫ്ഗാനിസ്ഥാനിൽ താലിബാനെ സൃഷ്ടിച്ചു യുദ്ധമെല്ലാം അമേരിക്ക സോവിയറ്റ് സ്വാധീനത്തിന് എതിരെ ചെയ്ത പ്രോക്സി യുദ്ധങ്ങൾ ആയിരുന്നു. അമേരിക്ക അന്ന് യു എന്നിനെ അവരുടെ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചു 1990കളിൽ അമേരിക്കയുടെ ഡോമിനൻസിന്റെ അടയാളമായിരുന്നു വാഷിങ്ടൻ കൻസൻസസ്. അവർ വേൾഡ് ബാങ്ക് / ഐ എം എഫ് കണ്ടീഷൻ വച്ചു അമേരിക്കൻ -ആംഗ്ലോ – യൂറോപ്യൻ മൾട്ടി നാഷണൽ കമ്പനികൾക്ക് വേണ്ടി ഏഷ്യ- ആഫ്രിക്ക – ലാറ്റിൻ അമേരിക്കയിലെ രാജ്യങ്ങളിലേ മാർക്കറ്റിൽ ആധിപത്യം സ്ഥാപിച്ചു. 1990 കളിൽ യൂ എസ് എസ് ആറിന്റെ തകർച്ചയോടെ അമേരിക്ക ലോക പോലീസ് കളിച്ചു. വേൾഡ് ബാങ്കും ഐ എം എഫും, യൂ എൻ സംവിധാനവും അവരുടെ ലോക സ്വാധീനത്തിന്റെ ചട്ടുകങ്ങളാക്കി. മറ്റ് രാജ്യങ്ങളെ ആയുധം വിറ്റ് യുദ്ധം ചെയ്യിച്ചു. 1990 കളിൽ അമേരിക്ക യു എൻ സിസ്റ്റത്തെ അവരുടെ ആവശ്യത്തിന് ഫണ്ട് നൽകി പരിലാളിച്ചു. അവർക്ക് വിധേയരാകുന്നവരെ മാത്രം ഇതിന്റയെല്ലാം തലപ്പത്തിരുത്തി.
അമേരിക്കയുടെ അധികാര അപ്രമാദിത്വം അതിന്റെ പാരമ്യത്തിൽ എത്തിയപ്പോഴാണ് 9/11 സംഭവിച്ചത്. അത് അമേരിക്കൻ അപ്രമാദിത്ത സുരക്ഷിതബോധത്തെ ഉലച്ചു. അന്ന് തൊട്ട് തുടങ്ങിയ വിവിധ യുദ്ധങ്ങൾ അമേരിക്കൻ സാമ്പത്തിക അവസ്ഥയെ ഉലച്ചു. ലോകത്തിൽ തന്നെ ഏറ്റവും കട ബാധ്യതയുള്ള രാജ്യമായി അമേരിക്ക മാറി. ഏതാണ്ട് 33 ട്രില്യൻ ഡോളറാണ് അമേരിക്കൻ ഫെഡറൽ സർക്കാരിന്റെ പൊതു കടം. അതെ സമയം, ചൈനയും ഇന്ത്യയും ബ്രെസീലും സൗത് ആഫ്രിക്കയൂമടക്കമുള്ള രാജ്യങ്ങളിലേ ഇക്കോണമി വളരെ വേഗം വളർന്നു. ചൈന പർച്ചേസിങ് പവർ പാരിറ്റി സാമ്പത്തിക അവസ്ഥയിൽ അമേരിക്കയേ കവച്ചു വച്ചു. ചൈനയിലെയും ജപ്പാനിലേയും സൗത്ത് കൊറിയയിലെയും ഇന്ത്യയിലെയും മൾട്ടി നാഷണൽ കമ്പനികൾ അമേരിക്കയിലും യൂറോപ്പിലും മാർക്കറ്റിൽ കയറി ഗോൾ അടിച്ചു. ലോകത്തെ ഫാക്റ്ററി ചൈനയും സോഫ്റ്റ്വെയർ പവർ ഇന്ത്യയുമായി.
2008 ലേ അമേരിക്കൻ സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണം അമേരിക്കയുടെ ‘ബുഷ്ഫുൾ’ യുദ്ധങ്ങൾ ആണെന്ന് സാധാരണ അമേരിക്കക്കാർ തിരിച്ചറിഞ്ഞത് കൊണ്ടാണ് ലോകം ചരിത്രത്തിൽ ആദ്യമായി വൈറ്റ് ഹൌസിൽ ഒരു കറുത്ത വർഗക്കാരനായ, ആഫ്രിക്കൻ വേരുകൾ ഉള്ള, ബാരക്ക് ഒബാമ വന്നത്. ബാരക്ക് ഒബാമയുടെ വരവോടെ ആമേരിക്കയിലെ വൈറ്റ് ആംഗ്ലോസാക്സൻ പ്രോട്ടസ്റ്റാൻഡ് ഡോമിനന്റ് കൾച്ചർ വീണ്ടും അരക്ഷിതരായി. അവർ അദ്ദേഹം മുസ്ലിമാണന്നു പറഞ്ഞു പരത്തി. അങ്ങനെ ലോകത്തു അമേരിക്കയുടെ സ്വാധീനം കുറഞ്ഞു വരികയും ബാരക്ക് ഒബാമയുടെ വരവോടെ അസ്വസ്തരായ അമേരിക്കൻ ആംഗ്ലോ സാക്സൻ പ്രോട്ടസ്റ്റൻഡ് ബാപ്പിസ്റ്റ് – പെന്റകോസ്റ്റൽ ലോബിയുടെയും അമേരിക്കൻ മുതലാളിത്വത്തിന്റെയും പോസ്റ്റ്ർ ഹീറോയായാണ് ട്രംപിന്റെ രംഗ പ്രവേശനം. ബാരക്ക് ഒബാമയേ പിന്തുണച്ചത് പുതിയ കുടിയേറ്റക്കാരും ആഫ്രിക്കക്കാരും യുവാക്കളുമെങ്കിൽ ട്രംപിനെ പിന്തുണച്ചത് അമേരിക്കൻ ആംഗ്ലോ യൂറോപ്യൻ പ്രൊട്ടസ്റ്റന്റ്- ബാപ്ടിസ്റ്റ് – പെന്റകോസ്റ്റൽ, സയോനിസ്റ്റ് ലോബിയും അമേരിക്കയിലെ നിയോ റിച്ച് മുതലാളിത്വവുമാണ്.അതോടൊപ്പം യഹൂദ പവർ ലോബിയും . കത്തോലിക്കനായ ജോ ബൈഡനെ അവർ വെറുത്തു.
അമേരിക്കൻ ആധിപത്യം കുറയാൻ തുടങ്ങിയത് ഇല്ലാത്ത ‘വെപ്പൻസ് ഓൺ മാസ്സ് ഡിസ്ട്രക്ഷന്റെ ‘ പേരിൽ ഇറാക്കിൽ പുതിയ യുദ്ധമുഖം തുറന്നു കട ബാധ്യതകൂട്ടിയതും ചൈനയുടെ വളർച്ചയുമാണ്. ലോകത്ത് ചൈന – റഷ്യ ആക്സിസും അത് പോലെ യൂ എൻ സംവിധാനത്തിനും ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങൾക്കും ചൈന സാമ്പത്തിക സഹായം നൽകിയതും ലോകത്തു അമേരിക്കൻ സ്വാധീനം കുറച്ചു . 2008 ലെ ബീജിങ് ഒളിമ്പിക്സിൽ ചൈന സ്വർണ മെഡൽ വാരി കൂട്ടിയത് അമേരിക്കയുടെ നാഷണൽ പ്രൈഡിനെയും ബാധിച്ചു.
ഈ സാഹചര്യത്തിൽ അമേരിക്കയുടെ വരുതിയിൽ യു എൻ നിൽക്കുന്നില്ല എന്ന തോന്നലിൽ നിന്നാണ് യു എൻ ഒരു ശല്യമായ ബാധ്യതയാണന്നു തോന്നി തുടങ്ങിയത് . നേരത്തെ യു എൻ ഏജൻസികളുടെ തലപ്പത്തു എല്ലാം അമേരിക്കക്കാരോ യൂറോപ്പ്കാരോ അല്ലെങ്കിൽ അമേരിക്കയുടെ വിധേയരായവരോ ആയിരുന്നു. ആ സ്ഥിതി കഴിഞ്ഞ പത്തു വർഷങ്ങളിൽ മാറി. നേരത്തെ യു എൻ റെസിഡൻറ്റ് കോർഡിനേറ്റർ സിസ്റ്റം ഫണ്ട് ചെയ്തത് അമേരിക്കയായിരുന്നു. കഴിഞ്ഞപ്രാവശ്യം ട്രംപ് യൂ എൻ ഫണ്ട് വെട്ടികുറച്ചപ്പോൾ ചൈന അത് കൊടുക്കാൻ തുടങ്ങി. അമേരിക്ക പിൻവാങ്ങിയതോ ഫണ്ട് വെട്ടികുറച്ചതോ ആയ എല്ലാം യു എൻ ഏജൻസികളുടെ തലപ്പത്തു അമേരിക്കക്കാരോ അവരുടെ വരുതിയിൽ ഉള്ള യൂറോപ്പുകാരോ അല്ലെന്നത് ശ്രദ്ധിക്കണം. കഴിഞ്ഞ ട്രംപ് കാലത്ത് അവർ യു എൻ ഹ്യൂമൻ റൈറ്റ്സ് കൗൺസിൽ നിന്ന് പിൻവാങ്ങിയത് അന്ന് അതിനു നേതൃത്വം നൽകിയത് മെക്സിക്കൻ ആണെന്നത് കൊണ്ടാണ്. അത് പോലെ യു എൻ കമ്മീഷൻ ഫോർ റെഫ്യുജീസീന്റെ തലപ്പത്തും അമേരിക്കയുടെ ഇഷ്ട്ടക്കാരൻ അല്ലായിരുന്നു. ഇപ്പോൾ WHO ക്ക് നേതൃത്വം നൽകുന്നത് എത്യോപ്യക്കാരൻ. അയാൾ ഗാസയിലെ യുദ്ധത്തിൽ ആശുപത്രികൾ ബോംബിട്ടതിനെ വിമർശിച്ചു അമേരിക്കൻ ജ്യൂവിഷ് ലോബിയുടെ കണ്ണിലെ കരടായി. അത് മാത്രം അല്ല ട്രംപ് കാലത്തു അമേരിക്കയിൽ 12 ലക്ഷം പേർ കോവിഡ് വന്നു മരിച്ചപ്പോൾ അതിനു കാരണം WHO യാണന്ന നരേറ്റിവ് ട്രംപ് ലോബിയിറക്കി. അത് പോലെ, പാരീസ് അന്താരാഷ്ട്ര കാലാവസ്ഥ വ്യതിയാന ഉടമ്പടി യിൽ നിന്നു ട്രംപിന്റെ അമേരിക്ക പിൻവാങ്ങി. ഇതെല്ലാം അന്താരാഷ്ട്ര തലത്തിൽ വീണ്ടും അമേരിക്കൻ സ്വാധീനം കുറക്കും.
ചുരുക്കത്തിൽ അമേരിക്കക്കാർ നയിക്കുന്ന യു എൻ ഏജൻസിക്ക് പണമുണ്ട്. അമേരിക്ക പിൻവാങ്ങുമ്പോൾ, പതിയെ ചൈന ഇതിനെല്ലാം ഫണ്ട് കൂട്ടുന്നു. ഇന്ത്യയും ജർമനിയും ജപ്പാനും പെർമെനന്റ്റ് സെക്യൂരിറ്റി കൗൺസിൽ അംഗത്വം വേണമെന്നു പറയുന്നു. പലരും യൂ എൻ പ്ലാറ്റ്ഫോം ഉപയോഗിച്ച് അമേരിക്കയേ വിമർശിക്കുന്നു. ഏതാണ്ട് 15 വർഷം മുമ്പ് വരെ അമേരിക്കയുടെ ഇംഗിതത്തിന് വഴങ്ങി നിന്ന യു എൻ സിസ്റ്റം ഇന്ന് അമേരിക്കൻ ആംഗ്ലോ – സാക്സൻ വെറ്റ് പ്രോറ്റസ്റ്റന്റ് ജ്യു ലോബിക്ക് ഇരിട്ടന്റായിരിക്കുന്നു( irritant ). അവരുടെ അരഷിത ബോധത്തിന് അത് ആക്കം കൂട്ടുന്നു. അമേരിക്കയിലെ വൈറ്റ് ആംഗ്ലോ – യൂറോപ്പിയൻ പ്രോറ്റസ്ട്ടന്റെ, ബാപ്റ്റിസ്റ്റ്, പെന്റെകോസ്റ്റ്, സയോനിസ്റ്റ് ലോബിയെയും അതിന്റെ നിയോറിച് വക്താക്കളുടെ പുതിയ അരക്ഷിത ബോധത്തെയുമാണ് ട്രംപ് അഡ്രസ് ചെയ്യൂന്നത്. മെക്സിക്കോയിൽ നിന്നുമുള്ള കത്തോലിക്കാ കുടിയേറ്റവും അത് പോലെ എൽ ജി ബി ടി യുമൊക്കെ അമേരിക്കൻ ബാപ്റ്റിസ്റ്റ് – പെന്റകോസ്റ്റ് ലോബിക്ക് ഇഷ്ട്ടമല്ല. അമേരിക്കയിൽ കൂടിയേറി പാർത്ത മലയാളികളും ഇന്ത്യക്കാരും ഫിലിപ്പിനോകൾ എല്ലാം ഏറെയും ട്രംപ് അനുകൂലികളാണ്. റിസർവേഷൻ കമ്പാർട്ട്മെന്റിൽ ചില പുതിയ ആളുകൾ കയറുമ്പോഴുള്ള അലോസര അരക്ഷിതത്വം കൂടുന്നുണ്ട്. അത് മാത്രം അല്ല ആഫ്രിക്കൻ വംശരോടും അത് പോലെ ലാറ്റിനൊകളോടും മുസ്ലിങ്ങളോടും മുൻവിധി ഉള്ളവരുമുണ്ട്. ഇസ്ലാമൊഫോബിയ അമേരിക്കൻ വലതുപക്ഷരാഷ്ട്രീയ നരേറ്റീവിന്റെ ഭാഗമാണ്. അങ്ങനെ ഒളിഞ്ഞും തെളിഞ്ഞുമുള്ള മുൻവിധി യുള്ള സെറ്റിൽഡ് നിയോ മൈഗ്രൈൻസിന്റെ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് പുതിയ ട്രംപിസം. മെജോരിറ്റേരിയൻ അസർട്ടീവ് തിരെഞ്ഞെടുപ്പ് അധികാര രാഷ്ട്രീയം.
യു എൻ സിസ്റ്റം മുഴുവൻ റിഫോം ചെയ്യണമെന്നതാണ് എന്റെ നിലപാട്. അതിന്റെ മാത്രം അല്ല എല്ലാ സർക്കാർ ബ്യൂറോക്രസിയും കുറക്കണം. പല ഏജൻസികളുടെയും റോൾ കുറഞ്ഞു. പക്ഷേ എലിയെ പേടിച്ചു ഇല്ലംചുട്ടാൽ പിന്നെ ഒന്നും കാണില്ല. Don’t throw the baby out with bathwater. ലോകത്തു യൂ എൻ അടക്കമുള്ള മൾട്ടി ലാറ്ററൽ മെമ്പർഷിപ്പ് ബേസ്ഡ് ഫ്രെയിം വർക്കും മനുഷ്യാവകാശവും ഒന്നും ഇല്ലെങ്കിൽ കൈ മൂച്ചു ഉള്ളവർ കാര്യാക്കാരാകും. അമേരിക്ക പിൻവലിയുന്നിടത്തു ചൈന വീണ്ടും കയറി ഗോൾ അടിക്കും. ട്രംപിസ്റ്റ് അമേരിക്ക അന്താരാഷ്ട്ര ഇൻസ്റ്റിറ്റ്യൂഷനുകളിൽ നിന്ന് പിൻമാറി കൂടുതൽ ഇൻവേഡ് ലുക്കിംഗ് നാഷണലിസ്റ്റ് പോളിസി നയപരിപാടികളിലേക്കു പോകുമ്പോൾ ആ സ്പേസിൽ ചൈന ഉൾപ്പെടെ ഉള്ളവർ കടന്നു വരും. ഇപ്പോൾ നടക്കുന്ന റഷ്യ – യുക്രൈൻ യുദ്ധം ഒരു പ്രോക്സി വാറാണ്. ട്രംപ് കാലത്തു അമേരിക്ക യുദ്ധത്തിന് പോയിട്ടില്ല എന്ന് പറയുന്നവരോടാണ്, ഒബാമ കാലത്തും ബൈഡൻ കാലത്തും അമേരിക്ക യുദ്ധത്തിന് പോയിട്ടില്ല. കാരണം അമേരിക്കയുടെ കടം ഏതാണ്ട് 33 ട്രില്യൻ ഡോളറാണ്. അമേരിക്കക്ക് ലോകം പോലീസ് കളിക്കാൻ പൈസ ഇല്ലന്നതാണ് വസ്തുത. അമേരിക്കയിൽ ഉള്ളതിനെക്കാൾ ഡോളർ ഇപ്പോൾ ചൈനക്കുണ്ട്. യു കെ യുടെ സ്ഥിതിയും ഫ്രാൻസിന്റെ സ്ഥിതിയുമൊക്കെ സാമ്പത്തിക പ്രശ്നങ്ങളിലാണ് .
പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നതില്ലന്നതാണ് അമേരിക്കയിലെയും യൂറോപ്പിലേയും പുതിയ ആന്റി മൈഗ്രൻസ് ഐഡന്റ്റ്റി നിയോ കൻസർവീട്ടിവ് വലത് പക്ഷരാഷ്ട്രീയത്തിനു കാരണം. അവരുടെ പുതിയ ഹീറോയാണ് രണ്ടാം വരവിലെ ട്രംപ്. ട്രംപിസം അവരുടെ അരക്ഷിത ബോധത്തിനുള്ള പുതിയ സ്റ്റിമൂലെൻറ്റ് ഡോപ്പോമിൻ ഇഫക്റ്റാണ്. അത് ചിലർക്ക് വളരെ എക്സൈറ്റിങ് ആയി തോന്നും. പക്ഷേ കുറേ വർഷം കഴിയുമ്പോൾ അതിന്റെ ആഫ്റ്റർ ഇഫെക്റ്റ് അമേരിക്കക്കും ലോകത്തിനും ദോഷം ചെയ്യാനാണ് സാധ്യത.
ഇവിടെ പങ്കുവയ്ക്കുന്ന അഭിപ്രായങ്ങൾ ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്, അദ്ദേഹവുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘടനകളുടെ നിലപാടുകളോ കാഴ്ചപ്പാടുകളോ പ്രതിഫലിപ്പിക്കുന്നതല്ല.
