ട്രംപിന്റെ പ്രസിഡന്റ് പദവിയിലേക്കുള്ള രണ്ടാം വരവിനോടനുബന്ധിച്ച് അദ്ദേഹം കൈക്കൊണ്ടു വരുന്ന നടപടികൾ ലോകമെങ്ങും ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയും കാനഡ, മെക്സിക്കോ, ചൈന, മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ തുടങ്ങിയയവയുമായി ഉരുത്തിരിഞ്ഞു വന്ന വ്യാപാര സംഘർഷങ്ങൾ, നിയമവിരുദ്ധ കുടിയേറ്റവുമായി ബന്ധപ്പെട്ട നാടുകടത്തലുകൾ, ഗാസ വിഷയത്തിലുള്ള ട്രംപിന്റെ നിലപാട്, യുക്രൈനുമായി കാര്യമായ ചർച്ചകൾ ഇല്ലാതെ തന്നെ  റഷ്യയുമായി നടത്താൻ തീരുമാനിച്ച യുക്രൈൻ  സമാധാന ചർച്ചകൾ, എന്നിങ്ങനെ ഓരോ ദിവസവും ഡോണൽഡ് ട്രംപിന്റെ നടപടികൾ വാർത്താതലക്കെട്ടുകളിൽ നിറഞ്ഞു നിൽക്കുകയാണ്.  കൂടാതെ അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ തിരികെയയച്ചതിൽ  കൊളംബിയ പോലെയുള്ള ചെറു രാജ്യം പോലും ചങ്ക് വിരിച്ച്  പ്രതിഷേധിച്ച് സൈനിക വിമാനത്തെ തിരിച്ചയച്ചപ്പോൾ ശക്തനായ ഭരണാധികാരി രാജ്യം ഭരിക്കുന്നു എന്നഭിമാനിക്കുന്ന ഇന്ത്യ, വിലങ്ങുകൾ വെക്കപ്പെട്ട നിലയിൽ സൈനിക വിമാനത്തിൽ സ്വന്തം പൗരൻമാരെ യു എസ് മടക്കിയയച്ചപ്പോൾ ഒന്ന് പ്രതിഷേധിക്കുക പോലും ചെയ്യാതെ  സൈനിക വിമാനത്തിന് ലാൻഡിംഗ് അനുമതി കൊടുക്കുകയുണ്ടായി. അതിന്റെ പേരിൽ ഇന്ത്യൻ ഗവൺമെന്റിനെതിരെ ഉയർന്ന വിമർശനങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടുമില്ല.  ഈ പശ്ചാത്തലത്തിലാണ്  ഫെബ്രുവരി 12, 13 തീയതികളിലായി ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ അമേരിക്കൻ സന്ദർശനം സവിശേഷ ശ്രദ്ധ നേടിയത്. ഇന്ത്യയോടുള്ള ട്രംപിന്റെ സമീപനം എന്തായിരിക്കുമെന്നും, ഈ സന്ദർശനം ഇന്ത്യക്ക് എത്രമാത്രം നേട്ടമുണ്ടാക്കുമെന്നുമാണ് ലോകം മുഴുവനുമുള്ള ഇന്ത്യക്കാർ ഉറ്റുനോക്കിയിരുന്നത്.

ഈ സന്ദർശനം കൊണ്ട് ഇന്ത്യയ്ക്കുണ്ടായെന്ന് പറയുന്ന നേട്ടങ്ങൾ ഒന്ന് വിശകലനം ചെയ്യാം:

പ്രതിരോധ സഹകരണം

  • പ്രധാനമന്ത്രിയുടെ യു എസ് സന്ദര്ശനത്തിന്റെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കുന്നത് ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധസഹകരണത്തിനു ധാരണയായതാണ്.  അതിൽ തന്നെ ഏറ്റവും നേട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്നത് F-35 യുദ്ധവിമാനങ്ങൾ ഇന്ത്യക്ക് വിൽക്കാൻ യു എസ് തയ്യാറായതാണ്. ഇതു ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്താകും. എന്നാൽ, ഇന്ത്യയുമായുള്ള വ്യാപാര കമ്മി നികത്താൻ F-35 യുദ്ധ വിമാനങ്ങൾ വാങ്ങിക്കാൻ ഇന്ത്യ നിർബന്ധിക്കപ്പെടുകയായിരുന്നു എന്ന വിമർശനവും ഉയരുന്നുണ്ട്. മാത്രമല്ല, ഈ യുദ്ധ വിമാനങ്ങൾ നിലവിലുള്ള ഇന്ത്യയുടെ വ്യോമ ആക്രമണ പ്രതിരോധ സംവിധാനങ്ങളുമായി എത്ര മാത്രം ഇഴുകിച്ചേരുമെന്ന ആശങ്കകളും ചോദ്യങ്ങളും ഉയരുന്നുമുണ്ട്. ഈ ഇടപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ ഉയരുന്നതിനിടെയാണ് ട്രംപ് ഭരണത്തിൽ നിർണായക സ്വാധീനമുള്ള എലോൺ മസ്ക് F- 35 യുദ്ധവിമാനങ്ങളുടെ ഭാവി സംബന്ധിച്ച പരാമർശവുമായി രംഗത്തെത്തുന്നത്. അത്തരം വിമാനങ്ങളുണ്ടാക്കുന്നവർ വിഡ്ഢികളാണെന്നും ഇനിയുള്ള കാലം പൈലറ്റില്ലാ വിമാനങ്ങളുടേതാണെന്നും അദ്ദേഹം X ൽ കുറിച്ചത് തുടർന്നും ഈ ഇടപാടിനെ സംബന്ധിച്ച് രാജ്യത്തിനകത്ത് കൂടുതൽ വിമർശനങ്ങൾ ഉയരാനിടയാക്കും.
  • ഇരുരാജ്യങ്ങളും സൈനിക ഇടപെടൽ ശേഷി വർദ്ധിപ്പിക്കുകയും ആധുനിക യുദ്ധോപകരണങ്ങൾ കൈമാറുന്നതിനായി കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിക്കാനും ധാരണയായിട്ടുണ്ട്.

വ്യാപാരവും സാമ്പത്തിക ബന്ധവും

  • ചുങ്കം കുറയ്ക്കൽ, വ്യാപാര അസമത്വങ്ങൾ പരിഹരിക്കൽ എന്നിവയിൽ ചർച്ചകൾ നടന്നു. 2030 ഓടെ ഇരുരാജ്യങ്ങളും $500 ബില്യൺ വ്യാപാര ലക്ഷ്യം കൈവരിക്കുമെന്ന് മോദി അഭിപ്രായപ്പെട്ടു.
  • ഇന്ത്യ, മോട്ടോർസൈക്കിളുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയ അമേരിക്കൻ ഉൽപ്പന്നങ്ങളിൽ ചുങ്കം കുറച്ചു.

തന്ത്രപരമായ സഹകരണം

  • ചൈന ഉയർത്തുന്ന വെല്ലുവിളികളെ സംബന്ധിച്ച ആശങ്കകളും ഇന്ത്യൻ മഹാസമുദ്രത്തിലെ അസ്ഥിരതയും ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിച്ചു. ക്വാഡ് സഖ്യത്തിൽ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്താൻ ധാരണയായി.
  • 26/11 പ്രതിയുടെ കൈമാറ്റം: 2008 മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയെ  കൈമാറാൻ അമേരിക്ക സമ്മതിച്ചത് ഇരു രാജ്യങ്ങൾക്കും മദ്ധ്യേ ഭീകരവാദ വിരുദ്ധ സഹകരണം ശക്തിപ്പെടുത്തുന്നതിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഇന്ത്യയുടെ സമീപനത്തിലെ പരാജയങ്ങൾ

വ്യാപാര അസന്തുലിതാവസ്ഥയും ചുങ്ക പ്രശ്നങ്ങളും

  • ട്രംപ് ഭരണകൂടം ഇന്ത്യയുടെ ഉയർന്ന ചുങ്ക നിരക്കുകൾ “ന്യായീകരിക്കാനാവാത്തത് ” എന്ന് വിമർശിച്ചു, കൂടുതൽ ഇളവുകൾ ആവശ്യപ്പെടുകയും മറുപടിയായി ഇന്ത്യൻ കയറ്റുമതികൾക്കും തീരുവ ഏർപ്പെടുത്തുമെന്ന് (റെസിപ്രോക്കൽ താരിഫ്)പ്രഖ്യാപിച്ചു
  • അമേരിക്കൻ എണ്ണ, വാതക ഇറക്കുമതികൾ വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സംബന്ധിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. ഈ നീക്കം സാമ്പത്തിക നേട്ടങ്ങളേക്കാൾ ഭൗമരാഷ്ട്രീയ സമ്മർദ്ദങ്ങൾ മൂലമാണെന്ന് വിമർശകർ ആരോപിക്കുന്നു. കാരണം അമേരിക്കൻ ക്രൂഡിന് റഷ്യൻ അല്ലെങ്കിൽ മിഡിൽ ഈസ്റ്റേൺ ക്രൂഡുമായി താരതമ്യപ്പെടുത്തുമ്പോൾ  എല്ലായ്പ്പോഴും ഇന്ത്യയെ സംബന്ധിച്ച് ലാഭകരമായ വിലയിൽ ലഭ്യമാകാനിടയില്ല. കൂടാതെ, ഇത് ഇന്ത്യയുടെ വ്യാപാര മിച്ചം കുറയ്ക്കാനുള്ള ഒരു സമ്മതമായി ചിലർ കണക്കാക്കുന്നു. കാരണം അമേരിക്കൻ ഉൽപ്പന്നങ്ങളിൽ ഉയർന്ന ഇറക്കുമതി തീരുവകൾ ചുമത്തുന്നതിനാൽ ഇന്ത്യയെ “ടാരിഫ് കിംഗ്” എന്ന്  പ്രസിഡന്റ് ട്രംപ് നിരന്തരം വിമർശിച്ചിരുന്നു. മറ്റൊരുവിഭാഗം ഇത് ഇന്ത്യയുടെ ഊർജ്ജ സ്രോതസുകൾ വൈവിധ്യമാർന്നതാക്കാനും, പ്രത്യേകിച്ച് വാഷിംഗ്ടണിൽ നിന്ന് പ്രത്യാഘാത തീരുവകളുടെ (reciprocal tariff) ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, യുഎസുമായി ബന്ധം ശക്തിപ്പെടുത്താനും പ്രായോഗികമായ ഒരു നീക്കമായി കണക്കാക്കുന്നു.  മറ്റൊരുവിഭാഗം ഇത് ഇന്ത്യയുടെ ഊർജ്ജ സ്രോതസുകൾ വൈവിധ്യമാർന്നതാക്കാനും, പ്രത്യേകിച്ച് വാഷിംഗ്ടണിൽ നിന്ന് പ്രത്യാഘാത തീരുവകളുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, യുഎസുമായി ബന്ധം ശക്തിപ്പെടുത്താനും പ്രായോഗികമായ ഒരു നീക്കമായി കാണുന്നു.
  • ഈ കരാർ ഇന്ത്യയ്ക്ക് ദീർഘകാല ഊർജ്ജവിതരണം ഉറപ്പാക്കാനും യുഎസുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്‌. ചെലവുസംബന്ധമായ ആശങ്കകൾ നിലനിൽക്കുമ്പോളും, ഇന്ത്യയ്ക്ക് ദീർഘകാല ഊർജ്ജവിതരണം ഉറപ്പാക്കാനും, യുഎസുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താനും ഈ കരാർ സഹായകരമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

അഭ്യന്തര വിമർശനങ്ങളും കുടിയേറ്റ പ്രശ്നങ്ങളും

  • അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള ട്രംപിന്റെ തീരുമാനത്തിനും അവരെ തിരിച്ചയക്കുന്ന രീതിക്കും ഇന്ത്യക്കകത്ത് നിന്ന് വ്യാപക വിമർശനങ്ങൾ ഉയരുന്നുണ്ട്. വിലങ്ങുകൾ അണിയിക്കപ്പെട്ട് കുടിയിറക്കപ്പെട്ട ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ തിരിച്ചയച്ചതിനെ ഇന്ത്യൻ ഗവൺമെന്റ് എതിർക്കാത്തതിൽ പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും ഉയർത്തിയ പ്രതിഷേധനങ്ങൾ കെട്ടടങ്ങുന്നതിന് മുൻപേ, മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് തൊട്ട് പിന്നാലെ, ഫെബ്രുവരി 15 നു, സമാനമായ രീതിയിൽ വിലങ്ങുകൾ അണിയിക്കപ്പെട്ട് കുടിയൊഴിക്കപ്പെട്ട  ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം അമൃത്സറിൽ പറന്നിറങ്ങി. ഇതു ചൂണ്ടിക്കാട്ടുന്നത് സ്വന്തം പൗരന്മാരെ ഇത്തരത്തിൽ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ അതിന്റെ നിലപാട് ചർച്ച ചെയ്തില്ല എന്നോ ഇനി അഥവാ ഈ കാര്യം ചർച്ചയായെങ്കിൽ അമേരിക്ക ഇന്ത്യയുടെ നിലപാടുകളെ ഒട്ടും ഗൗനിയ്ക്കുന്നില്ല  എന്ന വസ്തുതയിലേക്കാണ്. ഇത് നയതന്ത്ര വ്യാപാര ബന്ധങ്ങളിൽ അമേരിക്ക ആധിപത്യം പുലർത്തുന്നതിന്റെ സൂചനയായി വേണം കണക്കാക്കാൻ.

വ്യാപാര കരാറുകളുടെ അഭാവം

  • ദ്വിപക്ഷ വ്യാപാര സംരംഭത്തിൽ (BTI) ചർച്ചകൾ ആരംഭിച്ചെങ്കിലും വ്യക്തമായ കരാറുകൾ ഉണ്ടാക്കാൻ കഴിയാതെ പോയി.

സാങ്കേതിക ആശ്രയത്വം

  • പ്രതിരോധ ഇറക്കുമതികളിൽ കൂടുതൽ ശ്രദ്ധ നൽകിയതിലൂടെ സ്വദേശീയ നവീകരണ ലക്ഷ്യങ്ങൾക്ക് തടസ്സമുണ്ടാക്കുന്ന ആശ്രയത്വം തുടരുന്നു. തദ്ദേശീയമായ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി ഇന്ത്യ മന്ദീഭവിപ്പിക്കുകയാണോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.

വിസാ നയം

  • എച്ച്-1ബി വിസയുടെ പുതുക്കൽ നടപടികൾ ഇന്ത്യക്കാരായ പ്രൊഫഷണലുകൾക്ക് അനുകൂലമാകില്ലെന്നും, അമേരിക്കയുടെ തൊഴിൽ വിപണിയിൽ നിയമനങ്ങൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ വരുമെന്നും വിമർശനമുണ്ട്.

മോദിയുടെ സന്ദർശനം പ്രതിരോധ ബന്ധവും തന്ത്രപരമായ സഹകരണവും ശക്തിപ്പെടുത്താനുപകരിക്കുമെങ്കിലും വ്യാപാര പ്രശ്നങ്ങളും സാങ്കേതിക ആശ്രയത്വവും പരിഹരിക്കാൻ പര്യാപ്തമായില്ല. “MEGA” പങ്കാളിത്തത്തിലേക്ക് (Mutually Empowered Growth Agreement) മാറുന്ന ഈ ബന്ധത്തിന് കൂടുതൽ സമതുലിതമായ  സമീപനം ആവശ്യമാണ്. ഇന്ത്യൻ താല്പര്യങ്ങൾ ബലികഴിക്കുന്ന തരത്തിൽ അമേരിക്കൻ സ്വാധീനത്തിന് വശപ്പെട്ടുള്ളത് ആകരുത്.

Share.
Leave A Reply Cancel Reply

Exit mobile version
Privacy Overview

This website uses cookies so that we can provide you with the best user experience possible. Cookie information is stored in your browser and performs functions such as recognising you when you return to our website and helping our team to understand which sections of the website you find most interesting and useful.

Strictly Necessary Cookies

Strictly Necessary Cookie should be enabled at all times so that we can save your preferences for cookie settings.