കിച്ചനർ-വാട്ടർലൂ: സതേൺ ഒന്റേറിയോ ക്രിക്കറ്റ് അസോസിയേഷൻ (SOCA) സംഘടിപ്പിച്ച പ്രീമിയർ ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്രാൻഡ് റിവർ റൈനോസ് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ കിച്ചനർ വൂൾവ്സിനെ 30 റൺസിനാണ് റൈനോസ് പരാജയപ്പെടുത്തിയത്.
മത്സരത്തിൽ ഗോകുൽ മാത്തിബാലൻ സുന്ദരമായ ബാറ്റിങ്ങ് പ്രകടനം കാഴ്ചവെച്ചു. 31 പന്തിൽ നിന്ന് 65 റൺസ് നേടിയ ഗോകുൽ മാൻ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ക്യാപ്റ്റൻ നിർമൽ 30 പന്തിൽ 51 റൺസ് നേടി ടീമിന് മികച്ച തുടക്കം നല്കി. ബൗളിംഗിൽ കൈലാസ് 3 വിക്കറ്റ് നേടി കിച്ചനർ വൂൾവ്സിന്റെ റൺറേറ്റ് കുറയ്ക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ജോൺ ജോൺസൺ 34 വിക്കറ്റ് നേടി സീസണിലെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായി ശ്രദ്ധ നേടി.
ശ്യാം ബാബുവിന്റെയും രാജീവ് പിള്ളയുടെയും നേതൃത്വത്തിലുള്ള ഗ്രാൻഡ് റിവർ റൈനോസ് സ്പോർട്സ് ക്ലബിന്റെ ഭാഗമായി പ്രവർത്തിക്കുന്നതാണ് ഗ്രാൻഡ് റിവർ റൈനോസ് ടീം. ടീമിന്റെ ഈ വിജയം മലയാളി കായികപ്രേമികൾക്ക് അഭിമാനകരമായ നേട്ടമാണ്.
