തിരുവനന്തപുരം – ഇന്ത്യയുടെ ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ച നടൻ മോഹൻലാലിനെ ആദരിക്കുന്നതിന് കേരള സർക്കാർ വിപുലമായ ഒരു ആഘോഷം സംഘടിപ്പിക്കുന്നു.
‘മലയാളം വാനോളം, ലാൽ സലാം’ എന്ന പേരിൽ നടക്കുന്ന ഈ ചടങ്ങ് ഒക്ടോബർ 4-ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ മോഹൻലാലിനെ ആദരിക്കും. ഇന്ത്യൻ സിനിമാരംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും എന്ന് സാംസ്കാരികകാര്യ മന്ത്രി സജി ചെറിയാൻ അറിയിച്ചു.
ഫെലിസിറ്റേഷൻ ചടങ്ങിന് പിന്നാലെ ടി. കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ‘ആടാം നമ്മുക്ക് പാടാം’ എന്ന സംഗീത പരിപാടി അരങ്ങേറും. മോഹൻലാൽ അഭിനയിച്ച സിനിമകളിലെ ജനപ്രിയഗാനങ്ങൾ ഉൾപ്പെടുത്തി ഒരുക്കുന്ന ഈ പരിപാടി ചടങ്ങിന് നിറക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു.
മോഹൻലാൽ തന്റെ അമ്പത് വർഷത്തെ അഭിനയജീവിതത്തിൽ മലയാള സിനിമയുടെ കലാത്മകവും വാണിജ്യപരവുമായ വളർച്ചയിൽ വലിയ പങ്കുവഹിച്ചു എന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യൻ ചലച്ചിത്രലോകത്തിലെ മികവുറ്റ നടന്മാരുടെ നിരയിൽ ആണ് മോഹൻലാലിന് സ്ഥാനം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിപുലമായ പൊതുജന പങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും മുൻകരുതലുകളും ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു.
