സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. നിങ്ങളുടെ അക്കൗണ്ടുകൾ നിങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും, നിങ്ങളുടെ വ്യക്തിപരമായ ഇഷ്ടങ്ങളും രാഷ്ട്രീയ കാഴ്ചപ്പാടുകളും, നിങ്ങളുടെ ചിന്തകളും വാക്കുകളും രേഖപ്പെടുത്തിയിരിക്കുന്ന ഒരു ഡയറി ആയിരിക്കും. സോഷ്യൽ മീഡിയ നിങ്ങളെ ആജീവനാന്തം ഗവൺമെന്റിന്റെ നിരീക്ഷണത്തിൽ ജീവിക്കാൻ നിർബന്ധിതനാക്കുകയും, നിങ്ങളുടെ ചിന്താ സ്വാതന്ത്യ്രം തടസ്സപ്പെടുത്തുകയും ചെയ്യും.
കാനഡ ഫെഡറൽ തിരഞ്ഞെടുപ്പ് സമയത്തെ സംഭവവികാസങ്ങൾ
കാനഡ ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്സോഷ്യൽ മീഡിയയിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ നാലു സ്ഥാനാർത്ഥികൾക്കു — മൂന്നു കൺസർവേറ്റീവ് സ്ഥാനാർത്ഥികളും ഒരാൾ ലിബറൽ സ്ഥാനാർത്ഥിയും —സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ടു.
- ലിബറൽ സ്ഥാനാർത്ഥി പോൾ ചിയാങ് (Paul Chiang) മുൻകാലത്ത് ഒരു കൺസർവേറ്റീവ് സ്ഥാനാർത്ഥിയെ കുറിച്ച് നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരിൽ തന്റെ പുനർതെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിൻ മാറുന്നെന്ന് പ്രഖ്യാപിച്ചു.
- കൺസർവേറ്റീവ് പാർട്ടി സ്ഥാനാർത്ഥി മാർക്ക് മക്കൻസി(Mark McKenzie) 2022-ലെ ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ ‘പൊതു തൂക്കിക്കൊല്ലലിനെ’പിന്തുണയ്ക്കുന്ന അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിന്റെ പേരിൽ മത്സരത്തിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു.
- കൺസർവേറ്റീവ് സ്ഥാനാർത്ഥി സ്റ്റീഫൻ മാർക്വിസ് (Stefan Marquis) അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കാരണം കാണിച്ച് പാർട്ടി തന്നെ മത്സരത്തിൽ നിന്ന് പിൻവലിച്ചു.
- കൺസർവേറ്റീവ് പാർട്ടി ബ്രിട്ടീഷ് കൊളംബിയയിലെ ബർണബി റൈഡിംഗിലെ സ്ഥാനാർത്ഥിയായ ലോറൻസ് സിംഗിനെ ഔദ്യോഗികമായി ഒരു കാരണവും വിശദീകരിക്കാതെ തന്നെ മത്സരത്തിൽ നിന്ന് പിൻവലിച്ചു.
കാനഡയിലെ കുടിയേറ്റക്കാർക്കു മേലുള്ള സോഷ്യൽ മീഡിയ നിരീക്ഷണം
കാനഡയിലെ Immigration, Refugees and Citizenship Canada (IRCC), Canada Border Services Agency (CBSA) എന്നിവ വിദേശീയർ നൽകുന്ന അപേക്ഷകളുടെ വിവരങ്ങൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെയും പൊതുഡൊമെയിനിലെയും വിവരങ്ങളുമായി താരതമ്യം ചെയ്യാറുണ്ട്.
അപേക്ഷാ വിവരങ്ങളിലെയും ഇന്റർനെറ്റിലെയും വിവരങ്ങളിൽ വ്യത്യാസം കണ്ടെത്തിയാൽ, അത് വിസ നിരസിക്കുനുള്ള കാരണമായി മാറാം. ഇത് 5 വർഷം വരെ യാത്രാവിലക്കിനുംകാരണമാകാം —കാനഡയിൽ പ്രവേശനം വരെ നിഷേധിക്കാം.
കുടിയേറ്റ അപേക്ഷയിലോ മറ്റു രേഖകളിലോ തെറ്റായ വിവരങ്ങൾ നൽകുന്നത് (Misrepresentation) ഗുരുതരമായ കുറ്റമാണ്. - 5 വർഷത്തേക്ക് കാനഡയിൽ പ്രവേശനം നിരോധിക്കപ്പെടും.
- “തട്ടിപ്പുകാരൻ” (fraud) എന്ന പദവി നിങ്ങളുടെ പേരിനു കൂടെയുണ്ടാകും.
- കാനഡയിലെ പൗരത്വം/ PR നഷ്ടപ്പെടാം.
- കുറ്റകൃത്യത്തിന് കുറ്റം ചുമത്തിയേക്കാം.
- കാനഡയിൽ നിന്നു നാടുകടത്തപ്പെടാം.
അതിനാൽ, വളരെ സൂക്ഷ്മതയോടെ അപേക്ഷകളിൽ എല്ലാ വിവരങ്ങളും സത്യസന്ധമായി രേഖപ്പെടുത്തണം. മാറുന്ന വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്തെന്നു ഉറപ്പാക്കണം.
IRCC യുടെ ‘Privacy Impact Assessment (PIA)’ എന്ന AI അടിസ്ഥാനമാക്കിയുള്ള ഒരു സംവിധാനമാണ് സാമൂഹിക മാധ്യമ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത്.പൊതുചർച്ചകൾ, ഫോറം ചർച്ചകൾ, സോഷ്യൽ മീഡിയ സന്ദേശങ്ങൾ എന്നിവയെല്ലാം അന്വേഷണത്തിന് വിധേയമാണ്.
അമേരിക്കയിലെ സോഷ്യൽ മീഡിയ നിരീക്ഷണം - സോഷ്യൽ മീഡിയ അമേരിക്കൻ നിയമ നടപ്പാക്കൽ ഏജൻസികൾക്കും ഇന്റലിജൻസ് വകുപ്പുകൾക്കും പ്രധാനമായ വിവര ഉറവിടമായി മാറിയിരിക്കുന്നു. ഒരു വ്യക്തിയുടെവ്യക്തിഗത വിശ്വാസങ്ങൾ, കുടുംബ ബന്ധങ്ങൾ, ആരോഗ്യനില, ലൈംഗികപരമായ വിവരങ്ങൾ മുതലായവസോഷ്യൽ മീഡിയയിൽ നിന്ന് കണ്ടെത്താൻ കഴിയും.
2025 മാർച്ച് 5 മുതൽ, അമേരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) എല്ലാ യാത്രക്കാരുടെയും കുടിയേറ്റക്കാരുടെയുംസോഷ്യൽ മീഡിയ അക്കൗണ്ടുകൾ പരിശോധിച്ച് സുരക്ഷാ ഭീഷണിയാണോ എന്ന് വിലയിരുത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. അമേരിക്കൻ വിസാ അപേക്ഷകളിൽ അപേക്ഷകന്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിവരങ്ങൾ നൽകണം എന്ന നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
നിങ്ങളുടെ സുഹൃത്തുക്കൾ/കുടുംബാംഗങ്ങൾ വിദേശത്ത് താമസിക്കുകയാണെങ്കിൽ നിങ്ങളുടെ സോഷ്യൽ മീഡിയയിൽ നിങ്ങൾ ചെയ്യുന്ന കമന്റുകൾ, ഷെയറുകൾ, ഫോർവേഡുകൾ എന്നിവ അവർക്കു ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കാം.
സൂക്ഷ്മത പുലർത്തേണ്ടത് എങ്ങനെ?
- നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ എല്ലാ വിവരങ്ങളും കൃത്യമായി പരിശോധിക്കുക.
- വിസാ അപേക്ഷയിലോ PR അപേക്ഷയിലോ നിങ്ങൾ നൽകുന്ന എല്ലാ വിവരങ്ങളും നിങ്ങളുടെ സോഷ്യൽ മീഡിയയിലേതുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കുക.
- വ്യക്തിപരമായ വിവരങ്ങൾ പബ്ലിക് പ്രൊഫൈലുകളിൽ പങ്കിടുന്നത് പരമാവധി ഒഴിവാക്കുക.
- രാജ്യത്ത് നിയമവിരുദ്ധമെന്ന് കണക്കാക്കാവുന്ന വാക്കുകളും സന്ദേശങ്ങളും പ്രചരിപ്പിക്കാതിരിക്കുക.
- നിങ്ങളുടെ കുടുംബം, സുഹൃത്തുക്കൾ, കുട്ടികൾ എന്നിവർ വിദേശത്ത് താമസിക്കുന്നെങ്കിൽ, നിങ്ങളുടെ അഭിപ്രായങ്ങൾ അവരെ ബാധിക്കാമെന്നു മനസ്സിലാക്കുക.
അതിനാൽ സോഷ്യൽ മീഡിയയിൽ പങ്കിടുന്ന എല്ലാ കാര്യങ്ങളിലും ജാഗ്രത പുലർത്തുക. നിങ്ങളുടെ ജീവിതത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാവുന്ന ഒരു ചെറിയ തെറ്റും ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക!
സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോൾ രാഷ്ട്രീയം, മതം, വംശീയത തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങളിൽ ശ്രദ്ധിക്കുക. പഴയ പോസ്റ്റുകൾ നീക്കം ചെയ്തിരുന്നാലും – ഇപ്പോഴും നിങ്ങളെ പിന്തുടരാം!
നിങ്ങളുടെ കുട്ടികൾ, സഹോദരങ്ങൾ, ജീവിതപങ്കാളി, ബന്ധുക്കൾ അല്ലെങ്കിൽ സുഹൃത്തുക്കൾ വിദേശത്ത് താമസിക്കുന്നുവെങ്കിൽ, നിങ്ങളുടെ സോഷ്യൽ മീഡിയ അഭിപ്രായങ്ങളും ഫോർവേഡുകളും അവർക്ക് ദോഷകരമാകാം.”
Ads
