ടൊറോന്റോ: കാനഡയിലെ പ്രശസ്തമായ ഇൻവെസ്റ്റ്മെന്റ് പ്ലാറ്റ്ഫോം വെൽത്ത്സിംപിളിന് വാരാന്ത്യത്തിൽ ഉണ്ടായ സൈബർ സുരക്ഷാ ചോർച്ചയിൽ ചില ക്ലയന്റുകളുടെ സുപ്രധാന വ്യക്തിഗത വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിച്ചു.
ലീക്കിൽ ഉൾപ്പെട്ടത് സോഷ്യൽ ഇൻഷുറൻസ് നമ്പറുകൾ (SINs), സർക്കാർ തിരിച്ചറിയൽ രേഖകൾ, അക്കൗണ്ട് നമ്പറുകൾ, ഐ.പി. അഡ്രസുകൾ തുടങ്ങിയവയാണ്. എന്നാൽ ക്ലയന്റുകളുടെ ഫണ്ടുകളോ നിക്ഷേപങ്ങളോ ഒന്നും നഷ്ടമായിട്ടില്ലെന്നും എല്ലാ അക്കൗണ്ടുകളും സുരക്ഷിതമാണെന്നും കമ്പനി വ്യക്തമാക്കി.
വെൽത്ത്സിംപിൾ പ്രസ്താവനയിൽ പറഞ്ഞു: “ഞങ്ങൾ അതിവേഗം പ്രവർത്തിച്ചു, കുറച്ച് മണിക്കൂറുകൾക്കുള്ളിൽ പ്രശ്നം നിയന്ത്രണവിധേയമായി. പുറമെ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെ ഞങ്ങളുടെ സുരക്ഷാ സംഘം സമഗ്രമായ അന്വേഷണം ആരംഭിച്ചു.”
ആരെയൊക്കെ ബാധിച്ചു?
കമ്പനിയുടെ കണക്കുകൾ പ്രകാരം, മൊത്തം 30 ലക്ഷം ക്ലയന്റുകളിൽ 1 ശതമാനത്തിൽ കുറവ് ആളുകളെയാണ് ഈ ചോർച്ച ബാധിച്ചിരിക്കുന്നത്. നേരിട്ട് ബാധിച്ചവർക്കു ഇമെയിൽ വഴി അറിയിപ്പ് നൽകിയിട്ടുണ്ട് എന്ന് വെൽത്ത്സിംപിൾ പറഞ്ഞു. ഇമെയിൽ ലഭിച്ചിട്ടില്ലെങ്കിൽ, ആ വ്യക്തിക്ക് ചോർച്ച ബാധിച്ചിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.
സുരക്ഷാ നടപടികളും സഹായവും
വെൽത്ത്സിംപിൾ സംഭവത്തിന് ശേഷം സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി. കൂടാതെ ബാധിതർക്കായി കമ്പനി 2 വർഷത്തേക്ക് സൗജന്യ ക്രെഡിറ്റ് മോണിറ്ററിംഗ്, ഡാർക്ക് വെബ് നിരീക്ഷണം, ഇൻഷുറൻസ്, ഐഡന്റിറ്റി തട്ടിപ്പ് സംരക്ഷണം തുടങ്ങിയ സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
കമ്പനി മുഴുവൻ ക്ലയന്റുകളോടും ക്ഷമാപണം ചെയ്ത്, “വ്യക്തിഗത ഡാറ്റയിലേക്കുള്ള ഭീഷണികൾ ആളുകളിൽ വലിയ ആശങ്ക സൃഷ്ടിക്കാം. എന്നാൽ നിങ്ങളുടെ പണം സുരക്ഷിതമാണ്,” എന്ന് ഉറപ്പ് നൽകി.
