എഡ്മണ്ടൻ, സെപ്റ്റംബർ 11, 2025: കാനഡയുടെ സാമ്പത്തിക വളർച്ചയ്ക്കും അമേരിക്കയുമായുള്ള സാമ്പത്തിക ആശ്രിതത്വം കുറയ്ക്കുന്നതിനുമായി പ്രധാനമന്ത്രി മാർക്ക് കാർണി അഞ്ച് പ്രധാന “നാഷണൽ ഇന്ററസ്റ്റ്” പദ്ധതികൾ പ്രഖ്യാപിച്ചു. എഡ്മണ്ടനിൽ നടന്ന വാർത്താസമ്മേളനത്തിൽ, ഈ പദ്ധതികൾ രാജ്യത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം ശക്തിപ്പെടുത്താനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതികൾ ബിൽഡിംഗ് കാനഡ ആക്റ്റിന് കീഴിലുള്ള മേജർ പ്രോജക്റ്റ്സ് ഓഫീസിലേക്ക് അംഗീകാരത്തിനായി അയക്കും. രണ്ട് വർഷത്തിനുള്ളിൽ അനുമതി ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
പ്രഖ്യാപിത പദ്ധതികൾ:
- എൽ എൻ ജി കാനഡ ഫേസ് II (കിറ്റിമാറ്റ്, ബ്രിട്ടീഷ് കൊളംബിയ)
കാനഡയുടെ ആദ്യത്തെ വൻതോതിലുള്ള ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) കയറ്റുമതി കേന്ദ്രമായ എൽ എൻ ജി കാനഡയുടെ ഉൽപ്പാദന ശേഷി ഇരട്ടിപ്പിക്കുന്നതിനുള്ള പദ്ധതി. ഈ വിപുലീകരണം കാനഡയെ “ഊർജ്ജ രംഗത്തെ സൂപ്പർപവർ” ആക്കി മാറ്റുമെന്നും യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലേക്ക് കുറഞ്ഞ കാർബൺ ഊർജ്ജം എത്തിക്കാൻ പര്യാപ്തമാക്കുമെന്നും കാർണി പറഞ്ഞു. - റെഡ് ക്രിസ് മൈൻ വിപുലീകരണം (വടക്കുപടിഞ്ഞാറൻ ബ്രിട്ടീഷ് കൊളംബിയ)
ഡീസ് ലേക്കിന് 80 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന ഈ സ്വർണ-ചെമ്പ് ഖനിയുടെ വിപുലീകരണം ലക്ഷ്യമിടുന്നു. ഖനന രീതി ഓപ്പൺ-പിറ്റിൽ നിന്ന് ബ്ലോക്ക്-കേവ് രീതിയിലേക്ക് മാറ്റും. ഇത് കാനഡയുടെ ചെമ്പ് ഉൽപ്പാദനം 15 ശതമാനം വർദ്ധിപ്പിക്കുകയും ഖനിയുടെ ആയുസ്സ് ഒരു ദശാബ്ദത്തിലേറെ നീട്ടുകയും ചെയ്യും. - മക്ഇൽവെന്ന ബേ കോപ്പർ മൈൻ (സസ്കാച്വാൻ)
സസ്കാച്വാനിലെ ക്രെയ്റ്റനിന് 65 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ ചെമ്പ്-സിങ്ക് ഖനി, ലോകത്തിലെ ആദ്യത്തെ കാർബൺ-ന്യൂട്രൽ ചെമ്പ് പദ്ധതിയാക്കാൻ ലക്ഷ്യമിടുന്നു. കാനഡയുടെ ധാതുസമ്പത്തിന്റെ പ്രധാന മേഖലയിലെ ഈ പദ്ധതി സുപ്രധാനമാണ്. - ഡാർലിംഗ്റ്റൺ ന്യൂ ന്യൂക്ലിയർ പ്രോജക്ട് (ക്ലാരിംഗ്ടൺ, ഒന്റാറിയോ)
കാനഡയുടെ ആദ്യത്തെ ചെറുകിട മോഡുലാർ റിയാക്ടർ (SMR) പദ്ധതി. ഈ പദ്ധതി ശുദ്ധവും സുസ്ഥിരവുമായ ഊർജ്ജോൽപ്പാദനം പ്രോത്സാഹിപ്പിക്കുകയും കാനഡയുടെ കാലാവസ്ഥാ ലക്ഷ്യങ്ങൾക്ക് അനുയോജ്യമായതുമായിരിക്കും. - കോൺട്രെക്കോർ ടെർമിനൽ (മോൺട്രിയാൽ, ക്യൂബെക്)
മോൺട്രിയാലിന്റെ തുറമുഖത്തിന്റെ ശേഷി 60 ശതമാനം വർദ്ധിപ്പിക്കുന്നതിനുള്ള കണ്ടെയ്നർ ടെർമിനൽ വിപുലീകരണം. ഇത് കാനഡയുടെ ഷിപ്പിംഗ്, ലോജിസ്റ്റിക്സ് മേഖലയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു.
അധിക പദ്ധതികൾ
അടുത്ത ഘട്ടത്തിൽ പരിഗണിക്കുന്ന മറ്റ് പദ്ധതികളുടെ ഒരു പട്ടികയും കാർണി പ്രഖ്യാപിച്ചു. ഇതിൽ അറ്റ്ലാന്റിക് കാനഡയിലെ കാറ്റാടി ഊർജ്ജ പദ്ധതികൾ, ആൽബർട്ടയിലെ പാത്വേസ് പ്ലസ് കാർബൺ ക്യാപ്ചർ പദ്ധതി, ആർട്ടിക് സാമ്പത്തിക-സുരക്ഷാ കോറിഡോർ, ചർച്ചിൽ തുറമുഖത്തിന്റെ നവീകരണം, വടക്കൻ കാനഡയിലെ ആൾ വെതർ റോഡ് അടിസ്ഥാനസൗകര്യങ്ങൾ (All Weather Road Infrastructure), ടൊറന്റോ-ക്യൂബെക് സിറ്റകൾക്കിടയിലെ ആൾട്ടോ ഹൈ-സ്പീഡ് റെയിൽ കോറിഡോർ എന്നിവ ഉൾപ്പെടുന്നു.
പദ്ധതികളുടെ പ്രാധാന്യം
ഈ പദ്ധതികൾ കാനഡയുടെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, ആഗോള വിപണികളിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. “ഈ പദ്ധതികൾ കാനഡയെ ശക്തവും സ്വതന്ത്രവുമായ ഒരു സാമ്പത്തിക ശക്തിയാക്കി മാറ്റും,” കാർണി പറഞ്ഞു. “ഈ പദ്ധതികളുടെ നിർമാണത്തിന് ഞങ്ങൾ കനേഡിയൻ ഉരുക്ക്, മരം, അലുമിനിയം, കനേഡിയൻ തൊഴിലാളികൾ, എഞ്ചിനീയർമാർ എന്നിവയായിരിക്കും ഉപയോഗപ്പെടുത്തുക.” അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, ഈ പദ്ധതികൾ തദ്ദേശീയ ജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങൾക്ക് യോജിച്ചതും കാലാവസ്ഥാ ലക്ഷ്യങ്ങളുമായി യോജിക്കുന്നതുമാണെന്ന് കാർണി ഊന്നിപ്പറഞ്ഞു.
“പരിതാപകര”മെന്ന് പിയർ പൊലിയേവ്
കനേഡിയൻ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയർ പൊലിയേവ് പ്രധാനമന്ത്രി കാർണിയുടെ പ്രഖ്യാപനത്തെ “പരിതാപകരം” (pathetic) എന്ന് വിമർശിച്ചു. ഈ പ്രഖ്യാപനം “പദ്ധതികളുടെ ഒരു സ്വപ്നപട്ടിക മാത്രമാണ്” എന്നും, യഥാർത്ഥ പുരോഗതിക്ക് സഹായിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാർണിയുടെ ഭരണത്തിൽ കാനഡ 86,000 തൊഴിലുകൾ നഷ്ടപ്പെടുത്തി, 62 ബില്യൺ ഡോളർ നിക്ഷേപം നഷ്ടമായി, ജി7 രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ സാമ്പത്തികം ചുരുങ്ങുന്നുവെന്നും പൊലിയേവ് ചൂണ്ടിക്കാട്ടി. ഈ പദ്ധതികൾ ഇനിയും പൂർണ പ്രവർത്തനക്ഷമത കൈവരിക്കാത്ത ഓഫീസിലേക്ക് പരിഗണനയ്ക്കായി അയക്കപ്പെടുന്നത് പദ്ധതികൾ കൂടുതൽ വൈകിപ്പിക്കുമെന്നും അദ്ദേഹം വിമർശിച്ചു. പകരം, അദ്ദേഹത്തിന്റെ “വൺ-അൻഡ്-ഡൺ” നിയമവും കനേഡിയൻ sovereignity Act എന്നിവ പോലുള്ള ഉറച്ച നടപടികൾ വേണമെന്ന് പൊലിയേവ് ആവശ്യപ്പെട്ടു. “ഭരണകൂടം നിർമാണപ്രവർത്തനങ്ങൾ വഴിമുടക്കുന്നത് നിർത്തണമെന്നും” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേ സമയം ഈ വിഷയത്തിൽ തദ്ദേശീയ ജനവിഭാഗങ്ങളുടെ കൂടുതൽ പ്രതികരണങ്ങളും, സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ നിന്നുള്ള വിദഗ്ധാഭിപ്രായങ്ങളും, വിശകലനങ്ങളും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.
